മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റെയും ജയറാമിന്‍റെയും മക്കള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് മറ്റൊരു താര പുത്രന്‍റെ അരങ്ങേറ്റം. രാജേഷ് നായര്‍ സംവിധാനം ചെയ്ത ‘കല്ല്യാണ’ത്തിലൂടെ സിനിമയിലേക്ക് ചുവടു വയ്ക്കുകയാണ് അഭിനേതാക്കള്‍ മുകേഷിന്‍റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ മുകേഷ്.

‘എ ക്ലീഷെ ലവ് സ്റ്റോറി’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയത്. പേരു സൂചിപ്പിക്കുന്നതു പോലെ പ്രണയവും കല്ല്യാണവും തന്നെയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അയല്‍വാസികളാണ് ശരത്തും (ശ്രാവണ്‍) ശാരിയും (വര്‍ഷ). അഞ്ചാമത്തെ വയസു മുതല്‍ ശരത്തിനു ശാരിയോടു പ്രണയമാണ്. എന്നാല്‍ ചെറുപ്പത്തില്‍ അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ക്കിടയില്‍ മുതിരും തോറും അകലം കൂടി വരുന്നു. തന്‍റെ പ്രണയം ശാരിയോടു തുറുന്നു പറയാന്‍ ശരത് പല വഴികളും നോക്കുന്നുണ്ടെങ്കിലും അതിനുള്ള ധൈര്യം അയാള്‍ക്കില്ല. സുഹൃത്തും ശരത്തിനെക്കാള്‍ രണ്ടു വയസ്സു മാത്രം മുതിര്‍ന്ന അയാളുടെ അമ്മാവനും ശിങ്കിടികളായി കൂടെയുണ്ടെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാകുന്നില്ല.

ശരത്തിന്‍റെ മാതാപിതാക്കളായി ശ്രീനിവാസനും മാലാ പാര്‍വ്വതിയുമെത്തുമ്പോള്‍ ശാരിയുടെ അച്ഛനായി എത്തുന്നത് മുകേഷാണ്. ഹരീഷ് കണാരനും ഗ്രിഗറിയും അമ്മാവന്‍റെയും സുഹൃത്തിന്‍റെയും കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എല്ലാ പ്രണയകഥകളും ഏറെക്കുറേ ക്ലീഷേ ആണെന്നിരിക്കേ, ‘കല്ല്യാണം’ അതിനു ഒരു പടി മുന്‍പിലാണ്, ക്ലീഷേകളുടെ അയ്യരുകളിയായ ഈ ചിത്രം.

അയല്‍വാസിയും കളിക്കൂട്ടുകാരിയുമായ പെണ്‍കുട്ടിയോടു തോന്നുന്ന പ്രണയത്തെ കണ്ടു മടുത്ത ചേരുവകള്‍ ഒട്ടും ചേരും പടിയല്ലാതെ ചേര്‍ത്ത് സംവിധായകന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചിരിക്കുന്നത് നിരാശപ്പെടുത്തും. തമാശകള്‍ക്കായി കുത്തി നിറച്ച തമാശകളും സംഭാഷണങ്ങളും, പ്രേമിക്കുന്ന പെണ്‍കുട്ടിയെ കയറി പീഡിപ്പിച്ചാല്‍ പിന്നെ അവളെ സ്വന്തമാക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശവുമൊക്കെ വിളമ്പുന്ന രംഗങ്ങള്‍ കണ്ടിരിക്കാന്‍ അപാരമായ ക്ഷമയുള്ളവര്‍ക്കേ കഴിയൂ.

ശക്തമല്ലാത്ത നായക കഥാപാത്രത്തില്‍ എത്തിയ ശ്രാവണ്‍ മുകേഷിന്‍റെ അഭിനയവും എടുത്തു പറയാന്‍ തക്കവണ്ണമുള്ള മുഹൂര്‍ത്തങ്ങള്‍ ഒന്നും തന്നെ സമ്മാനിച്ചില്ല. അഭിനയത്തിന് ആഗ്രഹം മാത്രം പോര, ‘അപ്റ്റിറ്റ്യൂഡ്‌’ കൂടി വേണം. ശ്രാവണിന് അത് അച്ഛനമ്മമാരില്‍ നിന്നും ജനിതകമായി പകര്‍ന്നു കിട്ടിയിട്ടുണ്ടാകാം. പക്ഷെ അവതരണത്തിന് വേണ്ട തയ്യാറെടുപ്പുകള്‍, അതിന്‍റെ പൂര്‍ണ്ണതയില്‍ ശ്രാവണിന് കിട്ടിയതായി അഭിനയം കാണുമ്പോള്‍ തോന്നുന്നില്ല.

നല്ല സിനിമകളില്‍, നല്ല വേഷങ്ങള്‍ നന്നായി തന്നെ കൈകാര്യം ചെയ്തു കണ്ടിട്ടുള്ള മുകേഷ്, ശ്രീനിവാസന്‍, മാലാ പാര്‍വ്വതി എന്നിവരില്‍ നിന്നൊക്കെ ശരാശരിയിലും താഴ്ന്ന പ്രകടനം കാണേണ്ടി വരുന്നത് സങ്കടമാണ്. പറഞ്ഞു പഴകിയ കഥയും, ദുര്‍ബ്ബലമെന്നു പോലും വിളിക്കാന്‍ ബലമില്ലാത്ത തിരക്കഥയും ഈ ചിത്രത്തിന്‍റെ വില്ലന്‍. ധര്‍മ്മജന്‍, ഇന്ദ്രന്‍സ് എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് എന്താണ് ഈ ചിത്രത്തില്‍ കാര്യം എന്ന് പ്രേക്ഷകര്‍ക്ക് ന്യായമായും സംശയം തോന്നാം. എങ്കിലും ചിത്രത്തിലെ ഏറ്റവും നല്ല പ്രകടനം ഇന്ദ്രന്‍സിന്റെതാണ്.

ചിത്രത്തിന്റെ ‘പോസിറ്റീവ്സ്’ എന്നു വിളിക്കാവുന്നത് ഗാനങ്ങളെയാണ്. ഗാനരംഗങ്ങള്‍ ബോറടിപ്പിക്കുമ്പോഴും, സിദ്ദാര്‍ത്ഥ് മേനോന്‍, നജീം അര്‍ഷാദ് എന്നിവരുടെ പാട്ടുകളും, ദുല്‍ഖര്‍ സല്‍മാന്‍-ഗ്രിഗറി ടീമിന്‍റെ പാട്ടും നന്നായി. ‘കല്യാണ’ത്തിന്‍റെ സാങ്കേതിക വശങ്ങള്‍ക്കൊന്നും തന്നെ തിരക്കഥയുടെ പാളിച്ചകള്‍ മറച്ചു പിടിക്കാന്‍ ആയില്ല.

‘കല്ല്യാണം’ എന്നത് നമ്മുടെ സമൂഹത്തിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വാക്കാണ്‌, വിഷയമാണ്. ആ വ്യവസ്ഥയുടെ, വിഷയത്തിന്‍റെ മാനങ്ങള്‍ വളരെ വലുതാണ്‌. ആ ഒരു വാക്ക്, ഇങ്ങനെ ചെറിയൊരു സിനിമയില്‍ ഉപയോഗിച്ച് തീര്‍ന്നത് നഷ്ടം തന്നെ. ‘ചിലപ്പോ ബിരിയാണി കിട്ടിയാലോ’ എന്ന റിസ്ക്കില്‍ താത്പര്യമുള്ളവര്‍ മാത്രം കാണേണ്ട ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ