ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടൻ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് കമൽഹാസനെ ചെന്നൈ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ചെക്കപ്പുകള്‍ക്ക് ശേഷം വിശ്രമമെടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചെന്നാണ് ഹോസ്പിറ്റൽ നിന്നുള്ള റിപ്പോർട്ട്.
ശങ്കറിന്റെ ഇന്ത്യൻ 2, ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോ എന്നിവയാണ് കമൽഹാസന്റെ നിലവിലുള്ള പ്രൊജക്ടുകൾ. ഷങ്കറും ലൈക പ്രൊഡക്ഷൻസും തമ്മിലുള്ള നിയമയുദ്ധങ്ങളും, സെറ്റിൽ നടന്ന അപകടവും കാരണം ഇന്ത്യൻ 2 നിരവധി വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. ഇടക്കാലത്ത് ചിത്രീകരണം നിർത്തിവച്ച ചിത്രത്തിന്റെ നിർമ്മാണജോലികൾ പുനരാരംഭിച്ചിരിക്കുകയാണ്.
അടുത്തിടെ, സഹപ്രവർത്തകനായ സംവിധായകൻ കെ വിശ്വനാഥിന്റെ ഹൈദരാബാദിലെ വസതിയിൽ കമൽഹാസൻ സന്ദർശനം നടത്തിയിരുന്നു. “മാസ്റ്ററെ കെ.വിശ്വനാഥ് സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് കണ്ടു. ഒരുപാട് ഗൃഹാതുരത്വവും ബഹുമാനവും!,” ചിത്രം പങ്കുവച്ച് കമൽഹാസൻ കുറിച്ചു. കുരുതിപ്പുനൽ, മഹാനദി, ഉത്തമവില്ലൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
35 വർഷങ്ങൾക്കു ശേഷം സംവിധായകൻ മണിരത്നവുമായി വീണ്ടും സഹകരിക്കാൻ ഒരുങ്ങുകയാണ് കമൽഹാസൻ. 1987ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. “35 വർഷം മുമ്പ് മണിരത്നത്തിനൊപ്പം ജോലി ആരംഭിക്കാൻ പോകുമ്പോൾ ഞാൻ ഒരുപോലെ ആവേശത്തിലായിരുന്നു. സമാന ചിന്താഗതിയുമായി സഹകരിക്കുന്നത് ഉത്തേജകമാണ്. ഈ ഉത്തേജനത്തിൽ മിസ്റ്റർ റഹ്മാനും ഉൾപ്പെടുന്നു. ഉദയനിധി സ്റ്റാലിനോടൊപ്പം ഈ സംരംഭം അവതരിപ്പിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” പുതിയ ചിത്രത്തെ കുറിച്ച് കമൽഹാസൻ പറയുന്നു.