/indian-express-malayalam/media/media_files/uploads/2020/02/kalyani-1.jpg)
മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന. കാലം മായ്ക്കാത്ത നടനചാരുതയോടെ ഒരിടവേളയ്ക്ക് ശേഷമെത്തി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ ശോഭന. ചിത്രത്തിൽ ശോഭനയുടെ മകളായി അഭിനയിച്ചത് പ്രിയദർശൻ- ലിസി ദമ്പതികളുടെ മകൾ കല്യാണിയാണ്. തനിക്കേറെ പ്രിയപ്പെട്ട ശോഭന മാമിനോട് ഒപ്പം മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കല്യാണി.
തന്റെ പ്രിയപ്പെട്ട ശോഭന കഥാപാത്രത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് കല്യാണി പ്രിയദർശൻ. "ശോഭന ചേച്ചിയെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അച്ഛൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'തേന്മാവിൻ കൊമ്പത്ത്' ആണ്. കാർത്തുമ്പി എന്ന കഥാപാത്രമാണ് എന്റെ ഓൾടൈം ഫേവറേറ്റ്. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ ശോഭന ചേച്ചിയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഞാനിപ്പോഴും," കല്യാണി പറയുന്നു.
"സെറ്റിലെത്തിയപ്പോൾ ശോഭന ആന്റിയെ മാത്രമായിരുന്നു അടുത്ത് പരിചയം. അമ്മയുമായി അടുത്ത സൗഹൃദമുള്ളതിനാൽ ആന്റി ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. ശോഭന മാം എന്നാണ് ഞാൻ വിളിക്കുന്നത്. മാമിന്റെ കൂടെ അഭിനയിക്കുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. പക്ഷേ നമ്മളെ വളരെ ഓക്കെയാക്കിയാണ് അവർ ഓരോ ഷോട്ടും അഭിനയിച്ചത്. ഷോട്ട് കഴിഞ്ഞാൽ മാം കുട്ടികളെ പോലെയാണ്. പാട്ടൊക്കെ പാടി ചിരിച്ച് കളിച്ച് ആഘോഷമാക്കും. നമ്മൾ കൂടെ നിന്ന് കൊടുത്താൽ മതി," കല്യാണി കൂട്ടിച്ചേർക്കുന്നു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു കല്യാണി.
Read more: ലാലാ ലാലാ; ‘വന്ദന’ത്തിലെ ആ പ്രശസ്ത ഹമ്മിംഗിനു പിറകിലെ മധുരശബ്ദം
1994ൽ പുറത്തിറങ്ങിയ 'തേന്മാവിൻ കൊമ്പത്ത്' അക്കാലത്ത് ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. ശോഭനയുടെ കാർത്തുമ്പി എന്ന കഥാപാത്രത്തിനൊപ്പം മോഹൻലാലിന്റെ മാണിക്യൻ, നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ, ശ്രീനിവാസന്റെ അപ്പക്കാള, സുകുമാരിയുടെ ഇഞ്ചിമ്മൂട് ഗാന്ധാരി തുടങ്ങിയ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു. കെ. വി. ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും 'തേന്മാവിൻ കൊമ്പത്ത്' നേടിക്കൊടുത്തിരുന്നു. ഇരട്ട സംഗീതസംവിധായകരായ ബേണി ഇഗ്നേഷ്യസ് ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയയാണ്. 'തേന്മാവിൻ കൊമ്പത്തി'ലൂടെ മികച്ച സംഗീതസംവിധായകനുള്ള ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ബേണി ഇഗ്നേഷ്യസ്‌മാരെ തേടിയെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.