ചുവന്ന നേർത്ത ദുപ്പട്ടയ്ക്ക് പിറകിൽ ഒരു എണ്ണഛായാചിത്രം പോലെ ജ്വലിക്കുന്ന പെൺകുട്ടി, രൂപ്. കരൺ ജോഹർ നിർമ്മിച്ച് അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ‘കലങ്ക്’ എന്ന ചിത്രത്തിലെ ആലിയ ഭട്ടിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് ആലിയയുടെ ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്.

വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പം മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘കലങ്ക്’.

മാധുരി ദീക്ഷിതും ആലിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിനു വേണ്ടി ആലിയ കഥക് പഠിക്കുന്നത് മുൻപ് വാർത്തയായിരുന്നു. മാധുരിദീക്ഷിത്തുമൊത്ത് ആലിയയ്ക്ക് സിനിമയിൽ നിരവധി കഥക് നൃത്തരംഗങ്ങളുണ്ട്. കഥകിൽ വേണ്ടത്ര പരിചയമില്ലാത്ത ആലിയ, ആ പോരായ്മ പരിഹരിക്കാൻ വേണ്ടിയാണ് നൃത്തം പഠിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സുപ്രസിദ്ധ കഥക് ആചാര്യന്‍ ബ്രിജ്മഹാരാജിന്‍റെ കീഴില്‍ കഥക് പഠിക്കുകയാണ് ആലിയ. ദേവദാസിലെ പ്രശസ്തമായ നൃത്തരംഗങ്ങൾ മാധുരി ദീക്ഷിതിനുവേണ്ടി സംവിധാനം ചെയ്തതും ബ്രിജ് മഹാരാജായിരുന്നു.

ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഒരു രാജ്ഞിയെ പോലെ ജ്വലിക്കുകയാണ് ആലിയ. വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവരുടെ കഥാപാത്രങ്ങളുടെ ലുക്ക് മുൻപ് റിലീസ് ചെയ്തിരുന്നു. ‘2 സ്റ്റേറ്റ്സ്’ ഫെയിം അഭിഷേക് വർമന്റെ പുതിയ ചിത്രമാണ് ‘കലങ്ക്’. അവിശ്വസനീയമായ ഒരു യാത്ര എന്നാണ് ‘കലങ്ക്’ തന്ന അനുഭവത്തെ ആലിയ വിശേഷിപ്പിക്കുന്നത്. അതേസമയം തന്റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരൺ ജോഹർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 15 വർഷം മുൻപ് കരണിന്റെ പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് ‘കലങ്കി’ലൂടെ സാക്ഷാത്കരിക്കുന്നതെന്നാണ് കരൺ ജോഹർ പറയുന്നത്. “കലങ്ക് എന്നെ സംബന്ധിച്ച് ഒരു വൈകാരിപരമായ യാത്രയാണ്. എന്റെ പിതാവ് 15 വർഷങ്ങൾക്കു മുൻപ് കണ്ടൊരു സ്വപ്നമായിരുന്നു ഇത്. ‘കലങ്കി’നെ ഏറ്റവും പ്രഗത്ഭനായ, കാഴ്ചപ്പാടുകളുള്ള ഒരു സംവിധായകന്റെ കൈകളിൽ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” കരൺ പറഞ്ഞു. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.

Read more: കുംഭമേളയിൽ തിളങ്ങി ആലിയയും രൺബീറും; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook