ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൽനിന്നും പുരസ്‌കാരം സ്വീകരിച്ച ആമിർ ഖാനെ കളിയാക്കി കമാൽ റാഷിദ് ഖാൻ. ട്വിറ്ററിലൂടെയാണ് ആമിറിനെതിരെയുളള കെആർകെയുടെ പരിഹാസം. മോഹൻ ഭാഗവതിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നതിനു പകരം മരിക്കാമായിരുന്നില്ലേയെന്നു കെആർകെ ആമിറോട് ചോദിച്ചു.

”ആമിർ ഖാന്റെ രാജ്യസ്നേഹം എന്താണെന്ന് തെളിഞ്ഞു. ബിജെപിയെയും ആർഎസ്എസിനെയും പിന്തുണയ്ക്കുന്നവർ മാത്രമാണ് രാജ്യസ്നേഹികളെന്നു ആമിർ തെളിയിച്ചു. മറ്റെല്ലാവരും രാജ്യദ്രോഹികളാണ്. ഹിറ്റ്‌ലറും ഇതു തന്നെയാണ് ചെയ്തതെന്നും” കെആർകെ ട്വിറ്ററിൽ എഴുതി.

പൊതുവെ പുരസ്‌കാര നിശകളിൽ നിന്നും അകലം പാലിക്കുന്ന ആമിർ പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ഒരു പുരസ്‌കാര വേദിയിലെത്തിയത്. നാടകാചാര്യനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറിന്റെ സ്‌മരണാർത്ഥമുളള വിശേഷ് പുരസ്‌കാരമാണ് ആമിർ ഏറ്റുവാങ്ങിയത്. 2016ലെ സൂപ്പർഹിറ്റുകളിലൊന്നായ ദംഗലിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൽനിന്നാണ് പുരസ്കാരം സ്വീകരിച്ചത്.

നേരത്തെ മോഹൻലാലിനെതിരെ പരിഹാസവുമായും കെആർകെ രംഗത്തെത്തിയിരുന്നു. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രത്തിൽ ഭീമനാവാനൊരുങ്ങുന്ന മോഹൻലാലിനെ ഛോട്ടാ ഭീമെന്ന് ട്വിറ്ററിലാണ് കമാൽ ആർ.ഖാൻ കളിയാക്കിയത്. ഇതു വൻ വിവാദമായതിനുപിന്നാലെ താരം മാപ്പു പറഞ്ഞു. “മോഹന്‍ലാല്‍ സാറിനെ കുറിച്ച് കൂടുതല്‍ അറിയാത്തത് കൊണ്ടാണ് ഛോട്ടാ ഭീം എന്ന് പറഞ്ഞ് പരിഹസിച്ചത്. ക്ഷമിക്കണം, നിങ്ങള്‍ മലയാളത്തിലെ സൂപ്പര്‍താരമാണെന്ന് ഞാന്‍ ഇപ്പോഴാണ് തിരിച്ചറിയുന്നത്”, കെആര്‍കെ ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ