കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ ആന്റ് മിസ് റൗഡി’ ഇന്ന് റിലീസിനെത്തുന്നു. ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് കാളിദാസ് വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. 2018 മാർച്ചിൽ റിലീസിന് എത്തിയ ‘പൂമര’ത്തിലൂടെയായിരുന്നു കാളിദാസന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.
ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ‘മിസ്റ്റര്‍ ആന്റ് മിസ് റൗഡി’ പറയുന്നത്. ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയിൽ മുടിയും താടിയുമൊക്കെ നീട്ടി കട്ട ലോക്കൽ ലുക്കിലാണ് കാളിദാസ് എത്തുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘മമ്മി ആന്‍ഡ് മി’ , ‘മൈ ബോസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കോമഡിക്കു പ്രാധാന്യം നല്‍കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മിസ്റ്റര്‍ ആന്റ് മിസ് റൗഡി’. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷെബിന്‍ ബെന്‍സണ്‍, ഗണപതി, വിഷ്ണു ഗോവിന്ദൻ, സായ് കുമാർ, വിജയരാഘവൻ, വിജയ് ബാബു, ജോയ് മാത്യു, ശരത്, എസ്തർ അനിൽ, ഷാഹീൻ സിദ്ദീഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പും പശ്ചാത്തല സംഗീതം അനിൽ ജോൺസണും നിർവ്വഹിക്കും. അയൂബ് ഖാനാണ് എഡിറ്റർ. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. കാളിദാസ് ബസ് ഡ്രൈവറുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ ഒരു ഗാനം അണിയറപ്രവർത്തകർ അടുത്തകാലത്ത് റിലീസ് ചെയ്തിരുന്നു. നജീം അർഷാദും അരുൺ വിജയും ചേർന്നാണ് ‘പുതിയ വഴിയിലിനി യാത്രയാണ് ചെറു ജീവിതങ്ങളിലിതിലെ…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണൻ ബികെയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നതും അരുൺ വിജയ് തന്നെ.
വാരിക്കുഴിയിലെ കൊലപാതകം
രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതക’മാണ് നാളെ റിലീസിനെത്തുന്ന മറ്റൊരു ചിത്രം. ലെന, നെടുമുടി വേണു, സുധി കോപ്പ, ഷമ്മി തിലകൻ, ധീരജ് റെഡ്ഡി, ദിലീഷ് പോത്തൻ, അമീറ, അമിത്ത് ചക്കാലക്കൽ, ലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സംവിധായകന്‍ രജീഷ് മിഥിലയുടെ രണ്ടാമത്തെ ചിത്രമാണ് ‘വാരിക്കുഴിയിലെ കൊലപാതകം’.
‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന സിനിമയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മണിയന്‍പ്പിള്ള മമ്മൂട്ടിയോട് പറയുന്ന കഥയുടെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. പേരിലെ ആ പ്രത്യേകത തന്നെയാണ് ചിത്രത്തെയും ശ്രദ്ധേയമാക്കുന്നത്.രജീഷ് മിഥില തന്നെയാണ് തിരക്കഥ ഒരുക്കിയത്. സംഗീതസംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനങ്ങള്‍ ആലപിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകന്‍ എംഎംകീരവാണി, ഗായിക ശ്രേയാ ഘോഷാല്‍ എന്നിവരാണ്.
Read more: അച്ഛനെക്കാള്‍ നല്ല നടന്‍ ഞാന്‍ തന്നെ; കൈയ്യടി വാങ്ങി കാളിദാസ്