കാളിദാസിനോട് മലയാളികള്‍ക്ക് എന്നുമൊരിഷ്ടമുണ്ട്. ജയറാമിന്‍റെ മകനായതുകൊണ്ടു മാത്രമല്ല, ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ ‘എന്‍റെ വീട് അപ്പൂന്റേം’ എന്നീ ചിത്രങ്ങളിലോക്കെ തന്മയത്വത്തോടെ അഭിനയിച്ചു, അച്ഛനില്‍ നിന്നും വ്യത്യസ്തനായ ഒരു നടനുണ്ട്‌ എന്നില്‍ എന്ന് കാണിച്ചു തന്നത് കൊണ്ട്.  വൈകി വന്ന ‘പൂമര’ത്തിനായി മലയാളി കാത്തിരുന്നതും അത് കൊണ്ട് തന്നെ.  മലയാളത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് കാളിദാസ് ഐ ഇ മലയാളത്തോട്…

കാത്തിരിപ്പിനൊടുവില്‍ ‘പൂമരം’ പൂത്തപ്പോള്‍

ചിത്രത്തെക്കുറിച്ച് നല്ല ഫീഡ് ബാക്കുകളാണ് ഇത് വരെ കിട്ടിയത്. പ്രത്യേകിച്ച് കലോത്സവത്തിലൊക്കെ പങ്കെടുത്ത, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ അതിന്‍റെ ഭാഗമായിരുന്നവര്‍ക്ക് സിനിമ കൂടുതല്‍ അടുത്തു നില്‍ക്കുന്നതായി തോന്നുന്നുന്നു എന്നാണ് പറയുന്നത്. പിന്നെ സംഗീതത്തിനും ഒരുപാട് പ്രാധാന്യം നല്‍കുന്ന ചിത്രമാണല്ലോ. സിനിമയ്ക്ക് അകത്തു നിന്നും പുറത്തുനിന്നും നല്ല അഭിപ്രായങ്ങളാണ് ഇതുവരെ ലഭിച്ചത്.

അച്ഛനുമമ്മയും പറഞ്ഞത്

അച്ഛനും അമ്മയ്ക്കു സന്തോഷമായി എന്നാണ് പറഞ്ഞത്. അവര്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടു പേരും ആദ്യ ദിവസം തന്നെ ചിത്രം കണ്ടിരുന്നു. തിരക്കഥ കേട്ട് ചിത്രം തിരഞ്ഞെടുത്തത് ഞാന്‍ തന്നെയായിരുന്നു. പിന്നീടാണ് അച്ഛനോടും അമ്മയോടും പറഞ്ഞത്.

Kalidas, Jayaram, Parvathi, Malavika

ജയറാം, പാര്‍വ്വതി, കാളിദാസ്, മാളവിക: മുന്‍കാല ചിത്രം

കലോത്സവം എന്ന പുതിയ അനുഭവം

കേരളത്തിനു പുറത്ത് പഠിച്ചു വളര്‍ന്നു ജീവിച്ച എനിക്ക് മഹാരാജാസ് കോളേജും കലോത്സവവുമെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. സത്യം പറഞ്ഞാല്‍ ഗൗതം എന്ന കഥാപാത്രമാകാന്‍ പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ല. മഹാരാജാസിലെ കുട്ടികളാണ് വേണ്ട സഹായമൊക്കെ ചെയ്തു തന്നത്. അവിടുത്തെ ചെയര്‍മാനൊക്കെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്ങിനെയാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സംസാരിക്കേണ്ടത്, പെരുമാറേണ്ടത് എന്നൊക്കെ പഠിച്ചത് അവരില്‍ നിന്നാണ്.

Read More: ഇവളാണിവളാണ്‌… കാളിദാസന്‍റെ ‘പൂമര’ത്തിലെ പുലിക്കുട്ടി

Read More: പ്രതീക്ഷയുടെ ‘പൂമരം’

നന്നായി ആസ്വദിച്ചാണ് സിനിമ ചെയ്തത്. എല്ലാവരും പുതുമുഖങ്ങള്‍. ഒരു സിനിമയില്‍ അഭിനയിക്കുകയാണെന്ന തോന്നലൊന്നും ഞങ്ങള്‍ക്കാര്‍ക്കും ഇല്ലായിരുന്നു. സിനിമയില്‍ കാണുന്നതു പോലെ, ആകെ ഒരു കലോത്സവത്തിന്‍റെ അന്തരീക്ഷമായിരുന്നു സെറ്റിലും.

കഥയാണ് ഒരു സിനിമയിലെ നായകന്‍

ഒരു നായകന്‍ എന്ന നിലയില്‍ എന്ന് കിട്ടാന്‍ സാധ്യതയുള്ള സ്‌ക്രീന്‍ സ്‌പേസിനെക്കാള്‍ ഞാന്‍ സബ്ജക്ടിനാണ് പ്രാധാന്യം നല്‍കിയത്. നല്ലൊരു കഥയാണെന്നു തോന്നി. നല്ലൊരു സിനിമയുടെ ഭാഗമാകുക എന്നതിലല്ലേ കാര്യം. കഥ കേട്ട് ഇഷ്ടമായപ്പോള്‍ പിന്നെ മറ്റൊന്നും നോക്കിയില്ല.

അച്ഛനുമായുള്ള താരതമ്യം

അത്തരം കമന്റ്‌സ് ഒന്നും ആരും പറഞ്ഞു കേട്ടില്ല. ഞാന്‍ ഒരു തുടക്കക്കാരനല്ലേ. ഇനിയും എത്രയോ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അനുഭവങ്ങളിലൂടെ മെച്ചപ്പെടുന്ന ഒന്നല്ലേ അഭിനയം എന്നത്.

ചിത്രം വൈകാന്‍ കാരണം

സിനിമ കണ്ടാല്‍ മനസ്സിലാകും അത്, ഒരുപാട് വര്‍ക്ക് ഉണ്ടായിരുന്നു അതിനു പുറകില്‍. പിന്നെ പാട്ടുകള്‍ വലിയ ഹിറ്റായി, ആളുകള്‍ക്ക് പ്രതീക്ഷ കൂടുതലാകും. അതുകൊണ്ട് പരമാവധി നന്നാക്കി ഇറക്കണം എന്നൊരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. അതാണ് വൈകാന്‍ കാണം.

ട്രോളുകളും വിമര്‍ശനങ്ങളും

ട്രോളുകളെയും വിമര്‍ശനങ്ങളേയുമെല്ലാം പോസിറ്റീവ് ആയേ എടുത്തിട്ടുള്ളൂ. ശരിക്കും ട്രോളുകളെല്ലാം സിനിമയെ കൂടുതല്‍ സഹായിക്കുകയാണ് ചെയ്തത്. അതൊക്കെ വായിച്ച് കുറേ ചിരിച്ചിട്ടുണ്ട്. വിമര്‍ശനങ്ങളാണല്ലോ നമ്മളെ മെച്ചപ്പെടുത്തുന്നത്.

അടുത്ത ചിത്രം

മലയാളത്തില്‍ ഇതുവരെ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ലെങ്കിലും, ഒരു മലയാളി സംവിധായകന്‍റെ തമിഴ് ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്‍റെ അടുത്ത ചിത്രം തമിഴിലാണ്. അതു മാത്രമേ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുള്ളൂ. മലയാള സിനിമയില്‍ സജീവമാകാനാണ് ആഗ്രഹം. നല്ല സിനിമകള്‍ വന്നാല്‍ ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ