അഭിനയം, നൃത്തം, സംവിധാനം, ആലാപനം, അവതരണം അങ്ങനെ അദ്ദേഹത്തിനു വഴങ്ങാത്തതായി എന്തുണ്ട്? സിനിമ ലോകത്ത് ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെയാണ് സകല കലാവല്ലഭന്നെന്നു കമലഹാസനെ വിശേഷിപ്പിക്കുന്നത്. ഉലകനായകന് കമലഹാസന്റെ 68-ാം പിറന്നാളാണിന്ന്. സിനിമാ ലോകത്തിനു ഒട്ടനവധി കഥാപാത്രങ്ങള്‍ സംഭാവന ചെയ്ത ഈ അഭിനയകുലപതി ഇന്നലെ ഒരു ഗംഭീര പ്രഖ്യാപനവും നടത്തിയിരുന്നു. 1987 പുറത്തിറങ്ങിയ ‘നായകന്’ നു ശേഷം ഹിറ്റ്മേക്കര് മണിരത്നത്തിനൊപ്പം കമലഹാസന് വീണ്ടും ഒന്നിക്കുകയാണ്. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മജീഷ്യന്മാര് ഒന്നിക്കുമ്പോള്‍ പുറത്തുവരാന്‍ പോകുന്ന ആ മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘കെ എച്ച് 234’ എന്നു പേരു നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.
നടിയും ബന്ധുവുമായ സുഹാസിനി താരങ്ങളായ കാളിദാസ്, പൃഥ്വിരാജ്, ജയറാം, തൃഷ, ജയസൂര്യ എന്നിവര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.


പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സമ്മാനവും കമലഹാസന് ആരാധകര്‍ക്കു നല്‍കുന്നുണ്ട്. സൂപ്പര്‍ ഹിറ്റ് കമലഹാസന് ചിത്രമായ ‘ഇന്ത്യന്‍’ ന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണത്. സംവിധായകന് ശങ്കറാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
കമലഹാസന് അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അണിയറ പ്രവര്‍ത്തകരും പിറന്നാള്‍ ആഘോഷമാക്കിയിരുന്നു.
1960 പുറത്തിറങ്ങിയ ‘ കളത്തൂർ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായാണ് കമലഹാസന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ പ്രെസിഡന്ഡിന്റെ ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയ ആ ബാലന് പിന്നീട് താന്‍ കൈവച്ച മേഖലയിലൊക്കെ വിസ്മയങ്ങള്‍ തീര്‍ത്തു. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘ അപൂര്‍വ്വ രാഗങ്ങള്‍’ എന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയ കമലഹാസന് പിന്നീട് ‘മൂണ്ട്രം പിറയ്’, ‘സ്വാതി മുത്യം’, ‘നായകന്’, ‘ ഇന്ത്യന്‍’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി. 230 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച കമലഹാസന് സിനിമയില്‍ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്മാരിലൊരാളാണ്.
വിശ്വരൂപം, ഹേയ് റാം, വീരുമാണ്ടി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമലഹാസന് മലയാളത്തില്‍ ‘കണ്ണും കരളും’, ‘പ്രതികാരം’, ‘ കന്ന്യാകുമാരി’, വിഷ്ണു വിജയം’, ‘ഞാന്‍ നിന്നെ പ്രേമിക്കുന്നു’, തിരുവോണം’, ‘മറ്റൊരു സീമ’ തുടങ്ങി നാല്പതോളം ചിത്രങ്ങളിലൂടെ മലയാള സിനിമയിലും തന്റെ സാന്നിധ്യ അറിയിച്ചു.തന്റെ നിലപാടുകള്‍ വ്യക്തമാക്കിയതു വഴി രാഷ്ട്രീയത്തിലും കമലഹാസന് നിറഞ്ഞു നില്ക്കുന്നു.ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘വിക്രം’ ആണ് കമലഹാസന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കമലഹാസന് തന്നെ നിര്‍മ്മിച്ച ചിത്രം 500 കോടിയാണ് നേടിയത്.