ചെന്നൈ : മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിനെതിരെ സിനിമാലോകവും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുടെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും എതിരെ നിരന്തരം വിമര്‍ശനങ്ങളുയര്‍യത്താറുള്ള കമല്‍ ഹാസന്‍ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. ” ഒരു ശബ്ദത്തെ തോക്കുകൊണ്ട് നിശബ്ദമാക്കുക എന്നത് ഒരു സംവാദത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും മോശം മാര്‍ഗമാണ്. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ദുഃഖിക്കുന്ന എല്ലാവരോടും സഹിഷ്ണുത പുലർത്തുന്നു.” എന്നായിരുന്നു ഉലകനായകന്‍റെ പ്രതികരണം.

കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബുവും ട്വിറ്ററിലൂടെ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായ ഒരു വലിയ നിര ട്വീറ്റുകള്‍ തന്നെയാണ് ഖുശ്ബുവിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലൂടെ വന്നത്. “ജനാധിപത്യത്തെക്കുറിച്ച് നമുക്കുള്ള അഭിമാനം ബിജെപി സര്‍ക്കാരിനു കീഴില്‍ കൊല്ലപ്പെടുകയാണ്” എന്നു പറഞ്ഞ ഖുശ്ബു. നീറ്റ് പരീക്ഷയില്‍ മെഡിക്കല്‍ പഠനസാധ്യത നഷ്ടപ്പെട്ട അനിതയെന്ന ദളിത്‌ വിദ്യാര്‍ഥിയുടെ ആത്മഹത്യ ഓര്‍മിപ്പിച്ചും ട്വീറ്റ് ചെയ്തു . “എത്ര കൊലപാതകങ്ങളും ആത്മഹത്യകളുമാണ് ബിജെപി ആഗ്രഹിക്കുന്നത് ?” എന്നാരാഞ്ഞ ഖുശ്ബു. “തോക്കുകളുപയോഗിച്ചു ശബ്ദത്തെ ഇല്ലാതാക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ ആശയങ്ങള്‍ എപ്പോഴും നിലനില്‍ക്കും ” എന്നും പറഞ്ഞു.

സംവിധായകന്‍ ശേഖര്‍ കപ്പൂറും നടി നിമ്രത് കൗറും കൂടി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി മുന്നോട്ടുവന്നു. ” ജനാധിപത്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തെ മുന്‍നിര്‍ത്തി ഒരാളെ കൊള്ളുക എന്നത് അക്ഷരങ്ങളെക്കാള്‍ അക്രമം സംസാരിക്കുന്ന ഒരു ബനാനാ റിപബ്ലിക്കിന്‍റെ തുടക്കമാണ്.” എന്നായിരുന്നു ശേഖര്‍ കപൂറിന്‍റെ പ്രതികരണം.

ജാവേദ് അക്തരാണ് വിഷയത്തില്‍ പ്രതികരിച്ച മറ്റൊരാള്‍. ” ദാബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഒടുവില്‍ ഗൗരി ലങ്കേഷ്. ഒരേതരം ആളുകളാണ് കൊല്ലപ്പെടുന്നത് എങ്കില്‍ ഏതു തരം ആകുളാണ് കൊലയാളി ? ” എന്നായിരുന്നു മുന്‍ എംപിയും ഗാനരചയിതാവും തിരകഥാകൃത്തും കൂടിയായ ജാവേദ് അക്തര്‍ പ്രതികരിച്ചത്.

നേരത്തേ തെന്നിന്ത്യന്‍  നടനും ഗൗരി ലങ്കേഷിന്‍റെ സുഹൃത്തുമായ പ്രകാശ് രാജ് ഗൗരി ലങ്കേഷിനു അന്ത്യോപചാരം അര്‍പ്പിക്കുകയും കൊലപാതകത്തില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

READ MORE : “ഞാന്‍ ഗൗരിയെ ഓര്‍ത്ത് അഭിമാനിക്കുന്നു” ഗൗരിയെ കാണാന്‍ പ്രകാശ് രാജ് എത്തി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ