തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസ്സുകാരൻ സുജിത്ത് വിത്സനു വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ദീപാവലി ആഘോഷങ്ങൾക്കിടയിലും രാജ്യം. ഇപ്പോഴിതാ, സുജിത്തിനു വേണ്ടി പ്രാർത്ഥനകളുമായി രംഗത്തെത്തിയിരിക്കുകയാണ് രജനീകാന്തും കമൽഹാസനും.

സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഞ്ഞിനെ അതുവഴി പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തിരുച്ചിറപ്പള്ളി-നാടുകാട്ടുപ്പട്ടിയില്‍ പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ കുഴിയിൽ വീണത്.

ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് 70 അടിയോളം താഴ്ചയിലേക്കു പോയിരുന്നു. ഇതിനിടെ ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല. നിലവില്‍ 100 അടിയോളം താഴ്ചയിലാണ് കുട്ടിയുള്ളത്.

രക്ഷാപ്രവര്‍ത്തനത്തിനായി അയല്‍ജില്ലകളില്‍ നിന്നു കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ എത്തിയിട്ടുണ്ട്. 60 അടിയോളം വരെ മൈക്രോ ക്യാമറ എത്തിക്കാനായിട്ടുണ്ട്. ഇതുവഴിയാണു കുട്ടിയെ നിരീക്ഷിക്കുന്നത്. കുട്ടി ശ്വസിക്കുന്നത് മൈക്രോ ക്യാമറയിലൂടെ അറിയാനാവുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ മാധ്യമങ്ങളെ അറിയിച്ചു. വിജയഭാസ്‌കറെ കൂടാതെ ടൂറിസം മന്ത്രി വി. നടരാജന്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രി വലാര്‍മതി തുടങ്ങിയവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook