കുതിരവട്ടം പപ്പു, ബാലൻ കെ നായർ, കുഞ്ഞാണ്ടി, മാമുക്കോയ, കോഴിക്കോട് ശാരദ, നിലമ്പൂർ ആയിഷ, കോഴിക്കോട് ശാന്താദേവി എന്നിങ്ങനെ പ്രൊഫഷണൽ നാടകവേദികളിൽ നിന്നും സിനിമയിലെത്തിയ നിരവധി കോഴിക്കോടൻ കലാകാരന്മാർ നമുക്കുണ്ട്. ആ പരമ്പരയിലെ അവസാനത്തെ കണ്ണികളിൽ ഒരാളായിരുന്നു കലിംഗ ശശി. ധന്യമായൊരു നാടക ഭൂതക്കാലം കലിംഗ ശശിയ്ക്കും പറയാനുണ്ട്. കാൽനൂറ്റാണ്ടിലേറെക്കാലം പ്രൊഫഷണൽ നാടകവേദിയിലെ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.
പ്രാഞ്ചിയേട്ടനിലെ ഇയ്യപ്പനും പാലേരി മാണിക്യത്തിലെ ഡി വൈ എസ് പി മോഹൻദാസുമൊക്കെയായി അഭ്രപാളികളിലെത്തി ശശി വിസ്മയിപ്പിച്ചപ്പോൾ പ്രേക്ഷകരിൽ ചിലരെങ്കിലും ചോദിച്ചിരിക്കാം, ‘ഇത്രയും നാൾ എവിടെയായിരുന്നെന്ന്?’ എന്നാൽ കേരളത്തിലെ നാടകവേദികൾക്ക് ശശി എന്നും ചിരപരിചിതനായിരുന്നു.
അഭിനയമോഹമോ നാടകമോഹമോ ഒട്ടുമേ ഇല്ലാതിരുന്ന ശശിയെ തേടി അഭിനയമെത്തുന്നത് യാദൃശ്ചികമായാണ്. കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായ വി. ചന്ദ്രകുമാര്‍ എന്ന കലിംഗ ശശിയെ നാടകലോകത്തേക്ക് കൈപ്പിടിച്ചുയർത്തുന്നത് അമ്മാവൻ വിക്രമൻ നായരാണ്. സ്റ്റേജ് ഇന്ത്യ എന്ന പ്രൊഫഷണൽ നാടകസമിതിയുടെ സാരഥിയായിരുന്നു വിക്രമൻ നായർ. തുടക്കത്തിൽ ‘സാക്ഷാത്കാരം’, ‘സ്ഥിതി’ തുടങ്ങിയ നിരവധി നാടകങ്ങളിൽ അഭിനയിച്ചെങ്കിലും പിഎം താജിന്റെ ‘അഗ്രഹാര’മാണ് ഒരു നടനെന്ന നിലയിൽ ശശിയ്ക്ക് ആദ്യം അംഗീകാരം നേടികൊടുത്ത നാടകങ്ങളിൽ ഒന്ന്. തുടർന്ന് ‘അമ്പലക്കാള’, ‘ജപമാല’, ‘ഗുരു’, ‘ക്ഷത്രിയൻ’, ‘എഴുത്തച്ഛൻ’, ‘ചിലപ്പതികാരം’, ‘കൃഷ്ണഗാഥ’, ‘ബൊമ്മക്കൊലു’, ‘ഭാഗ്യദേവത’, ‘സ്വർഗവാതിൽ’ എന്നിങ്ങനെ അഞ്ഞൂറിലേറെ നാടകങ്ങളിലൂടെ ശശി നാടകരംഗത്ത് പേരെടുത്തു.
‘സ്വപ്നസമുദ്ര’മെന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് നാടകസംവിധാനത്തിലും ശശി ഒരു കൈ പയറ്റിയെങ്കിലും സംവിധാനം തനിക്കു പറ്റിയ പണിയല്ലെന്ന് കണ്ട് ശശി വീണ്ടും അഭിനയത്തിലേക്ക് തന്നെ ശ്രദ്ധയൂന്നുകയായിരുന്നുവെന്ന് ഡോ. കെ ശ്രീകുമാറിന്റെ ‘അരങ്ങ്’ എന്ന പുസ്തകത്തിൽ പറയുന്നു. നാടകത്തിൽ നിന്നും മാറി കുറച്ചുകാലം ഏഷ്യാനെറ്റിലെ പ്രതിദിന ആക്ഷേപഹാസ്യപരിപാടിയായ ‘മുൻഷി’യിൽ പണ്ഡിറ്റായും അദ്ദേഹം വേഷമിട്ടിരുന്നു.
1998ൽ ‘തകരച്ചെണ്ട’ എന്ന ചിത്രത്തിലൂടെയായിരുന്നു കലിംഗ ശശിയുടെ സിനിമാ അരങ്ങേറ്റം. എന്നാൽ ചിത്രത്തിലെ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയുടെ കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടക്കം പരാജയപ്പെട്ടെങ്കിലും വെള്ളിത്തിരയിൽ തിരിച്ചെത്തുക എന്ന നിയോഗം അദ്ദേഹത്തെ കാത്തിരുന്നു എന്നുവേണം പറയാൻ. രഞ്ജിത് ചിത്രം ‘പാലേരിമാണിക്യ’ത്തിലൂടെ തിരിച്ചുവരവ് നടത്തിയപ്പോൾ ആ വരവ് വെറുതെയായതുമില്ല. തുടർന്നെത്തിയ ‘പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്’ എന്ന ചിത്രം കലിംഗ ശശിയെ പ്രേക്ഷകർക്കിടയിൽ പെട്ടെന്ന് തന്നെ സുപരിചിതനാക്കിമാറ്റി. നല്ല പൊക്കവും സവിശേഷമായ രൂപവും ശബ്ദവും മുഖഭാവങ്ങളും തന്നെയായിരുന്നു ഏതാൾക്കൂട്ടത്തിനിടയിലും കലിംഗ ശശിയെ ശ്രദ്ധേയനാക്കിയ ഘടകങ്ങൾ.
Read more: അരി പ്രാഞ്ചിയുടെ ഈയപ്പൻ യാത്രയായി; കലിംഗ ശശിയ്ക്ക് വിടചൊല്ലി മമ്മൂട്ടി
നടക്കാതെ പോയ ഒരു മഹാഭാഗ്യത്തിന്റെ കഥ കൂടി കലിംഗ ശശിയെന്ന അഭിനേതാവിനു പറയാനുണ്ട്. ഏതൊരു ഇന്ത്യൻ അഭിനേതാവും കൊതിക്കുന്ന വലിയൊരു ഭാഗ്യം ഇടക്കാലത്ത് കലിംഗ ശശിയെ തേടിയെത്തിയിരുന്നു. സ്റ്റീവൻ സ്പിൽബെർഗിന്റെ ഹോളിവുഡ് ചിത്രത്തിലേക്ക് ഒരു അവസരം. അതും ടോം ക്രൂയിസിനൊപ്പം സ്ക്രീൻ പങ്കിടാനൊരു വേഷം. എന്നാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആ ചിത്രം നടന്നില്ല. എല്ലാ അഭിമുഖങ്ങളിലും അതിനെ കുറിച്ച് പറയാറായിട്ടില്ലെന്നും സന്തോഷത്തോടെ ഒരിക്കൽ അറിയിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു കലിംഗ ശശി. ആ പ്രത്യാശ കൂടിയാണ് ഇപ്പോൾ കലിംഗ ശശിയ്ക്ക് ഒപ്പം അസ്തമിക്കുന്നത്.