ഓഗസ്റ്റ് സിനിമയുമായുളള പങ്കാളിത്തത്തില്‍ നിന്നും നടന്‍ പൃഥ്വിരാജ് ഒഴിവായതിന് ശേഷം ഈ ബാനറില്‍ നിര്‍മ്മിക്കുന്ന കളി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഓഗസ്റ്റ് സിനിമാസിന്റെ ഒമ്പതാമത്തെ ചിത്രമാണിത്. ചിത്രത്തിന് പിന്തുണ അറിയിച്ച് പൃഥ്വിരാജും രംഗത്തെത്തിയിട്ടുണ്ട്.

നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ നജീം കോയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീം ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കളി. നവാഗതരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ, അപൂര്‍വ്വ രാഗം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ടൂ കണ്‍ട്രീസ് എന്ന ദിലീപ് ചിത്രത്തിന്റെ കഥാകൃത്തുമാണ് നജിം കോയ. ബിജുമേനോന്‍ നായകനാകുന്ന പുതിയ ചിത്രം ഷെര്‍ലക് ഹോംസിന് തിരക്കഥ ഒരുക്കിയിരിക്കന്നതും നജീം കോയയാണ്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി നിര്‍മിച്ചുകൊണ്ടായിരുന്നു ഓഗസ്റ്റ് സിനിമ നിര്‍മാണ രംഗത്തേക്ക് കടന്നു വന്നത്. പൃഥ്വിരാജ് ഇല്ലാത്ത ഓഗസ്റ്റ് സിനിമായില്‍ ഇപ്പോള്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവരാണുള്ളത്. ഓഗസ്റ്റ് സിനിമയുടെ തുടക്കം മൂതല്‍ ആറ് വര്‍ഷം പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ