ബാഹുബലിയിലൂടെ ഏവരുടെയും മനം കവർന്ന നടൻ റാണ ദഗുബട്ടിയെയും അധിക്ഷേപിച്ച് കെആർകെ രംഗത്ത്. റാണയെ വിഡ്ഢിയെന്നാണ് കെആർകെ ട്വിറ്ററിലൂടെ വിളിച്ചിരിക്കുന്നത്.

ട്വിറ്ററിൽ റാണ തന്നെ ബ്ലോക്ക് ചെയ്‌തിരിക്കുകയാണെന്നാണ് സ്ക്രീൻ ഷോട്ട് സഹിതം കെആർകെ പറയുന്നത്. കൂടാതെ താനിത് വരെ ഈ വിഡ്‌ഢിയെ പിന്തുടരുന്നില്ലെന്നും ഈ ദിവസം വരെ ഒരു വാക്ക് പോലും റാണയെ കുറിച്ച് ട്വീറ്റ് ചെയ്‌തിട്ടില്ലെന്നും കെആർകെ ട്വിറ്ററിൽ കുറിക്കുന്നു. എന്നിട്ടാണ് റാണ ബ്ളോക്ക് ചെയ്തതെന്നും ഇത് അദ്ദേഹത്തിന്റെ ബുദ്ധിശൂന്യതയെയാണ് കാണിക്കുന്നതെന്നും കെആർകെ തന്റെ ട്വിറ്ററിൽ കുറിക്കുന്നു. ഇതിനോട് റാണ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ബാഹുബലിയെയും സംവിധായകൻ രാജമൗലിയെയും അധിഷേപിച്ച് കെആർകെ രംഗത്തെത്തിയിരുന്നു. തിയേറ്ററിലെത്തിയത് സിനിമ കാണാനാണെന്നും ബാഹുബലിയുടെ പേരിൽ കാർട്ടുൺ കാണാനല്ലെന്നും കെആർകെ ട്വിറ്ററിൽ കുറിച്ചിരുന്നു.

തലവേദന സൃഷ്‌ടിക്കുന്ന സിനിമയാണെന്നും ഇതിന് രാജമൗലി 2017ലെ ഏറ്റവും മോശം സംവിധായകനുളള അവാർഡ് അർഹിക്കുന്നു. ബാഹുബലിയിലെ ഒരോ ദൃശ്യവും യാഥാർത്ഥ്യത്തിൽ നിന്നും 100 മൈൽ അകലെയാണെന്നും ഒരു കംപ്യൂട്ടർ ഗെയിം പോലെയാണ് സിനിമ തോന്നുന്നതെന്നും കെആർകെ ആരോപിച്ചിരുന്നു. ബാഹുബലി ആദ്യ ഭാഗത്തിന്റെ പത്ത് ശതമാനം പോലുമില്ല രണ്ടാം ഭാഗമെന്നും രാജമൗലി ജനങ്ങളെ പറ്റിക്കുകയാണെന്നും കെആർകെ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.

നേരത്തെ മോഹൻലാലിനെയും ആമിർ ഖാനെയും മമ്മൂട്ടിയെയും അധിഷേപിച്ച് കെആർകെ രംഗത്തെത്തിയിരിന്നു. മോഹൻ ഭാഗവതിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നതിനു പകരം മരിക്കാമായിരുന്നില്ലേയെന്നായിരുന്നു കെആർകെ ആമിറിനോട് ചോദിച്ചത്. പൊതുവെ പുരസ്‌കാര നിശകളിൽ നിന്നും അകലം പാലിക്കുന്ന ആമിർ പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ഒരു പുരസ്‌കാര വേദിയിലെത്തിയത്. നാടകാചാര്യനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറിന്റെ സ്‌മരണാർത്ഥമുളള വിശേഷ് പുരസ്‌കാരമാണ് ആമിർ ഏറ്റുവാങ്ങിയത്. 2016ലെ സൂപ്പർഹിറ്റുകളിലൊന്നായ ദംഗലിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൽനിന്നാണ് പുരസ്കാരം സ്വീകരിച്ചത്.

മോഹൻലാലിനെയും കെആർകെ പരിഹസിച്ചിരുന്നു. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രത്തിൽ ഭീമനാവാനൊരുങ്ങുന്ന മോഹൻലാലിനെ ഛോട്ടാ ഭീമെന്ന് ട്വിറ്ററിലാണ് കമാൽ ആർ.ഖാൻ കളിയാക്കിയത്. ഇതു വൻ വിവാദമായതിനുപിന്നാലെ താരം മാപ്പു പറഞ്ഞു. “മോഹന്‍ലാല്‍ സാറിനെ കുറിച്ച് കൂടുതല്‍ അറിയാത്തത് കൊണ്ടാണ് ഛോട്ടാ ഭീം എന്ന് പറഞ്ഞ് പരിഹസിച്ചത്. ക്ഷമിക്കണം, നിങ്ങള്‍ മലയാളത്തിലെ സൂപ്പര്‍താരമാണെന്ന് ഞാന്‍ ഇപ്പോഴാണ് തിരിച്ചറിയുന്നത്”, കെആര്‍കെ ട്വീറ്റ് ചെയ്തു. മമ്മൂട്ടിയെ സി ഗ്രേഡ് നടനെന്ന് പറഞ്ഞ് അധിഷേപിച്ചും കെആർകെ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ