തമിഴകത്തെ സിനിമാകുടുംബങ്ങളിൽ പ്രമുഖരാണ് ഹാസൻ കുടുംബം. കമൽഹാസൻ, ചാരുഹാസൻ, സുഹാസിനി, അനു ഹാസൻ, ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നു തുടങ്ങി സൗത്തിന്ത്യൻ സിനിമാലോകത്തിനു ഒരുപിടി പ്രതിഭകളെ സമ്മാനിച്ച കുടുംബം.
ബാലതാരമായി അഭിനയജീവിതം ആരംഭിച്ച കമൽഹാസന് ഏറ്റവും വലിയ പിന്തുണ നൽകിയത് സഹോദരൻ ചാരുഹാസനായിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും കമൽഹാസന്റെ സന്തതസഹചാരിയും കെയർ ടേക്കറുമായിരുന്നു ചാരുഹാസൻ. ജേഷ്ഠൻ എന്നതിനപ്പുറം അച്ഛന്റെ സ്ഥാനമാണ് ചാരുഹാസന്, ഇരുവരും തമ്മിൽ ഏതാണ്ട് 24 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്.
കമൽഹാസനെ വളർത്തിയത് ചാരുഹാസനും അദ്ദേഹത്തിന്റെ ഭാര്യ കോമളവും ചേർന്നാണ് എന്നു തന്നെ പറയാം. കമൽഹാസൻ ‘മന്നി’ എന്നു വിളിക്കുന്ന കോമളം കമൽഹാസന് അമ്മയുടെ സ്ഥാനത്തു നിൽക്കുന്ന വ്യക്തിയാണ്. കമൽഹാസൻ ജീവിതത്തിൽ ഏറെ ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് ‘മന്നി’. ഉലകനായകന്റെ പ്രിയപ്പെട്ട ചേട്ടത്തിയമ്മ ചെന്നൈയിലെ മുഴുവൻ സിനിമാക്കാരുടെയും മന്നിയാണ്. സിനിമാലോകത്തിന് ഏറെ സുപരിചിതയാണ് ഇവർ.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നോമിനേഷൻ നൽകാൻ പോവുന്നതിനു മുൻപും മന്നിയുടെ കാൽതൊട്ട് ആശീർവാദം വാങ്ങിക്കാൻ കമൽഹാസൻ മറന്നില്ല. സുഹാസിനിയും കമൽ ഹാസന്റെ മകൾ അക്ഷരയുമെല്ലാം ചടങ്ങിന് സാക്ഷിയാവാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സുഹാസിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
അടുത്തിടെ ‘പുത്തം പുതു കാലൈ’ എന്ന ആന്തോളജിയുടെ ഭാഗമായി സുഹാസിനി സംവിധാനം ചെയ്ത ‘കോഫി, എനിവൺ?’ എന്ന സിനിമയിൽ കോമളം ഹാസനും അഭിനയിച്ചിരുന്നു. സുഹാസിനിയുടെ അമ്മ വേഷം തന്നെയാണ് അവർ അവതരിപ്പിച്ചത്. ചാരുഹാസന്റെയും കമൽഹാസന്റെയും സഹോദരൻ ചന്ദ്രഹാസന്റെ മകളും നടിയുമായ അനു ഹാസൻ, കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
Read more: നിങ്ങളില്ലെങ്കില്‍ ഞാനില്ല കമല്‍; കമൽഹാസന്റെ കാല് തൊട്ടുവന്ദിച്ച് സുഹാസിനി