പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അച്ഛനമ്മമാരുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയ കാളിദാസിന്റെ 28-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ മകന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ജയറാമും പാർവ്വതിയും പങ്കുവച്ച കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത്. ചേട്ടന് ആശംസകളുമായി മാളവികയും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
രസകരമായൊരു ആശംസാകുറിപ്പാണ് മാളവിക ഷെയർ ചെയ്തത്. “ഹാപ്പി ബർത്ത്ഡേ ചിമ്പ്! ഇന്ന് നിന്റെ പ്രത്യേക ദിനമായതിനാൽ, എനിക്കായൊരു ചെക്ക് ലിസ്റ്റ് ഇതാ. അർദ്ധരാത്രി നീയെന്നെ ഉണർത്താതിരിക്കാൻ, നിന്റെ ബെഡ്സൈഡ് ടേബിളിൽ എപ്പോഴും ലഘുഭക്ഷണങ്ങൾ സൂക്ഷിക്കുക.
നിങ്ങൾ ക്രിക്കറ്റ് തിയറി സെഷനുകളിലേക്ക് കടക്കുകയാണെങ്കിൽ ഒരു പേനയും നോട്ട്പാഡും എപ്പോഴും അടുത്ത് സൂക്ഷിക്കുക. കാരണം എനിക്കറിയാം പിന്നീട് എന്നെ നീ ചോദ്യങ്ങൾ കൊണ്ട് ശല്യപ്പെടുത്തുമെന്ന്.
എന്റെ കാറിന്റെ താക്കോൽ ഒളിപ്പിച്ചുവയ്ക്കുക.
വിയർത്ത വസ്ത്രങ്ങളുമായി നീയെന്റെ നേരെ വരുന്നത് കണ്ടാൽ കഴിയുന്നത്ര വേഗത്തിൽ ഓടാൻ.
നിന്നെ നീണ്ട ഉറക്കത്തിൽ നിന്നും ഉണർത്താൻ കഴിവുള്ളൊരു അലാറം സിസ്റ്റം കണ്ടുപിടിക്കാൻ,
നീയെന്നെ ശല്യപ്പെടുത്തിയാലും നിന്നെ സ്നേഹിക്കാൻ,” മാളവിക കുറിക്കുന്നതിങ്ങനെ.
കാളിദാസിന്റെ ഒരു കുട്ടിക്കാലചിത്രം പങ്കുവച്ചുകൊണ്ടാണ് ജയറാം ആശംസകൾ നേർന്നത്.
“എന്റെ മകൻ. നിന്നെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. നീയെന്ന മകനെ ചൊല്ലിയും നീയെന്ന മനുഷ്യനെ ചൊല്ലിയും. ഈ ലോകത്തിലെ എല്ലാ സന്തോഷവും നിന്നെ തേടിയെത്തട്ടെ, കണ്ണമ്മയ്ക്ക് ജന്മദിനാശംസകൾ,” എന്നാണ് പാർവതി ജയറാമിന്റെ ആശംസ.
ബാലതാരമായി കൊണ്ടായിരുന്നു കാളിദാസ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും കാളിദാസ് സ്വന്തമാക്കിയിരുന്നു. വർഷങ്ങൾക്കു ശേഷം കാളിദാസ് നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് ‘പൂമരം’ എന്ന ചിത്രത്തിലൂടെയായിരുന്നു. ലോക്ക്ഡൗൺ കാലത്ത് റിലീസിനെത്തിയ പുത്തം പുതു കാലൈ, പാവൈ കഥകൾ എന്നീ ആന്തോളജി ചിത്രങ്ങളാണ് അടുത്തകാലത്ത് കാളിദാസ് എന്ന നടനിലെ അഭിനയമികവ് പ്രകടമാക്കിയ സിനിമകൾ. പാവൈകഥകളിലെ അഭിനയത്തിന് മികച്ച നടനുള്ള
ബിഹൈൻഡ് വുഡ് ഗോൾഡ് ഐക്കൺസ് അവാർഡും കാളിദാസ് നേടി.