മലയാളികളുടെ പ്രിയ നടിയായിരുന്ന ലിസിയും സംവിധായകൻ പ്രിയദർശനും 24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹമോചിതരായ വാർത്തയെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മക്കളായ തങ്ങൾക്കും അതൊരു ഷോക്കായിരുന്നു, പക്ഷേ ഇപ്പോൾ ഞങ്ങൾ സമാധാനജീവിതമാണ് നയിക്കുന്നതെന്ന് തുറന്നു പറയുകയാണ് മകളായ കല്യാണി പ്രിയദർശൻ.

“ഞങ്ങളെ ഒരു നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. വൈകാരികമായ നിരവധി പ്രശ്നനങ്ങളിലൂടെ അവർ കടന്നു പോയിട്ടും, അത് വീടിനെ ബാധിക്കില്ലെന്ന് അവർ ഉറപ്പുവരുത്തി. തീർച്ചയായും അവരുടെ പിരിയൽ ഒരു ഷോക്കായിരുന്നു, എന്നാൽ ഇന്ന് ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഞങ്ങൾ സമാധാനത്തിലാണ്, മാതാപിതാക്കളുമായുള്ള എന്റെ ബന്ധം ഇപ്പോൾ കൂടുതൽ ശക്തമാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,” കല്യാണി പറയുന്നു. ഹിന്ദുവിനു നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു അച്ഛനമ്മമാരുടെ വേർപിരിയലിനെ കുറിച്ചും അതു തങ്ങളുടെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും കല്യാണി തുറന്നു പറഞ്ഞത്.

കരിയറിൽ തിളങ്ങി നിന്നിരുന്ന കാലത്താണ് ലിസി സിനിമ വിടുന്നത്. 1990 ഡിസംബർ 13 ന് പ്രിയദർശനുമായുളള വിവാഹത്തോടെയായിരുന്നു അത്. നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷം 2014 ഡിസംബറിൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ച് ചെന്നൈ കോടതിയെ സമീപിച്ചു. സിനിമാലോകം ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്.

ശിവകാർത്തികേയന്റെ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ തമിഴകത്തും അരങ്ങേറ്റം കുറിക്കുകയാണ് കല്യാണി. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രം നാളെ റിലീസിനെത്തുകയാണ്.

Read more: ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല: വിവാഹദിനത്തിലെ ചിത്രം പങ്കു വച്ച് പ്രിയദര്‍ശന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook