Kalki Malayalam Movie Review: ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് ‘കൽക്കി’. ഗുണ്ടാവിളയാട്ടം പുത്തരിയല്ലാത്ത ഒരു ദേശത്തെ രക്ഷിക്കാനെത്തുന്ന ‘കൽക്കി അവതാര’മായി ടൊവിനോ തോമസ് സ്ക്രീനിൽ നിറയുന്ന ‘കൽക്കി’ ഇന്ന് തിയേറ്ററുകളിലെത്തി.

തമിഴ്നാടിനും കേരളത്തിനും അതിർത്തി പങ്കിടുന്ന ഒരിടമാണ് നഞ്ചങ്കോട്ട്. അധികാരവും പണവും കൊണ്ട് ഡിവൈപി എന്ന രാഷ്ട്രീയ പാർട്ടിയിലെ തലതൊട്ടപ്പനായ അമർനാഥും (ശിവജിത്ത്) അയാളുടെ കുടുംബവും ചൊൽപ്പടിയ്ക്ക് നിർത്തുന്ന ഒരു ഗുണ്ടാരാജ്യമാണ് നഞ്ചങ്കോട്ട് ഇന്ന്. തമിഴ് ജനതയെ നാടുകടത്തി അവർ താമസിച്ചിരുന്ന സ്ഥലങ്ങളൊക്കെ കയ്യേറിയിരിക്കുകയാണ് അമർനാഥും അയാളുടെ കൂട്ടാളികളും. കൊല്ലും കൊലയും ഗുണ്ടായിസവുമൊക്കെ സാധാരണസംഭവമായ, അമർനാഥിന്റെ നിയന്ത്രണത്തിലുമുള്ള നഞ്ചങ്കോട്ടിൽ പൊലീസും പോലീസുകാരും നോക്കുകുത്തികൾ മാത്രമാണ്. നാണക്കേടുകൊണ്ട് ഒരു സബ് ഇൻസ്പെക്ടർ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിക്കുക വരെ ചെയ്യുന്ന അതേ നഞ്ചങ്കോട്ടിലേക്കാണ് ഇൻസ്പെക്ടർ കെ (ടൊവിനോ തോമസ്) എത്തുന്നത്. പറയത്തക്ക അംഗബലമൊന്നുമില്ലാത്ത തന്റെ സഹപ്രവർത്തകർക്കൊപ്പം ചേർന്ന് അയാൾ നടത്തുന്ന തേരോട്ടമാണ് പിന്നെയങ്ങോട്ട്.

ടൊവിനോയുടെ കരിയറിലെ ആദ്യത്തെ മുഴുനീള മാസ്സ് പടം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമാവും ‘കൽക്കി’. അതുകൊണ്ടു തന്നെ ഒരു നടനെന്ന രീതിയിൽ ടൊവിനോയുടെ കരിയറിൽ നിർണായകവുമാണ് ഈ ചിത്രം. ഉരുക്കുഹൃദയവും മസിൽ കരുത്തും കട്ടിമീശയുമെല്ലാമുള്ള പരുക്കൻ പൊലീസ്​ ഓഫീസറായി സിനിമയിലുടനീളം നിറയുന്ന ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആക്ഷനും സ്റ്റൈലുമൊക്കെയായി പ്രേക്ഷകരുടെ പൾസ് അറിയുന്ന പ്രകടനമാണ് ടൊവിനോ കാഴ്ച വയ്ക്കുന്നത്.

പ്രധാന വില്ലനായെത്തിയ ശിവജിത്ത്, സംയുക്ത മേനോൻ, ഹരീഷ് ഉത്തമൻ, സൈജു കുറുപ്പ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജയിംസ് ഏലിയ, അഞ്ജലി നായർ, അപർണ നായര്‍, സുധീഷ്, ഇർഷാദ്, വിനി വിശ്വലാൽ എന്നിവരും നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

നവാഗതനായ പ്രവീണ്‍ പ്രഭരം ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു ആക്ഷൻ മാസ് ചിത്രമെന്ന ഴോണറിനോട് നീതി പുലർത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ദിലീപ് സുബ്ബരയന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേർന്നൊരുക്കിയ സിനിമയിലെ ആക്‌ഷൻ സീനുകളും ആവേശമുണർത്തും.

ജേക്ക് ബിജോയുടെ മ്യൂസിക്കാണ് എടുത്തു പറയേണ്ട മറ്റൊന്ന്. നിർണായകമായ രംഗങ്ങൾക്ക് പശ്ചാത്തലസംഗീതം ഉണ്ടാക്കുന്ന​ ഓളം ചെറുതല്ല. ചിത്രത്തിന്റെ മാസ്സ് സ്വഭാവം നിലനിർത്തുന്നതിലും മ്യൂസിക്കിന് നല്ല പങ്കുണ്ട്. ഗൗതം ശങ്കറിന്റെ സിനിമോട്ടോഗ്രാഫിയും ചിത്രത്തിന്റെ മൂഡിനോട് ചേർന്നുപോവുന്നു.

Kalki Movie Review, Kalki Malayalam Movie Review, Tovino Thomas starrer Kalki Malayalam Movie Review

‘കൽക്കി’ പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നിർമ്മിക്കപ്പെട്ട ഒരു ആക്ഷൻ ചിത്രമാണ്. യുക്തിഭദ്രമായ ഒരു കഥയേക്കാൾ,​ കുറച്ചുകൂടി ഫിക്ഷൻ സ്വഭാവത്തിലാണ് സിനിമ ഒരുക്കപ്പെട്ടിരിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാൽ തിരക്കഥയിൽ പലയിടത്തും പാളിച്ചകൾ കണ്ടെത്താം. എന്നാൽ നഞ്ചങ്കോട്ട് എന്ന ഒരു സാങ്കൽപ്പിക ദേശത്തിന്റെ കഥ എന്ന രീതിയിൽ സമീപിച്ചാൽ രസിച്ച് ആസ്വദിക്കാവുന്നതേയുളളൂ.

കഥാപാത്രങ്ങളെയും അവയുടെ പശ്ചാത്തലവും പ്രേക്ഷകർക്ക് മനസ്സിലാവുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതിൽ ചിലയിടത്തൊക്കെ തിരക്കഥ പരാജയപ്പെടുന്നുവെന്നതാണ് ഒരു പോരായ്മയായി തോന്നിയത്. ചിലയിടത്തൊക്കെ പ്രവചിക്കാവുന്ന കഥാമുഹൂർത്തങ്ങളിലൂടെയാണ് തിരക്കഥയുടെ സഞ്ചാരം. എന്നിരുന്നാലും, ആക്ഷൻ- മാസ് സിനിമകളുടെ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകളെല്ലാമുള്ളൊരു ചിത്രമാണ് ‘കൽക്കി’. അത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ‘കൽക്കി’യ്ക്ക് ടിക്കറ്റെടുക്കാം. രണ്ടരമണിക്കൂർ തിയേറ്ററിൽ കയ്യടിച്ചും വിസിലടിച്ചും ആഘോഷിക്കാനുള്ളതൊക്കെ ചിത്രത്തിലുണ്ട്.

Read more: ഉയരെ’ മുതല്‍ ‘ഫോറന്‍സിക്’ വരെ: അണിയറയിൽ ഒരുങ്ങുന്ന പത്ത് ടൊവിനോ ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook