അഭിനയത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ചത് അമ്മ ലിസ്സിയും ശോഭന മാഡവുമെന്ന് ലിസ്സിയുടെ മകളും നടിയുമായ കല്യാണി പ്രിയദർശൻ. 80കളിലും 90 കളിലും അമ്മയും ശോഭനയും ചെയ്ത കഥാപാത്രങ്ങളും ചിത്രങ്ങളുമാണ് തന്റെ പ്രചോദനമെന്നും കല്യാണി പറഞ്ഞു. ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി

കല്യാണി നായികയായി അഭിനയിച്ച തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള ‘രണരംഗം’ എന്ന തെലുങ്ക് ചിത്രം റിലീസിനെത്തുകയാണ് ആഗസ്ത് 15ന്. സർവാനന്ദ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ഗ്യാങ്ങ്‌സ്റ്റർ സംഘത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ അഭിനയം രസകരമായ അനുഭവമായിരുന്നെന്നും കല്യാണി പറഞ്ഞു. “വളരെ രസകരമായ അനുഭവമായിരുന്നു. എങ്ങനെയാണ് അതിനെ കുറിച്ച് വിശദീകരിക്കേണ്ടതെന്നറിയില്ല. ആ കാലഘട്ടത്തിലെ സിനിമകൾ ടിവിയിൽ കണ്ടാണ് ഞാൻ വളർന്നത്. രസകരമായിരുന്നു ആ ചിത്രങ്ങൾ, അവ കാണുമ്പോഴൊക്കെ അക്കാലത്ത് ജനിച്ചാൽ മതിയായിരുന്നു എന്നു ഞാനാഗ്രഹിച്ചിരുന്നു. ഇപ്പോൾ ‘രണരംഗം’ വഴി ആ കാലത്തിലേക്ക് തിരിച്ചപോവാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.”

തമിഴിലും തെലുങ്കിലും കല്യാണിയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. ശിവകാർത്തികേയന്റെ ‘ഹീറോ’യാണ് അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കല്യാണി ചിത്രങ്ങളിൽ ഒന്ന്. ‘ഇരുമ്പുതുറൈ’ എന്ന ചിത്രത്തിന്റെ സംവിധായകൻ പി.എസ്.മിത്രനാണ് ‘ഹീറോ’യുടെ സംവിധായകൻ. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘വാന്‍’ എന്ന ചിത്രത്തിലും കല്യാണിയുണ്ട്. ചിമ്പുവിന്റെ ‘മാനാട്’ എന്ന ചിത്രത്തിലും കല്യാണിയാണ് നായിക. മുൻപ് റാഷി ഖന്നയെ ആയിരുന്നു നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ ഒടുവിൽ നറുക്ക് വീണത് കല്യാണിക്കാണ്. സാജ് തേജ നായകനാവുന്ന ‘ചിത്രലഹരി’യിലും കല്യാണിയാണ് നായിക. അച്ഛൻ പ്രിയദർശന്റെ സംവിധാനത്തിൽ മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും കല്യാണിയുണ്ട്.

Read more: ക്യാമറയ്ക്ക് മുന്‍പില്‍ മകള്‍ കല്യാണി: ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരം എന്ന് പ്രിയദര്‍ശന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook