scorecardresearch

Kalamkaval Review: മമ്മൂട്ടിയുടെ അതിഭീകര വില്ലനിസം, പക്ഷേ മേക്കിംഗിൽ പാളി; കളങ്കാവൽ, റിവ്യൂ

Kalamkaval Movie Review Rating: ശക്തമായൊരു സ്റ്റോറി ലൈനും അതിഗംഭീരമായ അഭിനേതാക്കളുടെ പ്രകടനവും ഉണ്ടായിട്ടും, 'കളങ്കാവലി'ന് ഒരു 'മിസ്സിംഗ് ഫീൽ' അനുഭവപ്പെടുന്നുണ്ട്. ഇതിന് പ്രധാന കാരണം തിരക്കഥയിലെയും മേക്കിംഗിലെയും അയഞ്ഞ സമീപനമാണ്

Kalamkaval Movie Review Rating: ശക്തമായൊരു സ്റ്റോറി ലൈനും അതിഗംഭീരമായ അഭിനേതാക്കളുടെ പ്രകടനവും ഉണ്ടായിട്ടും, 'കളങ്കാവലി'ന് ഒരു 'മിസ്സിംഗ് ഫീൽ' അനുഭവപ്പെടുന്നുണ്ട്. ഇതിന് പ്രധാന കാരണം തിരക്കഥയിലെയും മേക്കിംഗിലെയും അയഞ്ഞ സമീപനമാണ്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalamkaval Review Mammootty

"The Venom beneath can't be suppressed forever" - S J Ethan

ഈ ടാഗ്‌ലൈൻ സൂചിപ്പിക്കുന്നത് പോലെ, ഉള്ളിലെ വിഷം എന്നെന്നേക്കുമായി അടിച്ചമർത്താൻ കഴിയാത്ത, വിചിത്രവും സങ്കീർണ്ണവുമായ മാനസികഘടനയുള്ള ഒരു സൈക്കോപാത്തിന്റെ കഥയാണ് 'കളങ്കാവൽ' പറയുന്നത്. 

Advertisment

വിനായകൻ നായകനായും മമ്മൂട്ടി പ്രതിനായകനായും എത്തുന്നു എന്ന അപൂർവ്വത കാരണം പ്രഖ്യാപനം മുതൽ വലിയ ആകാംഷയും പ്രതീക്ഷകളും ചിത്രം ഉയർത്തിയിരുന്നു. ആ പ്രതീക്ഷകളോട് നീതി പുലർത്തുന്ന തരത്തിലുള്ള അവിസ്മരണീയ പ്രകടനമാണ് മമ്മൂട്ടി  ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.

ചില യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥയൊരുക്കിയ കളങ്കാവൽ  ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി വർഷങ്ങൾക്കുമുൻപു നടക്കുന്ന സീരിയൽ കൊലപാതകങ്ങൾ ആണ് 'കളങ്കാവലി'ന്റെ പ്രധാന പശ്ചാത്തലം. 'നത്ത്' എന്നറിയപ്പെടുന്ന, ശ്രദ്ധേയമായ അന്വേഷണവൈഭവമുള്ള എസ്.ഐ. ജയകൃഷ്ണൻ ആണ് ഈ കൊലപാതക പരമ്പരയുടെ ചുരുളഴിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. 

Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

രഹസ്യസ്വഭാവത്തോടെ മുന്നോട്ട് പോകുന്ന ആ അന്വേഷണത്തിനിടയിൽ ജയകൃഷ്ണൻ ചില ഞെട്ടിക്കുന്ന സാമ്യതകൾ കണ്ടെത്തുന്നു: പ്രണയിതാവിനൊപ്പം കത്തെഴുതി വെച്ച് അപ്രത്യക്ഷരാവുന്ന സ്ത്രീകൾ. പലരും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും, കൊലചെയ്യപ്പെട്ടിരിക്കുന്നുവെന്നും തിരിച്ചറിയുന്നതോടെ അന്വേഷണം ഒരു സീരിയൽ കില്ലറിലേക്കു നീളുകയാണ്. 

ഒരു കേസിൽ നിന്ന് മറ്റൊന്നിലേക്ക് എത്തിച്ചേരാൻ ധാരാളം ലിങ്കുകൾ ലഭിക്കുമെങ്കിലും, കൃത്യമായ തെളിവുകളുടെ അഭാവം കാരണം പലപ്പോഴും അന്വേഷണം വഴിമുട്ടും. ഒരു പസിൽ ഗെയിം സോൾവ് ചെയ്ത് മുന്നേറുന്നതുപോലെ, അങ്ങേയറ്റം ശ്രമകരമായ എസ്.ഐ. ജയകൃഷ്ണൻ്റെ ഈ യാത്രയാണ് ചിത്രത്തിന്റെ നെടുംതൂൺ.

കഥാപരമായ കാര്യങ്ങളിലേക്ക് കൂടുതൽ കടക്കുന്നത് 'സ്പോയിലർ' ആയേക്കാം. അതേസമയം, ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം എടുത്തുപറയാതെ വയ്യ. പോലീസ് ഉദ്യോഗസ്ഥനായ എസ്.ഐ. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ വിനായകൻ മികച്ചതാക്കി. അന്വേഷണത്തിൻ്റെ തീവ്രതയും, അതിനിടയിലെ നിസ്സഹായതയും അദ്ദേഹം കൃത്യമായി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിച്ചു. എന്നാൽ, മുൻ ചിത്രങ്ങളിൽ 'ഹൈ-എനർജി' റോളുകളിൽ വിനായകനെ കണ്ടുശീലിച്ച പ്രേക്ഷകർക്ക്, ഈ സിനിമയിലെ സൂക്ഷ്മവും ശാന്തവുമായ  അഭിനയശൈലി എത്രത്തോളം സ്വീകാര്യമാവുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.  

Also Read: കളങ്കാവലിൽ മമ്മൂട്ടിയുടെ നായികമാരായി അവർ 22 പേർ

കളങ്കാവലി'ൽ പ്രേക്ഷകർ കണ്ടുമുട്ടുന്നത് ഇതുവരെ കാണാത്ത ഒരു മമ്മൂട്ടിയെയാണ്. അത്രമേൽ ഭീകരവും, സങ്കീർണ്ണവുമാണ് ഈ സൈക്കോപാത്ത് പ്രതിനായക കഥാപാത്രം. കഥാപാത്രത്തിൻ്റെ ദുഷ്ടലാക്കുകളെയും, അതിക്രൂരമായ വില്ലനിസത്തെയും മമ്മൂട്ടി അവതരിപ്പിക്കുന്ന രീതി അതിഗംഭീരമാണ്. കഥാപാത്രത്തിൻ്റെ ക്രൂരത വെളിപ്പെടുന്നത് അയാളുടെ ഓരോ ചലനങ്ങളിലും— സിഗരറ്റ് വലിക്കുന്നതിലും കടിച്ചു തുപ്പുന്നതിലുമെല്ലാം ആ ഭീകരതയെ ഉൾക്കൊള്ളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.  തന്റെ അഭിനയ പ്രതിഭയുടെ കയ്യൊപ്പ് അദ്ദേഹം ഈ കഥാപാത്രത്തിൽ ചാർത്തുന്നുണ്ട്. 

മമ്മൂട്ടിയെയും വിനായകനെയും കൂടാതെ ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. 22 നായികമാർ ചിത്രത്തിലുണ്ട്: മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സിദ്ധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ തുടങ്ങി നീണ്ടനിരയാണത്.

മേക്കിംഗിൽ ചോർന്നുപോയ സിനിമാറ്റിക് മാജിക്

ശക്തമായൊരു സ്റ്റോറി ലൈനും മമ്മൂട്ടിയുടെ അതിഗംഭീരമായ പ്രകടനവും ഉണ്ടായിട്ടും, 'കളങ്കാവലി'ന് ഒരു 'മിസ്സിംഗ് ഫീൽ' അനുഭവപ്പെടുന്നുണ്ട്. ഇതിന് പ്രധാന കാരണം തിരക്കഥയിലെയും മേക്കിംഗിലെയും അയഞ്ഞ സമീപനമാണ്. ഇരകളാക്കപ്പെടുന്ന പെൺകുട്ടികളുടെ വൈകാരിക സംഘർഷങ്ങളെയും, കഥാസന്ദർഭങ്ങളുടെ സ്വാഭാവികമായ മുറുക്കത്തെയും പ്രേക്ഷകരിലേക്ക് പൂർണ്ണമായി സംവേദിപ്പിക്കാൻ തിരക്കഥയ്ക്ക് കഴിയുന്നില്ല. അതിനാൽ, ഭീകരനായ പ്രതിനായകൻ്റെ ചെയ്തികളുടെ വ്യാപ്തിയും ദുഷ്ടതയുടെ ആഴവും വേണ്ടത്ര 'സിനിമാറ്റിക് മീറ്ററിൽ' പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചിത്രത്തിനു സാധിക്കുന്നില്ല.

Also Read: ആരാണ് സയനൈഡ് മോഹൻ? കളങ്കാവലുമായി എന്തു ബന്ധം?

ഒരു കൂട്ടം സംഭവവികാസങ്ങൾ വെറുതെ പറഞ്ഞുപോവുന്നതിലൂടെ ചിത്രത്തിന് പലപ്പോഴും ഒരു ഡോക്യുമെന്ററി സ്വഭാവം കൈവരുന്നുണ്ട്. അതിനപ്പുറത്തേക്ക് ഒരു 'സിനിമാറ്റിക്' അനുഭവം നൽകുന്നതിൽ സംവിധായകൻ പരാജയപ്പെട്ടുപോവുന്നു. ആഴത്തിൽ പറഞ്ഞുപോകേണ്ടിയിരുന്ന ഒരു വിഷയത്തെ ഉപരിപ്ലവമായി സ്പർശിച്ചുപോവുന്ന പോലുള്ള അനുഭവമാണ് ചിത്രം സമ്മാനിച്ചത്.

ചിത്രത്തിന്റെ സാങ്കേതിക വശങ്ങളിൽ മുജീബ് മജീദ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഫൈസൽ അലിയുടെ ഛായാഗ്രഹണവും കാലദേശങ്ങളോട് നീതി പുലർത്തുന്നുണ്ട്.

'കളങ്കാവൽ' എന്ന പേരിനോട് ചിത്രം നീതി പുലർത്തുന്നുണ്ട്. കളങ്കാവൽ എന്നത് ഭദ്രകാളിയുടെ വേഷമണിഞ്ഞയാൾ ദാരികനെ തിരഞ്ഞ് ഓടുന്ന ഒരു ഉത്സവമാണ്. അതുപോലെ, ഈ ചിത്രത്തിലും അസുരഗുണങ്ങളുള്ള ദാരികനെ തേടുന്ന ഒരു ഭദ്രകാളിയുണ്ട്. 

മമ്മൂട്ടിയുടെ മികച്ച പ്രകടനത്തിന്റെ പേരിൽ ചിത്രം പ്രേക്ഷകരുടെ കയ്യടി നേടുമെങ്കിലും, 'സിനിമ' എന്ന രീതിയിൽ കളങ്കാവൽ ശരാശരി കാഴ്ചാനുഭവം മാത്രമാണ് സമ്മാനിക്കുന്നത്.  തുടക്കത്തിന്റെ ആവേശം ചിത്രം പുരോഗമിക്കുന്നതിനനുസരിച്ച് നഷ്ടമാകുന്നുണ്ട്. ഇടയ്ക്ക് പാളിയും തിരിച്ചുപിടിച്ചുമാണ് ചിത്രത്തിന്റെ മുന്നേറ്റം. ആവർത്തന സ്വഭാവമുള്ള ആഖ്യാനവും ചിത്രത്തിന്റെ രസച്ചരട് അറുക്കുന്നുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Also Read: മഴ, പഴംപൊരി പിന്നെ ഇളയരാജ; ആഹാ അന്തസ്സ്! കൊച്ചിയിലെ വീട്ടിൽ ചിൽ ചെയ്ത് ദുൽഖർ

Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: