/indian-express-malayalam/media/media_files/uploads/2019/04/kalank-1.jpg)
Kalank Movie Review in Malayalam
Kalank Movie Review in Malayalam: അഭിഷേക് വർമന്റെ സംവിധാനത്തിൽ, കരണ്‍ ജോഹര്‍ നയിക്കുന്ന ധർമ്മ പ്രൊഡക്ഷന്റെ നിർമാണത്തില്‍ എത്തിയ മൾട്ടി-സ്‌റ്റാറർ ഹിന്ദി ചലച്ചിത്രമാണ് 'കലങ്ക്'. മാധുരി ദീക്ഷിത് മുതല്‍ ആലിയാ ഭട്ട് വരെയും, സഞ്ജയ് ദത്ത് മുതല്‍ വരുണ്‍ ധവാന്‍ വരെയും നീളുന്ന വലിയ താര നിര, കൂറ്റന്‍ സെറ്റുകള്‍, വിസ്മയിപ്പിക്കുന്ന നൃത്ത-ഗാന രംഗങ്ങള്‍ ഇവയൊക്കെ നിറഞ്ഞ ട്രെയിലറും ടീസറും, താരനിബിഡമായ പ്രൊമോഷനും ഒക്കെച്ചേര്‍ന്ന് ഒരു 'ഒന്നൊന്നര' വരവായിരുന്നു ചിത്രത്തിന്റെത്. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ 'കലങ്കി'നു നില തെറ്റി, ചിത്രം നെഗറ്റീവ് റിവ്യൂകളാല്‍ മൂടപ്പെട്ടു. രണ്ടു ദിനങ്ങള്‍ പിന്നിടുമ്പോള്‍ ബോക്സോഫീസില്‍ ഇപ്പോള്‍ ചിത്രം പച്ച പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തീരാപ്രണയത്തിന്റെ കഥ പറയുന്ന 'കലങ്ക്'
ബോളിവുഡിന്റെ സ്ഥിരം ശൈലിയിലുള്ള തീരാപ്രണയത്തിന്റെ കഥ തന്നെയാണ് 'കലങ്കി'നും. ഇന്ത്യ സ്വാതന്ത്ര്യത്തോടടുക്കുന്ന 1940 കാലഘട്ടത്തിൽ നടക്കുന്നൊരു കഥ. കഥാപാത്രങ്ങൾ എല്ലാം തന്നെ ആ കാലത്ത് പല സഹചര്യങ്ങളിലായി ജീവിക്കുന്നവരാണ്. ഇന്ത്യാ-പാക് വിഭജനം ചിത്രത്തിന്റെ പ്രധാന ത്രെഡുകളില്‍ ഒന്നാണ്. വിഭജനം സൃഷ്ടിക്കാൻ സാധ്യതയുള്ള മാറ്റങ്ങളോടുള്ള ഭയമാണ് ചിത്രം അടിവരയിടുന്നത്.
വരുൺ ധവാൻ അവതരിപ്പിക്കുന്ന സഫർ എന്ന മുസ്ലിം കഥാപാത്രത്തിന്റെയും, ആലിയ ഭട്ട് അവതരിപ്പിക്കുന്ന രൂപ് എന്ന രാജ്‌പുത് യുവതിയുടെയും പ്രണയമാണ് കഥാഗതിയെ നയിക്കുന്നത്. പ്രണയസാഫല്യത്തില്‍ വര്‍ഗീയതയാണ് പ്രശ്നം എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. സഫര്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന വിദ്വേഷവും സിനിമയിലെ പ്രധാന 'എലെമെന്റ്' ആണ്. മറ്റ് കഥാപാത്രങ്ങളും വിഷയങ്ങളും എല്ലാം തന്നെ സഫറിനെ ചുറ്റിപ്പറ്റി മാത്രം നിൽക്കുന്നവയാണ്.
സഫര്‍ മനസ്സില്‍ സൂക്ഷിക്കുന്ന വിദ്വേഷത്തിന്റെ കാരണം എന്ത് എന്നത് വലിയ കാത്തിരിപ്പിന് ശേഷമാണ് പ്രേക്ഷകന്‍ അറിയുന്നത്. അതുള്‍പ്പടെ, പ്രധാന പ്ലോട്ട് പൊയന്റ്സിലേക്ക് എത്താന്‍ എടുക്കുന്ന സമയം ആണ് കഥയുടെ ഒരു പ്രശ്നം. ചരിത്രത്തിന് തുല്യ പ്രാധാന്യം നല്‍കി കൊണ്ട് പ്രണയകഥ മുന്നോട്ട് കൊണ്ട് പോകാമെന്ന് കരുതി, ചരിത്രത്തെ വഴിയില്‍ ഉപേക്ഷിക്കുന്നത് മറ്റൊരു പ്രശ്നം.
താരപ്രഭയില്‍ തിളങ്ങുന്ന ചിത്രം
ആലിയ-വരുൺ എന്ന മില്ലേനിയൽ നായകൻ-നായികാ ഒത്തുചേരലിനോപ്പം തന്നെ ബോളിവുഡ് പ്രണയജോഡികളായിരുന്ന മാധുരി ദീക്ഷിത്-സഞ്ജയ് ദത്ത് എന്നിവരുടെ കാലങ്ങള്‍ക്ക് ശേഷമുള്ള കൂടിചേരല്‍ കൂടെയാണ് 'കലങ്ക്' സാധ്യമാക്കിയത്. ശ്രീദേവി ചെയ്യാനിരുന്ന വേഷം അവരുടെ ആകസ്മിക മരണത്തോടെ മാധുരി ഏറ്റെടുക്കുകയായിരുന്നു. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞെന്ന പോലെ മാധുരിയുടെ നര്‍ത്തകീ വേഷം. ബോളിവുഡ് നൃത്തത്തില്‍ അവര്‍ കഴിഞ്ഞേയുള്ളൂ ആരും എന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് 'കലങ്കി'ല്‍. എന്നാല്‍ അത് സിനിമയെ സഹായിച്ചോ എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ല. വരുണ്‍ ധവാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരുടെ വേഷമാണ് മാധുരി-സഞ്ജയ് എന്നിവര്‍ക്ക്.
സോനക്ഷി സിന്‍ഹ, ആദിത്യ റോയ് കപൂര്‍, കുനാല്‍ ഖേമു എന്നിവരും കൂടി ഉള്‍പ്പെടുന്ന ഒരു 'Casting Coup' ആണ് ചിത്രമെങ്കിലും അവതരണത്തിലും അഭിനയത്തിലും ഓര്‍ത്തു വയ്ക്കാന്‍ വലുതായൊന്നും നല്‍കുന്നില്ല 'കലങ്ക്'. വരുണ്‍ ധവാന്റ്റെ ചിത്രത്തിലെ ലുക്കും ഹെറോയിസം തുളുമ്പുന്ന ഡയലോഗുകളും മറ്റു കഥാപാത്രങ്ങളെയെല്ലാം ഒരളവു വരെ നിഷ്പ്രഭമാക്കുന്നുണ്ട്, മികച്ച അഭിനേത്രിയായ ആലിയയെ ഉള്‍പ്പടെ. സോനാക്ഷിയ്ക്കും ആദിത്യയ്ക്കും ഒരല്‍പം കൂടി സ്ക്രീന്‍ ടൈം കൊടുത്തിരുന്നെകില്‍ എന്ന് പ്രേക്ഷകന്‍ ആഗ്രഹിക്കും.
കണ്ണഞ്ചിപ്പിക്കുന്ന സെറ്റുകള്‍, ബ്രഹ്മാണ്ഡ മേക്കിംഗ്
Kalank Movie Review in Malayalam: വലിയ സ്കേലിലാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കൂറ്റന്‍ സെറ്റുകള്‍, നിറം നിറഞ്ഞോഴുകുന്ന നൃത്ത-ഗാനരംഗങ്ങള്‍, ബ്രഹ്മാണ്ഡ മേക്കിംഗ് എന്നിവയൊക്കെയാണ് 'കലങ്കി'ന്റെ മുഖമുദ്രകള്‍. ബോളിവുഡ് ട്രേഡ്മാര്‍ക്ക് കോറിയോഗ്രഫി, പ്രീതം ഒരുക്കിയ മികച്ച സംഗീതം എന്നിവയും 'കലങ്കി'ന്റെ പ്ലസ് പോയിന്റ്‌സ് ആണ്. സ്റ്റൈല്‍ ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്ക്'കലങ്ക്' ഒരു വിഷ്വല്‍ ട്രീറ്റ് ആണ്.
എന്നാല്‍ അങ്ങനെ പറയുമ്പോള്‍ തന്നെ 'സ്റ്റൈല്‍ ഓവര്‍ സബ്സ്റ്റന്‍സ്' ആയിപ്പോവുകയാണ് ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് ധർമ്മ പ്രൊഡക്ഷന്റെ ഉടമസ്ഥനായ കരൺ ജോഹർ പറഞ്ഞത്, അച്ഛന്റെ (നിര്‍മ്മാതാവ് യഷ് ജോഹര്‍) ആഗ്രഹപൂര്‍ത്തീകരണമായാണ് ഇത് പോലൊരു ചിത്രം എടുക്കാന്‍ തീരുമാനിച്ചത് എന്നാണ്. അത് കൊണ്ട് തന്നെ അദ്ദേഹം വലിയ നിക്ഷേപങ്ങള്‍ നടത്തിയതില്‍ അത്ഭുതപ്പെടാനില്ല. സമകാലിക ബോളിവുഡ് പീരിയഡ് ചിത്രങ്ങള്‍ ബോക്സോഫീസില്‍ നേടിയ വിജയം, 'ബാഹുബലി' എന്ന ബ്രഹ്മാണ്ഡം ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശം നേടിക്കൊടുത്ത വലിയ ലാഭവും എന്നിവയും ധര്‍മ്മയുടെ കണക്കുകൂട്ടലുകള്‍ക്ക് ശക്തി പകര്‍ന്നു കാണണം.
എന്നാല്‍ മേല്‍പ്പറഞ്ഞ ബോളിവുഡ് പീരിയഡ് ചിത്രങ്ങളുമായി (ദേവ്ദാസ്, ബാജിറാവു മസ്താനി, ജോധാ അക്ബര്‍) സ്വര്‍ണ്ണവും റോള്‍ഡ് ഗോള്‍ഡും തമ്മിലുള്ള വ്യത്യാസമാണ് 'കലങ്കി'ന്. പലയിടങ്ങളിലും അത് പോലെയാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക.
ലക്ഷ്യബോധമില്ലാതെ തൊടുത്തുവിട്ടൊരു അമ്പ്
'കലങ്ക്' പല രീതിയിലും പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കും. വർഗീയതയ്ക്ക് എതിരായി ഒരു ചിത്രമെടുക്കാനാണ് ആഗ്രഹിച്ചതെങ്കിൽ, ത്രികോണപ്രണയത്തിന്റെയും സ്റ്റൈലിന്റെയും പൊലിപ്പില്‍ അത് മുങ്ങി പോവുകയും ചിത്രത്തിന്റെ അവസാനം തിരികെ വരികയുമാണ് ചെയ്യുന്നത്. പ്രണയവും സന്ദേശവും പൂര്‍ണ്ണതയിലേക്ക് എത്തുന്നില്ല എന്ന് മാത്രമല്ല, രണ്ടും രണ്ടുവഴിക്ക് സഞ്ചരിച്ചു അവസാനം പണിപ്പെട്ട് ഒരുമിക്കുകയാണ്. പ്രണയത്തിനെയാണോ കലാപത്തിനെയാണോ തിരഞ്ഞെടുക്കേണ്ടതെന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത് എന്നാണ് സിനിമ പറഞ്ഞു നിർത്തുന്നത്.
സഫറിന്റെയും രൂപിന്റെയും പ്രണയത്തിൽ നിന്നും പ്രേക്ഷകർക്ക് കണ്ടെത്താനോ പരിതപിക്കാനോ ഒന്നും തന്നെയില്ല. എപ്പോഴത്തെയും പോലെ, തന്നെ വേദനിപ്പിക്കുന്ന നായകന് വേണ്ടി നിലവിളിക്കുന്നൊരു നായികയെ, ഒരു പീരീഡ് ഡ്രാമയിൽ ആണെങ്കില്‍ പോലും ഈ നൂറ്റാണ്ടിൽ സ്വീകരിക്കുക എന്നത് ബുദ്ധിമുട്ടാണ്. ചിത്രത്തിനായി തിരഞ്ഞെടുത്ത കാലഘട്ടത്തെ കുറിച്ച് കുടുതല്‍ പഠിച്ചു ചരിത്രത്തിനു പ്രണയത്തോടൊപ്പം പ്രാമുഖ്യം നല്‍കി, കഥാപാത്രങ്ങള്‍ക്കെല്ലാം ആവശ്യമായ ‘ഡെപ്ത്’ നല്‍കുന്നൊരു, സ്ക്രിപ്റ്റ് ആയിരുന്നു 'കലങ്കി'നു ആവശ്യം. വളരെ വേഗത്തില്‍ തട്ടിക്കൂട്ടിയത് പോലെ തോന്നിക്കുന്ന ചിത്രം ധര്‍മ്മ പ്രൊഡക്ഷന്‍സിന് മാത്രമല്ല ആഗോളശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ബോളിവുഡിനും ഒരു കളങ്കമായി മാറാം.
ലക്ഷ്യബോധമില്ലാതെ തൊടുത്തുവിട്ടൊരു അമ്പുപോലെയാണ് കളങ്ക്, അത് ലക്ഷ്യത്തിൽ എത്തുമെന്നും തോന്നുന്നില്ല, കാരണം, ലക്‌ഷ്യം കണ്ടെത്താൻ ചിത്രം പ്രേക്ഷകരെയാണ് ചുമതലപ്പെടുത്തുന്നത്.
'കലങ്ക്' ഇന്ത്യന്‍ എക്സ്പ്രസ്സ് ഇംഗ്ലീഷ് റിവ്യൂ വായിക്കാം: Kalank review: All show and no go
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.