പ്രഖ്യാപനം നടത്തിയത് മുതൽ വിവാദങ്ങൾ വിടാതെ പിടികൂടിയ സിനിമയാണ് കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’. ഇപ്പോൾ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതോടെ അടുത്ത ചർച്ച ആരംഭിച്ചിരിക്കുകയാണ്. അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രൂപമാണ് പുതിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പേജിലൂടെ അനൂപ് മേനോൻ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. ഒരു സമകാലിക രാഷ്ട്രീയ നേതാവിന്റെ ഛായയുള്ളതാണ് സഹീർ അലി എന്ന കഥാപാത്രം എന്നതാണ് ചര്‍ച്ചയ്ക്ക് വഴിവച്ചത്. മനോഹരമായൊരു ബയോപിക് എന്നല്ലാതെ തന്റെ കഥാപാത്രത്തെക്കുറിച്ച് മറ്റൊന്നും പറഞ്ഞിട്ടില്ല അനൂപ് മേനോന്‍.

മഞ്ജു വാര്യരാണ് ചിത്രത്തില്‍ ആമിയായെത്തുന്നത്. കമലയുടെ ജന്മദേശമായ പുന്നയൂര്‍ക്കുളത്താണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. നേരത്തെ ബോളിവുഡ് നടി വിദ്യാബാലനെയായിരുന്നു ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസം ബാക്കിനില്‍ക്കെ വിദ്യാബാലന്‍ നാടകീയമായി സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ