പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി നായികയായി അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് സിനിമയാണ് ഹലോ. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. പ്രിയദർശനും ചടങ്ങിൽ പങ്കെടുത്തു. വികാരനിർഭരമായ ചില നിമിഷങ്ങളും ഓഡിയോ ലോഞ്ച് വേദിയിലുണ്ടായി.

എന്റെ അച്ഛന്റെയും അമ്മയുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇത്രയും ആത്മവിശ്വാസത്തോടെ സിനിമയിലേക്ക് കടന്നുവരാൻ കഴിയില്ലായിരുന്നുവെന്ന് കല്യാണി പറഞ്ഞു. അതിന് ഞാനെന്നും കടപ്പെട്ടിരിക്കുന്നു. സ്വന്തം മകളെപ്പോലെയാണ് നാഗാർജുന തന്നെ നോക്കിയത്. അഭിനയിക്കുന്നതിന് തനിക്ക് ആത്മവിശ്വാസം നൽകി ഒപ്പംനിന്ന ഹലോ സിനിമയുടെ സംവിധായകൻ വിക്രമിനും നായകൻ അഖിൽ അക്കിനേനിക്കും കല്യാണി നന്ദി പറഞ്ഞു. കല്യാണി സംസാരിച്ചു കഴിഞ്ഞതും പ്രിയദർശന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

കല്യാണിക്കു പിന്നാലെ പ്രിയദർശനെ വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തിയ പ്രിയദർശൻ വികാരഭരിതനായാണ് സംസാരിച്ചത്. ”40 വർഷമായി സിനിമയിലെത്തിയിട്ട്. 92 സിനിമകൾ ചെയ്തു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഇതാണ്. അഖിലിന്റെ അപ്പൂപ്പന്‍ അക്കിനേനി നാഗേശ്വര റാവു, അച്ഛന്‍ നാഗാര്‍ജുന, അമ്മ അമല എന്നിവരോടൊപ്പം ജോലി ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അഖിലിനോടൊപ്പം എന്റെ മകള്‍ അഭിനയിക്കുന്നു. ഇതിൽപ്പരം വേറെന്തുവേണം. എന്റെ സഹസംവിധായകരിലൊരാളായ വിക്രമാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഒരു സംവിധായകനെന്ന നിലയിൽ എന്നെക്കാളും വിക്ര വളർന്നിരിക്കുന്നു. ഇതിലും മികച്ചൊരു ഗുരുദക്ഷിണ വിക്രം ഇനി നല്‍കാനില്ല”. പ്രിയദർശന്റെ വാക്കുകൾ കേട്ട സംവിധായകൻ വിക്രം ആദരവോടെ എഴുന്നേറ്റ് നിന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ