ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കമൽഹാസൻ. മൂന്നു കുടുംബങ്ങൾക്കും കൂടി ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കോടി നഷ്ടപ്പെട്ട ജീവനുകൾക്ക് പകരമല്ലെന്ന് അറിയാം. ചലച്ചിത്രമേഖലയിലെ മൂവരുടെയും കഠിനാധ്വാനം അളക്കാനാവാത്തതാണ്. നഷ്ടം തന്റെ കുടുംബത്തിലെ നഷ്ടങ്ങളിലൊന്നായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഷൂട്ടിങ് സെറ്റുകളിൽ സുരക്ഷ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അപകടത്തിൽനിന്നും താനും സംവിധായകനും രക്ഷപ്പെട്ടതെന്നും കമൽ വ്യക്തമാക്കി.

Read Also: ഒരു നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു: അപകടത്തെക്കുറിച്ച് കാജല്‍ അഗര്‍വാള്‍

കമൽഹാസന്റെ പുതിയ ചിത്രം ‘ഇന്ത്യൻ 2’ ന്റെ സെറ്റിൽ ക്രെയിൻ തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിലാണ് സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹസംവിധായകന്‍ ചന്ദ്രന്‍ (60) എന്നിവർ മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. ക്രെയിനിന്റെ അടിയിൽ പെട്ട് മൂന്ന് പേർ തൽക്ഷണം മരിക്കുകയായിരുന്നു. സംവിധായകൻ ശങ്കർ ഉൾപ്പെടെ പത്ത് പേർക്ക് പരുക്കേറ്റു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലാണ് അപകടം നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook