വരുൺ ധവാൻ, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സോണാക്ഷി സിൻഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് എന്നിങ്ങനെ വൻതാരനിര തന്നെ കൈകോർക്കുന്ന ‘കലങ്കി’ന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് സിനിമാലോകം. കാത്തിരിപ്പിന് ആശ്വാസമേകി ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. നിത്യഹരിത പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും ബന്ധങ്ങളിലെ സങ്കീർണതകളുടെയും കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് ട്രെയിലർ തരുന്നത്.
‘2 സ്റ്റേറ്റ്സ്’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന അഭിഷേക് വർമ്മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1940 കളുടെ പശ്ചാത്തലത്തിലാണ് ‘കലങ്കി’ന്റെ കഥ പറയുന്നത്. വരുൺ ധവാനും ആദിത്യറോയ് കപൂറുമാണ് ആലിയയുടെ നായകന്മാർ. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘കലങ്ക്’. ശ്രീദേവി ചെയ്യാനിരുന്ന റോളാണ് ശ്രീദേവിയുടെ മരണത്തെ തുടർന്ന് മാധുരിയിലെത്തി ചേർന്നത്.
ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് കരൺ ജോഹറാണ്. “അവിശ്വസനീയമായ ഒരു യാത്ര എന്നാണ് ‘കലങ്ക്’ തന്ന അനുഭവത്തെ ആലിയ വിശേഷിപ്പിക്കുന്നത്. അതേസമയം തന്റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരൺ ജോഹർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 15 വർഷം മുൻപ് കരണിന്റെ പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് ‘കലങ്കി’ലൂടെ സാക്ഷാത്കരിക്കുന്നതെന്നാണ് കരൺ ജോഹർ പറയുന്നത്. “കലങ്ക് എന്നെ സംബന്ധിച്ച് ഒരു വൈകാരിപരമായ യാത്രയാണ്. എന്റെ പിതാവ് 15 വർഷങ്ങൾക്കു മുൻപ് കണ്ടൊരു സ്വപ്നമായിരുന്നു ഇത്. ‘കലങ്കി’നെ ഏറ്റവും പ്രഗത്ഭനായ, കാഴ്ചപ്പാടുകളുള്ള ഒരു സംവിധായകന്റെ കൈകളിൽ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” കരൺ പറഞ്ഞു. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.
Read more: കലങ്കി’ ന്റെ കലക്കൻ ടീസർ എത്തി
ചിത്രത്തിലെ ഗാനവും മുൻപ് റിലീസ് ചെയ്തിരുന്നു. ആലിയ കഥക് കളിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 35 കോടിയിലധികം പേരാണ് യൂട്യൂബിൽ കണ്ടത്. ചിത്രത്തിനു വേണ്ടി ആലിയ കഥക് പഠിക്കുന്നത് മുൻപ് വാർത്തയായിരുന്നു. മാധുരിദീക്ഷിത്തുമൊത്ത് ആലിയയ്ക്ക് സിനിമയിൽ നിരവധി കഥക് നൃത്തരംഗങ്ങളുണ്ട്. കഥകിൽ വേണ്ടത്ര പരിചയമില്ലാത്ത ആലിയ, ആ പോരായ്മ പരിഹരിക്കാൻ വേണ്ടിയാണ് നൃത്തം പഠിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സുപ്രസിദ്ധ കഥക് ആചാര്യന്‍ ബ്രിജ്മഹാരാജിന്‍റെ കീഴില്‍ കഥക് പഠിക്കുകയാണ് ആലിയ. ദേവദാസിലെ പ്രശസ്തമായ നൃത്തരംഗങ്ങൾ മാധുരി ദീക്ഷിതിനുവേണ്ടി സംവിധാനം ചെയ്തതും ബ്രിജ് മഹാരാജായിരുന്നു. ഏപ്രിൽ 17 നാണ് ചിത്രം റിലീസിനെത്തുന്നത്.