മലയാള സിനിമാ ലോകത്തേക്ക് ഒട്ടനവധി മികച്ച കലാകാരന്മാരെ സംഭാവന ചെയ്ത സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ. സിഎംഐ സഭ വൈദികനായ അബേൽ അച്ഛൻ ആരംഭിച്ച കലാഭവൻ മിമിക്സ് പരേഡുകളിലൂടെയും ഗാനമേളകളിലൂടെയുമാണ് പ്രശസ്തമായത്. ആദ്യ കാലത്ത് കലാഭവന്റെ സ്റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നവർ പിൽകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിയെന്നത് ചരിത്രം.
മലയാളികൾക്ക് ഏറെ സുപരിചിതരായ ഏതാനും കലാഭവൻ താരങ്ങളുടെ പഴയകാല ചിത്രമാണ് ശ്രദ്ധ നേടുന്നത്. സിദ്ദിഖ്, ലാൽ, സൈനുദ്ദീൻ, കെ എസ് പ്രസാദ്, കലാഭവൻ റഹ്മാൻ, കലാഭവൻ അൻസാർ തുടങ്ങിയവരെയാണ് പഴയകാല ചിത്രത്തിൽ കാണാനാവുക.
-
-
ലാൽ, കലാഭവൻ അൻസാർ, കലാഭവൻ റഹ്മാൻ, സിദ്ദിഖ്, വർക്കിച്ചൻ പേട്ട, കെ എസ് പ്രസാദ് എന്നിവർ (ഇടതു നിന്ന് വലത്തേക്ക്)
ജയറാം,കൊച്ചിൻ ഹനിഫാ, കെ എസ് പ്രദീപ്, കലാഭവൻ റഹ്മാൻ, സൈനുദ്ദീൻ, ഗോവിന്ദൻ കുട്ടി തുടങ്ങി മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങൾ അബേൽ അച്ഛനോടൊപ്പം ഇരിക്കുന്ന ഒരു പഴയകാലചിത്രവും അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ പിൻനിരയിലായാണ് ജയറാമിനെയും സൈനുദ്ദീനെയുമെല്ലാം കാണാനാവുക. നടുക്ക് ഇരിക്കുന്നതാണ് അബേൽ അച്ഛൻ, അരികിലായി കലാഭവൻ റഹ്മാനെയും മുൻനിരയിൽ രണ്ടാമതായി നാരായണൻകുട്ടിയേയും കാണാം.
കത്തോലിക്കാ സഭയിലെ സി.എം.ഐ സന്യാസ സഭാംഗമായിരുന്ന ഫാ. അബേച്ചനാണ് 1969 ൽ കലാഭവൻ എന്ന കലാ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. മിമിക്സ് പരേഡും ഗാനമേളയുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. കലാഭവനിൽ നിന്നും നിരവധി പ്രതിഭകളാണ് പിൽക്കാലത്ത് സിനിമയിലെത്തിയത്.
ജയറാം, സിദ്ദിഖ് (സംവിധായകൻ), ലാൽ, ദിലീപ്, കലാഭവൻ മണി, എൻ എഫ് വർഗീസ്, സൈനുദ്ദീൻ, ഹരിശ്രീ അശോകൻ, കെ.എസ്. പ്രസാദ്, നാദിർഷ, സലിം കുമാർ, അബി, കലാഭവൻ ഷാജോൺ, നാരായണൻകുട്ടി, തെസ്നി ഖാൻ, ബിന്ദു പണിക്കർ, മച്ചാൻ വർഗീസ്, കലാഭവൻ നവാസ്, കലാഭവൻ സന്തോഷ്, കലാഭവൻ പ്രജോദ്, തുടങ്ങിയവരെല്ലാം കലാഭവന്റെ സംഭാവനയാണ്.