‘ഒരിക്കലും കരുതിയിരുന്നില്ല, കാരവനില്‍ ഇങ്ങനെയിരിക്കുന്നതൊക്കെ ‘മിസ്സ്’ ചെയ്യും എന്ന്,’ കല്യാണി പ്രിയദര്‍ശന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നടന്‍ പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യം എന്നിവര്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കു വച്ച് കൊണ്ടാണ് താരം ഇങ്ങനെ പറഞ്ഞത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിലാണ് ഇവര്‍ മൂവരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇതിനൊപ്പം മറ്റൊരു ചിത്രവും കല്യാണി തന്റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ ചേര്‍ത്തിട്ടുണ്ട്. ‘മറ്റു മനുഷ്യരെ കാണുന്നതും ‘മിസ്സ്’ ചെയ്യുന്നു എന്നാണു കല്യാണി അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.


വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘ഹൃദയം’. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. നാൽപതു വർഷങ്ങൾക്ക് ശേഷം നിര്‍മ്മാണ മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ‘ഹൃദയ’ത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള വീഡിയോ പങ്കു വച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ. ‘തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. ഹൃദയം!!!’
ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീതം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

Read more: അച്ഛൻ ‘ആക്ഷൻ’ പറയുമ്പോൾ; ‘മരക്കാറി’നെ കുറിച്ച് കല്യാണി പ്രിയദർശൻ