പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ആദി. ആരാധകർ വൻവരവേൽപ്പാണ് ആദിക്ക് നൽകിയത്. പക്ഷേ ആദിയുടെ വിജയാഘോഷത്തിന് കാത്തുനിൽക്കാതെ പ്രണവ് പോയത് ഹിമാലയത്തിലേക്കാണ്. മറ്റു താരങ്ങളുടെ മക്കളിൽനിന്നും തികച്ചും വ്യത്യസ്തനാണ് പ്രണവ്. അതിനാൽതന്നെ പ്രണവ് ഹിമാലയത്തിലേക്ക് പോയതിൽ ആരാധകരും അദ്ഭുതപ്പെട്ടില്ല. എന്നാൽ പ്രണവിന്റെ ഹിമാലയൻ യാത്രയ്ക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കല്യാണി ഇക്കാര്യം പറഞ്ഞത്. പ്രണവുമായുളള തന്റെ സൗഹൃദത്തെക്കുറിച്ചും കല്യാണി അഭിമുഖത്തിൽ വ്യക്തമാക്കി. ”എനിക്ക് അപ്പു (പ്രണവ് മോഹൻലാൽ) സഹോദരനെപ്പോലെയാണ്. സ്വന്തം അനിയൻ ചന്തുവിനേക്കാൾ കൂടുതൽ ഞാൻ ഫോട്ടോ എടുത്തിട്ടുളളത് അവനൊപ്പമാകും. പ്രണവും ഞാനും ഒരുമിച്ചുളള ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടിട്ട് പ്രണവിന്റെ സഹോദരി വിസ്മയ ആണ് എനിക്ക് അയച്ചുതന്നത്. ഞാൻ ഉടനെ അച്ഛനും അമ്മയ്ക്കും അയച്ചു. അമ്മയാണ് സുചിത്രാന്റിക്ക് അയച്ചുകൊടുത്തത്. ‘കണ്ടോ’, ‘നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നു’ എന്നു പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു”.

”അപ്പു ആർക്കും പിടികൊടുക്കില്ല. അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും. ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേ ഇല്ല. ചെരുപ്പിടാൻ പോലും പലപ്പോഴും മറക്കും”, കല്യാണി അഭിമുഖത്തിൽ പറഞ്ഞു.

”ആദി കണ്ടപ്പോൾ എനിക്കു തോന്നിയത് അവനുവേണ്ടി ദൈവം തീരുമാനിച്ച സിനിമയാണ് അതെന്നാണ്. മരങ്ങളിലും മലകളിലുമൊക്കെ വലിഞ്ഞു കയറാൻ പ്രണവിനെക്കവിഞ്ഞേ ആളുളളൂ. ‘ആദി’ കഴിഞ്ഞു ഹിമാലയത്തിൽ പോയത് എന്തിനാണെന്നോ? അഭിനയിക്കാൻ വേണ്ടി മാറി നിന്നപ്പോൾ കൈകൾ സോഫ്റ്റായി പോയെന്ന്. മൗണ്ടൻ ക്ലൈംബിങ്ങിലൂടെ കൈകൾ വീണ്ടും ഹാർഡാക്കാനാണ് യാത്ര. 500 രൂപയേ കൈയ്യിൽ കാണൂ. ലോറിയിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് പോകുക. കൈയ്യിൽ പൈസ ഇല്ലാതെ വരുമ്പോൾ അനിയെ (അനി ശശി) വിളിക്കും. അക്കൗണ്ടിലേക്ക് 100 രൂപ ഇട്ടുകൊടുക്കാമോ എന്നാകും ചോദ്യം. സിനിമയൊന്നുമല്ല, ഒരു ഫാം ആണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്. അവൻ ആർക്കും ഉപദേശം നൽകാറില്ല, ആരുടെയും പക്കൽനിന്നും ഉപദേശം തേടാറുമില്ല”, കല്യാണി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ