ഇടയ്ക്കിടെ മേക്ക്ഓവർ പരീക്ഷണങ്ങൾ നടത്തി ഞെട്ടിക്കാറുള്ള നടനാണ് ജയറാം. ‘അല വൈകുണ്ഠപുരമുലൂ’ എന്ന അല്ലു അർജുനൻ ചിത്രത്തിനായി 13 കിലോയോളം ശരീരഭാരം കുറച്ച ജയറാമിന്റെ ചിത്രങ്ങൾ ഇടക്കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ലോക്ക്ഡൗൺ കാലവും ഫിറ്റ്നസ്സിനും വ്യായാമത്തിനും വേണ്ടി മാറ്റിവയ്ക്കുകയാണ് താരം. ജയറാമിന്റെ വർക്ക് ഔട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരത്തിന്റെ മകനും നടനുമായ കാളിദാസ് ആണ് ഇൻസ്റ്റഗ്രാമിൽ അപ്പന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.

“നിങ്ങളുടെ ഒഴിവുകഴിവുകളേക്കാൾ ശക്തനായിരിക്കുക. ഈ മനുഷ്യൻ ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വർക്ക് ഔട്ട് ചെയ്യുന്നു, അദ്ദേഹത്തിന്റെ പ്രായത്തിൽ അദ്ദേഹം നിൽക്കുന്നതിന്റെ പകുതിയെങ്കിലും എത്താനായാൽ ഞാൻ സ്വയം ഭാഗ്യവാനായി കരുതും,” ചിത്രം പങ്കുവച്ചുകൊണ്ട് കാളിദാസ് കുറിച്ചു.

കൂടുതൽ മെലിഞ്ഞു ചെറുപ്പമായ ജയറാമിന്റെ പുതിയ മേക്ക് ഓവർ ചിത്രങ്ങൾക്ക് താഴെ രമേഷ് പിഷാരടി, വിജയ് യേശുദാസ് അടക്കമുള്ളർ കമന്റ് ചെയ്തിട്ടുണ്ട്. “അദ്ദേഹം എന്താണ് എന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അദ്ദേഹം എന്താണെന്നോ എവിടെ നിൽക്കുന്നുവെന്നോ താരതമ്യപ്പെടുത്തേണ്ടതില്ല, നീ സ്വയം പരിശ്രമിച്ച് സ്വന്തമായ പാതയിൽ മുന്നേറുക, നിന്നെ സംതൃപ്തനാക്കുന്ന കാര്യങ്ങൾ​ ചെയ്യുക,” എന്നാണ് വിജയ് യേശുദാസ് കാളിദാസിനോട് പറയുന്നത്.

ജയറാമിന്റെ ആനപ്രേമവും ചെണ്ടമേളത്തോടുള്ള പ്രിയവുമൊക്കെ മലയാളികൾക്ക് പുത്തരിയല്ല. അടുത്തിടെ പെരുമ്പാവൂരിന് അടുത്ത് തോട്ടുവയിലെ ജയറാം ഒരു ഫാമും ആരംഭിച്ചിരുന്നു. മുത്തശ്ശി ആനന്ദവല്ലി അമ്മാളിന്റെ പേരാണ് ജയറാം ഫാമിന് നൽകിയിരിക്കുന്നത്. പത്തുവർഷം മുൻപ് അഞ്ചു പശുക്കളുമായി തുടങ്ങിയ ഈ ഫാമിൽ ഇപ്പോൾ അമ്പതോളം പശുക്കളാണ് ഉള്ളത്. പ്രതിദിനം 300 ലിറ്ററോളം പാലും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പശുക്കൾക്കു വേണ്ട പുല്ലും ഇവിടെതന്നെ കൃഷി ചെയ്യുന്നു. പശുക്കളെ കെട്ടിയിട്ട് വളർത്താൻ ഇഷ്ടപ്പെടാത്ത താരം അവയ്ക്ക് സ്വതന്ത്രമായി മേയാനുള്ള സൗകര്യവും ഫാമിൽ ഒരുക്കിയിട്ടുണ്ട്.

Read more: ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും; ജയറാമിന്റെ പശുസ്നേഹം ക്യാമറയിൽ പകർത്തി കാളിദാസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook