ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച തോല്‍വിയില്‍ പ്രിതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ രംഗത്ത്. അവസാന നിമിഷത്തിലാണ് കമലഹാസന്‍ പിന്നിലേക്ക് പോയത്. കോയമ്പത്തൂര്‍ നോര്‍ത്തില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കേവലം 1,500 വോട്ടിനാണ് തോല്‍വി നേരിട്ടത്. ഇതോടെ ഒരു സീറ്റ് പോലും നേടാനാവാതെ മക്കള്‍ നീതി മയ്യത്തിന് തിരഞ്ഞെടുപ്പ് അവസാനിപ്പിക്കേണ്ടി വന്നു.
“ജനവിധി അംഗീകരിക്കുന്നു. വോട്ട് ചെയ്തവര്‍ക്ക് നന്ദി. തമിഴ്നാടിനെ തിരിച്ചറിയു എന്നത് വെറുമൊരു തിരഞ്ഞെടുപ്പ് മുദ്രാവാക്യം അല്ല. അത് മക്കള്‍ നീതി മയ്യത്തിന്റെ സ്വപ്നമാണ്. മണ്ണിന്റേയും ഭാഷയുടേയും ജനങ്ങളുടേയും സുരക്ഷിതത്തിനായി പോരാടും,” കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
Also Read : കേരളം ഭരണത്തുടർച്ചയുടെ ചരിത്രവഴികൾ
തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തോടെ അധികാരത്തിലെത്തിയ ഡിഎംകെയ്ക്ക് ആശംസകള്‍ നേരാനും താരം മറന്നില്ല. “സ്റ്റാലിന് അഭിനന്ദനങ്ങള്‍. ഒരു ദുര്‍ഘടമായ സാഹചര്യത്തിലാണ് താങ്കള്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. തമിഴ്നാടിനെ വികസനത്തിലേക്ക് നയിക്കു,” കമല്‍ഹാസന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ ഖുശ്ബുവിനും തിരഞ്ഞെടുപ്പില്‍ അടിതെറ്റി. ഡിഎംകെ അനുകൂല തരംഗത്തില്‍ ജയിക്കാനായില്ല. ചെന്നൈ നഗരത്തിലെ തൗസന്റ് ലൈറ്റ്സിലാണ് ഖുശ്ബു മത്സരിച്ചത്. കരുണാനിധിയുമായി അടുത്ത ബന്ധമുള്ള ഡോ. ഏഴിലനായിരുന്നു ഡിഎംകെ സ്ഥാനാര്‍ഥി.
“എല്ലാ വിജയങ്ങളും തോല്‍വിയിലൂടെയാണ് തുടക്കമിടുന്നത്. ജനങ്ങളുടെ തീരുമാനം വീനിതമായി സ്വീകരിക്കുന്നു. തൗസന്റ് ലൈറ്റ്സില്‍ വിജയിച്ച ഡോ. ഏഴിലന് അഭിനന്ദനം. മണ്ഡലത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. എന്നില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്ക് നന്ദി,” ഖുശ്ബു ട്വിറ്ററില്‍ എഴുതി.