മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ. കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം ചേർന്ന് ആഘോഷപൂർവ്വം തന്നെ പ്രണവിന്റെ ജന്മദിനമാഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ, പ്രണവിന് വൈകിയ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് അഭിനേത്രിയും പ്രണവിന്റെ കളിക്കൂട്ടുകാരിയും കുടുംബസുഹൃത്തുമായ കല്യാണി പ്രിയദർശൻ.

പ്രണവിനെ വിഷ് ചെയ്യുന്നില്ലേ എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പോസ്റ്റ് എന്നാണ് കല്യാണി പ്രിയദർശൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിക്കുന്നത്. “എനിക്കറിയാം നീ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലെന്ന്, എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്നു നിരന്തരംം ചോദിച്ചുകൊണ്ടിരിക്കുന്നവർക്കുള്ള മറുപടിയാണ് ഇത്,” എന്ന മുഖവുരയോടെയാണ് തന്റെ ജന്മദിനാശംസ കല്യാണി കുറിച്ചിരിക്കുന്നത്. പ്രണവിനും സഹോദരി വിസ്മയയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും കല്യാണി പങ്കുവച്ചിട്ടുണ്ട്.

kalyani priyadarshan, kalyani priyadarshan childhood photo, pranav mohanlal childhood photo

വീട്ടിലായിരുന്നു പ്രണവിന്റെ ജന്മദിനാഘോഷം. അച്ഛനമ്മമാർക്കും കുടുംബസുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു പ്രണവിന്റെ പിറന്നാൾ ആഘോഷം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മകന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള മോഹൻലാലിന്റെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. ‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളർച്ചയെക്കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ പ്രണവിനൊപ്പമുള്ള ചിത്രം പങ്കു വച്ച്കൊണ്ട് മോഹൻലാൽ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം ഇരു കുടുംബങ്ങൾക്കുമിടയിലും ഉണ്ട്. “ലാൽ അങ്കിളും കുടുംബവുമായും ഞാൻ വളരെ അടുപ്പത്തിലാണ്. മോഹൻലാലിന്റെ മകൻ പ്രണവ് എന്റെ അടുത്ത സുഹൃത്താണ്. ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ച് വളർന്നതിനാൽ ഞങ്ങൾ കസിൻസിനെ പോലെയാണ്. ലാൽ അങ്കിൾ തമാശക്കാരനാണ്. അദ്ദേഹത്തിന് മാജിക് ഇഷ്ടമാണ്. ഞങ്ങൾക്കു മുന്നിൽ അദ്ദേഹം ചില മാജിക്കൊക്കെ കാണിക്കുമായിരുന്നു. ലാലങ്കിളിന്റെ കുടുംബം ഭക്ഷണപ്രിയരാണ്. നല്ല ഭക്ഷണം കഴിക്കണമെന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ അവരുടെ വീട്ടിലേക്ക് ചെല്ലും. ലാൽ അങ്കിൾ നല്ല കുക്കാണ്,” ഒരു അഭിമുഖത്തിനിടെ കല്യാണി പറഞ്ഞതിങ്ങനെ.

പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ കല്യാണിയും പ്രണവും ഒന്നിച്ച് സ്ക്രീനിലെത്തുകയാണ്.

kalyani priyadarshan, pranav mohanlal

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കല്യാണിയും പ്രണവും

വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന ചിത്രത്തിലും കല്യാണിയും പ്രരണവും ഒന്നിച്ചെത്തുന്നുണ്ട്. വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഈ ചിത്രം നിർമിക്കുന്നത്. മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ എന്നിവരുമായി അടുത്ത സൗഹൃദമുള്ള മെറിലാൻഡ് കുടുംബത്തിൽ നിന്നുമാണ് വിശാഖിന്റെയും വരവ്.

Read more: ‘ആദി’ കഴിഞ്ഞു പ്രണവ് ഹിമാലയത്തിലേക്ക് പോയതെന്തിന്? കല്യാണി പറയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook