പൂമരം കൊണ്ട് കപ്പലുണ്ടാക്കി മലയാളികളുടെ ഹൃദയത്തില്‍ പൂമഴ പെയ്യിച്ചിരിക്കുകയാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കാളിദാസ് പൂമരം സിനിമയിലൂടെ നായകനായി മടങ്ങിയെത്തിയിരിക്കുകയാണ്. മീന്‍കുഴമ്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം നായകനായതെങ്കിലും മലയാളികള്‍ക്ക് കാളിദാസ് സ്വന്തം വീട്ടിലെ പയ്യനാണ്. മലയാള സിനിമയിലെ എക്കാലത്തെയും പ്രണയജോഡികളിലൊന്നായ ജയറാം-പാര്‍വ്വതി താരദമ്പതികളുടെ മകന് അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെയും ആവശ്യമില്ല. ഹൃദ്യമായ ചിരിയും സൗമ്യമായ സംസാരവുംകൊണ്ട് എല്ലാവരുടേയും മനം കവര്‍ന്ന കാളിദാസ്, ഇന്ത്യന്‍ എക്സ്പ്രസ് ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തന്റെ മനസ്സ് തുറക്കുന്നു…

kalidas jayaram, kalidasan jayaram, jayaram

ഉത്തരവാദിത്വം കൂടി

മീന്‍കുഴമ്പും മണ്‍പാനയും പുറത്തിറങ്ങിയപ്പോള്‍ എല്ലാവരില്‍നിന്നും നല്ല അഭിപ്രായമാണു ലഭിച്ചത്. പൂമരം പാട്ട് റിലീസ് ചെയ്തപ്പോഴും ഇതു തന്നെയായിരുന്നു. ആദ്യത്തെ രണ്ട് ദിവസം മെസേജുകളും ഫോണ്‍ വിളികളും കൊണ്ട് ഫോണ്‍ ജാം ആയെന്നു വേണമെങ്കില്‍ പറയാം. എല്ലാവരുടേയും സ്നേഹം കിട്ടുമ്പോള്‍ വല്ലാത്ത സന്തോഷം. പക്ഷേ എനിക്ക് ഉത്തവാദിത്വം കൂട്ടുകയാണ്. അതിനാല്‍ ഇനി ചെയ്യുന്നതെല്ലാം എല്ലാവരുടേയും പ്രതീക്ഷയ്ക്കൊത്ത് ചെയ്യണം എന്ന ചിന്ത എപ്പോഴുമുണ്ട്. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോഴും ഇതു ശ്രദ്ധിക്കാറുണ്ട്.

ഇപ്പോള്‍ സിനിമയിലെത്തിയത് ഭാഗ്യം

കുഞ്ഞായിരിക്കുമ്പോള്‍ അഭിനയിച്ച കാലവും ഇന്നത്തെ കാലഘട്ടവും തമ്മില്‍ വ്യത്യാസമുണ്ട്. സിനിമ ഇന്ന് ഒരുപാട് മാറി. മലയാള സിനിമയില്‍ ഒരു വലിയ മാറ്റം നടക്കുന്ന കാലമാണിത്. പുതിയ സംവിധായകര്‍, പുതിയ ആശയങ്ങള്‍ ഇങ്ങനെ സിനിമ മാറിക്കൊണ്ടിരിക്കുന്നു. ഈ സമയത്ത് സിനിമയില്‍ വരാനായത് ഭാഗ്യമെന്ന് കരുതുന്നു. ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇപ്പോള്‍ ഒരു സീന്‍ എത്ര ടേക്ക് വേണമെങ്കിലും എടുത്ത് ശരിയാക്കാനുളള അവസരമുണ്ട്.

kalidas jayaram, jayaram

കഥയാണ് പ്രധാനം

നല്ല കഥകളുളള നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. കുറേ ഓഫറുകള്‍ മലയാളത്തിലും തമിഴിലും വരുന്നുണ്ട്. ഒരേ തരത്തിലുളള കഥാപാത്രങ്ങള്‍ ചെയ്യാതിരിക്കാനാണ് ശ്രമം. മലയാളത്തിലായാലും തമിഴിലായാലും കഥയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. കഥാപാത്രം ചെറുതായാലും വലുതായാലും നല്ല കഥ വേണം എന്നേയുളളൂ. പൂമരം സിനിമ തന്നെ ഉദാഹരണം. പൂമരത്തില്‍ ഞാനല്ല യഥാര്‍ഥത്തില്‍ നായകന്‍, കഥയാണ്.

അവരാണ് ബെസ്റ്റ് ഫ്രണ്ട്സ്

എന്റെ കുടുംബമാണ് എന്റെ ദൗര്‍ബല്യം. അപ്പ, അമ്മ, ചക്കി (സഹോദരി മാളവിക) ഇവരാണ് എന്റെ ലോകം. ഒരു കുടുംബം എന്നതിലും ഞങ്ങളെല്ലാവരും നല്ല സുഹൃത്തുക്കളാണ്. എന്തുണ്ടെങ്കിലും ആദ്യം പറയുന്നതും ഇവരോടാണ്. എത്ര ഷൂട്ടിങ് തിരക്കാണെങ്കിലും അതുകഴിഞ്ഞ് വീട്ടില്‍ വന്നാല്‍ കിട്ടുന്ന സുഖം ഒന്നു വേറെയാണ്. ഞാന്‍ ഭയങ്കര ഹോംസിക്ക് ആയതുകൊണ്ട് യാത്രകളെക്കാള്‍ ഇഷ്ടം അവരോടൊപ്പം ചെലവഴിക്കാനാണ്. ചക്കിയാണ് എന്റെ ഏറ്റവും വലിയ വിമര്‍ശക. എന്തു ചെയ്താലും നല്ലതാണെങ്കില്‍ നല്ലതെന്നു പറയും അല്ലെങ്കില്‍ മുഖത്തു നോക്കി കൊളളില്ലെന്നും പറയും.

kalidas jayaram, jayaram, kalidas family, jayaram family, parvathy jayaram family

അപ്പയുടേയും അമ്മയുടേയും സിനിമകള്‍

അപ്പയും അമ്മയും (ജയറാം, പാര്‍വ്വതി) ചെയ്ത സിനിമകള്‍ ഇടയ്ക്കിടെ കാണുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. നടന്‍ സിനിമയിലെ അപ്പയുടെ അഭിനയം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ അത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. അമ്മയുടെ സിനിമകളില്‍ വടക്കുനോക്കി യന്ത്രം ഒരുപാട് തവണ കണ്ടിട്ടുണ്ട്. രണ്ടുപേരും ഒന്നിച്ച് അഭിനയിച്ച ശുഭയാത്രയും ഇഷ്ട സിനിമകളില്‍ ഒന്നാണ്.

പഠനം കഴിഞ്ഞ് സിനിമ

സിനിമയില്‍ വരുന്നതിന് മുന്‍പു ഡിഗ്രി പഠനം പൂര്‍ത്തിയാക്കണമെന്ന് അമ്മയ്ക്കും അപ്പയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. പ്ലസ് ടു എറണാകുളം ചോയ്സ് സ്‌കൂളിലായിരുന്നു. ഡിഗ്രി ചെയ്തത് ചെന്നൈ ലയോള കോളേജിലാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനായിരുന്നു വിഷയം. അതുകഴിഞ്ഞാണ് സിനിമയിലേക്ക് വന്നത്.

kalidas jayaram

കൂള്‍ കൂള്‍

ഞാന്‍ എപ്പോഴും കൂളാണ്. അധികം ദേഷ്യം വരാറില്ല. എന്നെ ദേഷ്യം പിടിപ്പിക്കണമെങ്കില്‍ അത്രയ്ക്ക് കുഴപ്പക്കാരനായ ഒരാളാകും അത്.

സിനിമ അല്ലാതെ ഇഷ്ടം

കാറുകളോട് ഭയങ്കര ക്രേസ് ആണ്. പറ്റുന്ന സമയത്തെല്ലാം ഡ്രൈവ് ചെയ്യാനും ഇഷ്ടമാണ്. കാറുകളെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും അറിഞ്ഞുവയ്ക്കാറുണ്ട്. പിന്നെ ഇഷ്ടം മിമിക്രിയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചെറുതായി ചെയ്തു തുടങ്ങിയതാണ്. പിന്നീട് കോളേജില്‍ എത്തിയപ്പോള്‍ ഒരുപാടു പേരുടെ മുന്നില്‍ ചെയ്യാന്‍ തുടങ്ങി. കോളേജിലെ പരിപാടികള്‍ക്ക് നാലായിരം അയ്യായിരം കാണികള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ ഒരു സ്റ്റേജ് ഷോയില്‍ ചെയ്ത വിഡിയോയാണ് വൈറലായത്. ക്രിക്കറ്റും ബാഡ്മിന്റനും കളിക്കുന്നതും പതിവായിരുന്നു. എങ്കിലും ഏറ്റവും ഇഷ്ടം സിനിമയാണ്. ദിവസം ഒരു പുതിയ സിനിമയെങ്കിലും കാണാന്‍ ശ്രമിക്കാറുണ്ട്.

kalidas jayaram, kalidas interview

പ്രണയം…

എല്ലാ മനുഷ്യര്‍ക്കും തോന്നുന്ന പോലെ എനിക്കും പ്രണയം തോന്നിയിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോഴെല്ലാം ചിലരോട് തോന്നാറില്ലേ.. അങ്ങനെ. പക്ഷേ അവര്‍ക്കും തിരിച്ചു തോന്നണ്ടേ! സീരിയസായി ഒരു പ്രണയത്തെക്കുറിച്ചൊക്കെ ആലോചിക്കുന്ന സമയമായപ്പോള്‍ സിനിമയിലും വന്നു. പിന്നെ പ്രണയിക്കാന്‍ സമയം കിട്ടണ്ടേ!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ