സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. വീട്ടിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ തീർത്തും സ്വകാര്യമായിട്ടായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെലനി ആണ് വധു.
ഒരു സഹോദരിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രിയദർശന്റെ മകളും നടിയുമായ കല്യാണി പ്രിയദർശൻ. നവദമ്പതികൾക്കും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് കല്യാണി കുറിച്ചതിങ്ങനെയാണ്. “ഇന്നലെ വൈകീട്ട് എന്റെ സഹോദരന്റെ വിവാഹമായിരുന്നു. വളരെ അടുത്ത കുടുംബാംഗങ്ങൾ മാത്രമായിട്ടാണ് ചടങ്ങുകൾ നടന്നത്. ഞാൻ എന്നും ആഗ്രഹിച്ചിരുന്ന സഹോദരിയാണ് മെലനി. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു” കല്യാണി കുറിച്ചു.
ലിസി- പ്രിയദര്‍ശൻ താരങ്ങളുടെ മകൾ കല്യാണി അഭിനയത്തിൽ തിളങ്ങുമ്പോൾ സിനിമയുടെ ടെക്നിക്കൽ വശങ്ങളിലാണ് സിദ്ധാർത്ഥിന് താൽപ്പര്യം. അമേരിക്കയിൽ നിന്ന് ഗ്രാഫിക്സ് കോഴ്സിൽ ബിരുദം നേടിയിട്ടുണ്ട് സിദ്ദാർത്ഥ്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലാണ് സിദ്ധാർത്ഥ് ആദ്യമായി വിഎഫ്എക്സ് സൂപ്പർ വൈസറായി പ്രവർത്തിച്ചത്. ഈ ചിത്രത്തിലെ വിഷ്വൽ എഫക്ട്‌സിന് 2019-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം നേടി. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള ദേശീയ പുരസ്കാരവും സിദ്ധാർത്ഥ് സ്വന്തമാക്കിയിരുന്നു.