‘മരക്കാർ:​ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം കല്യാണി പ്രിയദർശനെ സംബന്ധിച്ച് ജീവിതത്തിലെ തന്നെ വേറിട്ടൊരു അനുഭവം സമ്മാനിക്കുന്ന ഒന്നാണ്. ​അച്ഛൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്യാമറയ്ക്കു മുന്നിൽ കഥാപാത്രമായി കല്യാണിയെത്തുമ്പോൾ, മലയാളത്തിന്റെ മഹാനടനും അച്ഛന്റെ സുഹൃത്തുമൊക്കെയായ മോഹൻലാലും കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാലും കീർത്തി സുരേഷുമൊക്കെ കൂട്ടിനുണ്ട്. എന്നാൽ പ്രിയപ്പെട്ടവർക്കൊപ്പം അഭിനയിക്കുമ്പോഴും തനിക്ക് ടെൻഷനുണ്ടെന്ന് തുറന്നു പറയുകയാണ് കല്യാണി.

“എന്റെ ജീവിതത്തിലെ ഏറ്റവും സംഭ്രമമുണ്ടാക്കുന്ന അനുഭവമാണ് ‘മരക്കാർ’ എന്ന ചിത്രം. ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ എനിക്ക് നല്ല ടെൻഷനുണ്ട്. പക്ഷേ​​ ഏറ്റവും തമാശ നിറഞ്ഞ കാര്യം എന്താണെന്നു വെച്ചാൽ, 90 ലേറെ ചിത്രങ്ങൾ ചെയ്ത ഡാഡും എന്റെ ഭാഗം ഷൂട്ട് ചെയ്യുമ്പോൾ നെർവസ് ആകുന്നുണ്ട് എന്നതാണ്. ഷോട്ടിനു വേണ്ടി റെഡിയാകുമ്പോൾ അവിടെ കൂടിയവർക്കെല്ലാം എന്റെ ഹൃദയമിടിപ്പു കേൾക്കാം, മുൻപ് ഒരിക്കലും എനിക്കിത്ര ടെൻഷൻ ഉണ്ടായിട്ടില്ല. ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്യുമ്പോൾ രണ്ടുപേരും നെർവെസ് ആകും എന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാണ് മറ്റു സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കണമെന്ന് അച്ചൻ പറഞ്ഞത്. അച്ഛന്റെ ചിത്രത്തിൽ അഭിനയിക്കും മുൻപെ ക്യാമറയ്ക്കു മുന്നിൽ എന്നെ കംഫർട്ട് ആക്കണമെന്ന് അച്ഛനാഗ്രഹമുണ്ടായിരുന്നു,” കല്യാണി പറയുന്നു. തെലുങ്കു ചിത്രം ‘ഹലോ’യിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റം.

“എന്റെ ആദ്യഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ ഐജി ശശി അങ്കിളിന്റെ മകൻ അനി എന്നോട് പറഞ്ഞു, ‘ആ ഷോട്ട്​​​​ എടുക്കുംമുൻപ് എനിക്കുറപ്പായിരുന്നു പ്രിയനങ്കിൾ ദീർഘനിശ്വാസം എടുത്ത് എല്ലാം ശരിയായി വരണമെന്ന് പ്രാർത്ഥിക്കുമെന്ന്’. അനി, മരിക്കാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായും കോ സ്ക്രിപ്റ്റ് റൈറ്ററായുമൊക്കെ പ്രവർത്തിക്കുന്നുണ്ട്,” കല്യാണി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദർശൻ.

Read more: പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ‘മരക്കാർ’ ചിത്രീകരണം ആരംഭിച്ചു

“അപ്പുച്ചേട്ടനും (പ്രണവ് മോഹൻലാൽ) ഞാനും കളിക്കൂട്ടുകാരാണ്. വർഷങ്ങളായി ഞങ്ങളുടെ കുടുംബവും വളരെ അടുപ്പത്തിൽ കഴിയുന്നവരാണ്. ഒന്നിച്ച് അഭിനയിക്കുക എന്നത് വളരെ ഫണിയായൊരു കാര്യമായാണ് ഞങ്ങൾക്കിരുവർക്കും തോന്നിയിട്ടുള്ളത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറൽ ആയ ഒരാളാണ് അപ്പുച്ചേട്ടൻ. ലാൽ മാമയുടെ ജീൻ അപ്പുച്ചേട്ടനും കിട്ടിയിട്ടുണ്ട്. ഡയലോഗുകളും വരികളുമൊക്കെ ഓർത്തുവെയ്ക്കാനുള്ള അപ്പുച്ചേട്ടനെ കഴിവാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇതൊരു പിരീഡ് സിനിമ ആയതുകൊണ്ട് ഉപയോഗിക്കുന്ന ഡയലോഗുകളൊന്നും നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നതു പോലെയല്ല. എന്നെ സംബന്ധിച്ച് അതോർത്തുവെയ്ക്കൽ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പുച്ചേട്ടൻ ഒറ്റതവണ കേൾക്കുമ്പോൾ തന്നെ അതെല്ലാം ഓർത്തുവെയ്ക്കും,” കല്യാണി പറയുന്നു.

കല്യാണിയെ കൂടാതെ സഹോദരൻ സിദ്ധാർത്ഥും ‘മരക്കാറി’ൽ അസോസിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സാൻഫ്രാൻസിക്കോയിൽ നിന്നും വിഷ്വൽ ഇഫക്റ്റ് കോഴ്സ് ഫിനിഷ് ചെയ്ത് അച്ഛന്റെ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് സിദ്ധാർത്ഥ്. അച്ഛനായ പ്രിയദർശൻ തന്നെയാണ് തന്റെ ഏറ്റവും വലിയ ക്രിട്ടിക്ക് എന്നാണ് കല്യാണി പറയുന്നത്. “എവിടെയാണ് എനിക്ക് ഇംപ്രൂവ് ചെയ്യാൻ ഉള്ളതെന്ന് അച്ഛന് എപ്പോഴും കൃത്യമായി അറിയാം.”

പുതിയ രണ്ടു തെലുങ്കു ചിത്രങ്ങളിലും കല്യാണി അഭിനയിക്കുന്നുണ്ട്. 80-90 കളുടെ കഥ പറയുന്ന ശര്‍വാനന്ദ് നായകനാകുന്ന ഗ്യാങ്‌സ്റ്റർ ചിത്രത്തിലും പുതിയ കാലത്തിലെ പ്രണയകഥ പറയുന്ന ‘ചിത്രലഹരി’ എന്ന ചിത്രത്തിലും കല്യാണിയാണ് നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook