വളരെ ചുരുക്കം സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് പിന്നീട് വാർത്തകളുടെ വെള്ളിവെളിച്ചത്തിൽ നിന്നും മറഞ്ഞ നിരവധി അഭിനേതാക്കൾ ഉണ്ട് നമുക്ക്. എന്നാൽ ഒരൊറ്റ പടംം കൊണ്ടു തന്നെ പലപ്പോഴും പ്രേക്ഷകർ അവരെ എന്നെന്നും ഓർക്കും. അത്തരമൊരു മുഖമാണ് മലയാളികൾക്ക് വേണു നാഗവള്ളി സംവിധാനം ചെയ്ത ‘കളിപ്പാട്ടം’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും ഉർവശിയുടെയും മകളായി അഭിനയിച്ച പെൺകുട്ടി. ദീപ്തി പിള്ളയായിരുന്നു ആ വേഷം അവതരിപ്പിച്ചത്.
ദേശീയ പുരസ്കാര ജേതാവായ ശിവന്റെ മകനും സംവിധായകനുമായ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി പിള്ള ഇന്ന്. സന്തോഷ്, സംഗീത് ശിവൻമാരുടെ ഇളയ സഹോദരനാണ് സഞ്ജീവ്
അഭിനയത്തിനൊപ്പം തന്നെ സംവിധാനത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ദീപ്തി പിള്ള ഇപ്പോൾ. ദീപ്തി സംവിധാനം ചെയ്ത ‘ഡീകോഡിംഗ് ശങ്കർ’ എന്ന ഡോക്യുമെന്ററിയ്ക്ക് ടോറേന്റോ ഇന്റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഡോക്യുമെന്ററി അവാർഡ് അടക്കം നിരവധി അന്തർദ്ദേശീയ പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ശങ്കർ മഹാദേവന്റെ ബയോഗ്രഫിയാണ് ഇത്.
‘മൂന്നിലൊന്ന്’ എന്നൊരു ചിത്രത്തിലും മുൻപ് ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത ‘അപരിചിതൻ’ എന്ന മലയാളം ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ആയും ദീപ്തി പ്രവർത്തിച്ചിരുന്നു. സീ എന്റർടെയിൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ ബിസിനസ് ഹെഡ്ഡായും ദീപ്തി പ്രവർത്തിക്കുന്നുണ്ട്.
Read more: ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്നവർ; ആരെന്ന് മനസ്സിലായോ?