ജയറാമിന് പ്രേമം ചെണ്ടയോടാണെങ്കില്‍ മകന്‍ കാളിദാസിന് വാഹനങ്ങളോടാണ്. കാളിദാസിന്റെ സ്വപ്‌ന വാഹനം ലംബോര്‍ഗിനിയാണ്. എന്നാലിപ്പോള്‍ ഓഫ് റോഡ് ട്രിപ്പുകള്‍ക്കായി മഹീന്ദ്രയുടെ താര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരപുത്രന്‍.

താറിനൊപ്പമുള്ള തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് ഓഫ് റോഡ് ട്രിപ്പിന് പറ്റിയ നല്ല സ്ഥലങ്ങൾ കമന്റ് ബോക്സിൽ നിർദ്ദേശിക്കാനും കാളിദാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഫ് റോഡ് പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള വാഹനമാണ് മഹീന്ദ്രയുടെ താര്‍. 9. 28ലക്ഷം രൂപയാണ് ഇതിന്റെ ഷോറൂം വില. 13 കിലോമീറ്റര്‍ മൈലേജാണ് താര്‍ വാഗ്‌ദാനം ചെയ്യുന്നത്. ആറ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന വാഹനമാണ്. എന്‍ഇഎഫ് ടിസിഐ-സിആര്‍ഡിഇ എൻജിനാണ് താറിന്റെ സവിശേഷത.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് കാളിദാസ്. കാളിദാസിന്റെ അടുത്ത മലയാളം ചിത്രം ജീത്തു ജോസഫിനോടൊപ്പമായിരിക്കും.

ജീത്തു ജോസഫ് ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ജീത്തു ജോസഫ് അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് ഇപ്പോഴുള്ളത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിനു ശേഷമായിരിക്കും കാളിദാസ്, ജീത്തു ജോസഫ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook