‘ഹലോ’ എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പുതുമുഖ നടിയ്‌ക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് സംവിധാകയന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടേയും മകളായ കല്യാണി പ്രിയദര്‍ശന്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ ആശംസയും കൂടിയായപ്പോള്‍ സന്തോഷം ഇരട്ടിയായി. സോഷ്യല്‍ മീഡിയയിലാണ് മോഹന്‍ലാല്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകളായ കല്യാണിയെ ആശംസിച്ചത്. മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ട് കല്യാണിയും രംഗത്തെത്തി.

“താങ്ക്യൂ ലാലു മാമാ, ഈ ആശംസ വിലപ്പെട്ടതാണ്‌, താങ്ങള്‍ ഈ സിനിമ കണ്ടു എന്നതും വലിയ സന്തോഷം തരുന്നു.”, എന്നാണ് മോഹന്‍ലാലിന് മറുപടിയായി കല്യാണി ട്വിറ്ററില്‍ കുറിച്ചത്.

Kalyani Priyadarshan thanks mohanlal tweet

കല്യാണിയുടെ ട്വീറ്റ്

അമല-നാഗാര്‍ജ്ജുന ദമ്പതികളുടെ മകനായ അഖില്‍ അക്കിനേനിയാണ് ‘ഹലോ’യിലെ നായകന്‍. രമ്യാ കൃഷ്‌ണനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്‌തത് വിക്രം കുമാര്‍. ഇതിനു ശേഷം കല്യാണി നായികയായി അഭിനയിക്കുന്നത് ഷര്‍വാനന്ദ് നായകനായ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രത്തിലാണ്. സുധീര്‍ കെ.വര്‍മയാണ് ഇതിന്റെ സംവിധായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഇപ്പോള്‍ നടന്നു വരുന്നു.

 

തന്റെ സിനിമാ ജീവിതത്തിലെ ആദ്യ പുരസ്‌കാരം നേടിയ മകള്‍ക്കൊപ്പം അമ്മ ലിസിയും ഫിലിംഫെയര്‍ പുരസ്കാര വേദിയില്‍ ഉണ്ടായിരുന്നു. നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ ലിസിയും പ്രിയദര്‍ശനും 2014ല്‍ വിവാഹമോചിതരായി. ചെന്നൈയില്‍ ‘ഫോര്‍ ഫ്രെയിംസ്’ എന്ന സ്റ്റുഡിയോ നടത്തി വരുന്ന ലിസി, മകളുടെ സിനിമാ പ്രവേശത്തെക്കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞതിങ്ങനെ.

വായിക്കാം: ഇഷ്ടമുള്ള ജോലിയില്‍ നിന്നും ഒരിക്കലും പിന്മാറരുത്‌, ഒരു സ്നേഹവും അതര്‍ഹിക്കുന്നില്ല: ലിസി

“മകള്‍ സിനിമ തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷം. അവള്‍ക്കു അവളുടെ കരിയറില്‍ ആവശ്യമുള്ള ഉപദേശങ്ങള്‍ കൊടുക്കാറുണ്ട്. ഏതു തരം സിനിമകള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഞാനുമായി ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ എല്ലാറ്റിലും അവള്‍ക്കു അവളുടേതായ തീരുമാനങ്ങള്‍ ഉണ്ട്. ഏതൊരു അമ്മയേയും പോലെ അവള്‍ ആഗ്രഹിക്കുന്ന വഴിയില്‍ അവള്‍ നന്നായി തന്നെ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനു അവള്‍ക്കു വേണ്ട പിന്തുണ നല്‍കാനും എന്നും തയ്യാറാണ്.”, ലിസി പറഞ്ഞു.

Lissie Lakshmi

ലിസി, ഫോട്ടോ. ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം/ആഷിക് റഫീക്ക്

മോഹന്‍ലാലിന്‍റെ കുടുംബവുമായി വലിയ അടുപ്പമുള്ള കല്യാണി അതിനെക്കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.

“അച്‌ഛന്റെ അടുത്ത സുഹൃത്താണ് മോഹൻലാൽ. അദ്ദേഹവുമായും കുടുംബവുമായും ഞാൻ വളരെ അടുപ്പത്തിലാണ്. മോഹൻലാലിന്റെ മകൻ പ്രണവ് എന്റെ അടുത്ത സുഹൃത്താണ്. ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ച് വളർന്നതിനാൽ ഞങ്ങൾ കസിൻസിനെ പോലെയാണ്. ലാൽ അങ്കിൾ തമാശക്കാരനാണ്. അദ്ദേഹത്തിന് മാജിക് ഇഷ്‌ടമാണ്. ഞങ്ങൾക്കു മുന്നിൽ അദ്ദേഹം ചില മാജിക്കൊക്കെ കാണിക്കുമായിരുന്നു. ലാലങ്കിളിന്റെ കുടുംബം ഭക്ഷണപ്രിയരാണ്. നല്ല ഭക്ഷണം കഴിക്കണമെന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ അവരുടെ വീട്ടിലേക്ക് ചെല്ലും. ലാൽ അങ്കിൾ നല്ല കുക്കാണ്.”

വായിക്കാം: ലാൽ അങ്കിൾ നല്ല കുക്കാണ്, പ്രണവ് എന്‍റെ അടുത്ത കൂട്ടുകാരനും: കല്യാണി പ്രിയദർശൻ

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് കല്യാണിയുടെ കളിക്കൂട്ടുകാരനാണ്. സ്വതവേ അന്തര്‍മുഖനായ പ്രണവ് തന്റെ ആദ്യ ചിത്രത്തിന് ശേഷവും മാധ്യമങ്ങളില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും വിട്ടു നിന്നു. അതുകൊണ്ട് തന്നെ കല്യാണിയുടെ അഭിമുഖങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ചോദ്യമായി മാറി പ്രണവ്. വനിതാ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ കല്യാണി കൂട്ടുകാരനെക്കുറിച്ച് പറഞ്ഞതിങ്ങനെ.

”എനിക്ക് അപ്പു (പ്രണവ് മോഹൻലാൽ) സഹോദരനെപ്പോലെയാണ്. സ്വന്തം അനിയൻ ചന്തുവിനേക്കാൾ കൂടുതൽ ഞാൻ ഫോട്ടോ എടുത്തിട്ടുളളത് അവനൊപ്പമാകും. പ്രണവും ഞാനും ഒരുമിച്ചുളള ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടിട്ട് പ്രണവിന്റെ സഹോദരി വിസ്‌മയ ആണ് എനിക്ക് അയച്ചുതന്നത്. ഞാൻ ഉടനെ അച്‌ഛനും അമ്മയ്‌ക്കും അയച്ചു. അമ്മയാണ് സുചിത്രാന്റിക്ക് അയച്ചുകൊടുത്തത്. ‘കണ്ടോ’, ‘നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നു’ എന്നു പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു”.

Kalyani Priyadarshan with Pranav Mohanlal

കല്യാണിയും പ്രണവ് മോഹന്‍ലാലും, കടപ്പാട്: ഫേസ്ബുക്ക്‌

”അപ്പു ആർക്കും പിടികൊടുക്കില്ല. അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും. ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേ ഇല്ല. ചെരുപ്പിടാൻ പോലും പലപ്പോഴും മറക്കും”, കല്യാണി അഭിമുഖത്തിൽ പറഞ്ഞു.

വായിക്കാം: ‘ആദി’ കഴിഞ്ഞു പ്രണവ് ഹിമാലയത്തിലേക്ക് പോയതെന്തിന്? കല്യാണി പറയും

ഇനി കല്യാണി അഭിനയിക്കുന്നത് ഷര്‍വാനന്ദ് നായകനായ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രത്തിലാണ്. സുധീര്‍ കെ.വര്‍മയാണ് ഇതിന്റെ സംവിധായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഇപ്പോള്‍ നടന്നു വരുന്നു. മലയാളത്തിലൂടെ സിനിമയില്‍എത്തണം എന്നാഗ്രഹിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തെലുങ്കില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് കല്യാണി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook