ഒരു മിമിക്രിതാരം എന്ന മേൽവിലാസത്തിൽ വന്ന് പിന്നീട് സ്വഭാവവേഷങ്ങളിലൂടെ ശ്രദ്ധേയനായ കലാഭവൻ ഷാജോണിന്റെ സിനിമാജീവിതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയ കാലഘട്ടമാണ് ഇപ്പോൾ കടന്നു പോയത്. അതിൽ ഏറ്റവും പ്രധാനം ഷാജോൺ സംവിധാനത്തിലേക്ക് തിരിയുന്നു എന്നതാണ്. ഷാജോൺ സംവിധായകനാവുന്ന ആദ്യ ചിത്രമായ ‘ബ്രദേഴ്സ് ഡേ’യിൽ പൃഥിരാജ് ആണ് നായകനാവുന്നത്.

സംവിധാനമോഹം ഉള്ളിലെവിടെയോ ഉണ്ടായിരുന്നെങ്കിലും വളരെ യാദൃശ്ചികമായി ‘ബ്രദേഴ്സ് ഡേ’യുടെ സംവിധായക റോളിലേക്ക് എത്തിച്ചേരാൻ നിമിത്തമായത് പൃഥിരാജ് ആണെന്നാണ് ഷാജോൺ പറയുന്നത്. “സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഏറെക്കുറെ എല്ലാവരുടെയും സ്വപ്നമാണ്, സിനിമാസംവിധാനം എന്നത്. എനിക്കും ഉണ്ടായിരുന്നു അത്തരമൊരു സ്വപ്നം. പക്ഷേ ഇത്ര വേഗത്തിൽ ഞാനതിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ‘ബ്രദേഴ്സ് ഡേ’യുടെ തിരക്കഥ പൂർത്തിയായപ്പോൾ ഞാനത് പൃഥിരാജിനെ കാണിച്ചു. പൃഥിയാണ് സംവിധായകവേഷം എടുത്തണിയാൻ നിമിത്തമായത്.

ചിത്രം മറ്റാരെ കൊണ്ടെങ്കിലും സംവിധാനം ചെയ്യട്ടെ എന്നായിരുന്നു എനിക്ക്. എന്നാൽ ചേട്ടൻ സംവിധാനം ചെയ്യൂ എന്ന് പറഞ്ഞതും ആത്മവിശ്വാസം പകർന്നതും രാജുവാണ്. ഒരു കഥ നന്നായി പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്ന ഒരാൾക്ക് നന്നായി സംവിധാനം ചെയ്യാനും കഴിയും എന്നാണ് രാജു പറഞ്ഞത്. ചേട്ടനാണ് സംവിധാനം ചെയ്യുന്നതെങ്കിൽ ഞാൻ അഭിനയിക്കാം എന്നു പറഞ്ഞ് രാജു എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരുപാട് പേർ രാജുവിന്റെ ഒരു ഡേറ്റ് കിട്ടാനായി ആഗ്രഹിക്കുമ്പോഴാണ് രാജു എനിക്ക് ഇങ്ങോട്ടൊരു ഡേറ്റ് തന്നത്. ആ അവസരം മിസ്സ് ചെയ്യരുതെന്ന് തോന്നി,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറയുന്നു. 2019 ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഷാജോൺ വ്യക്തമാക്കുന്നു.

ഷാജോണിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ നേട്ടം, ശങ്കർ സംവിധായകനാവുന്ന രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രം ‘2.0’ വിൽ അഭിനയിക്കുന്നു എന്നതാണ്. രജനീകാന്ത് വളരെ ഡൗൺ റ്റു എർത്ത് ആണെന്നും തന്റെ തോളിൽ തട്ടി സംസാരിച്ചുവെന്നും ഷാജോൺ പറയുന്നു.

“രജനീകാന്തിനൊപ്പം കോമ്പിനേഷൻ സീനുകളൊന്നുമില്ലെങ്കിലും ഒരു ദിവസം സെറ്റിലെത്തിയ രജനീസാറിന് എന്നെ പരിചയപ്പെടുത്തി കൊടുത്തത് ശങ്കർസാറാണ്. ഞങ്ങൾ 10 മിനിറ്റോളം സംസാരിച്ചു. രജനീ സാറിനെ നേരിട്ട് കണ്ടപ്പോൾ മനസ്സ് മൊത്തം ബ്ലാങ്ക് ആയിപ്പോയി. എന്നോട് ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. എന്നാൽ അദ്ദേഹത്തെ നേരിട്ട് കണ്ട ആവേശത്തിൽ സ്റ്റക്ക് ആയി പോയതുകൊണ്ട് പുള്ളി എന്തൊക്കെയാണ് സംസാരിച്ചതെന്ന് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല,” ഷാജോൺ കൂട്ടിച്ചേർക്കുന്നു.

‘2.0’ ൽ അക്ഷയ് കുമാറിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ട് ഷാജോൺ. “ചെറുപ്പം മുതൽ കടുത്ത അക്ഷയ് കുമാർ ഫാനാണ് ഞാൻ. അദ്ദേഹത്തിന്റെ കൂടെ സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അദ്ദേഹം ഏറെ സിന്പിളായ വ്യക്തിയാണ്. ഞങ്ങൾക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുണ്ടെങ്കിലും ഷൂട്ടിംഗിന് ഇടയിൽ അധികം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. മേക്കപ്പ് വളരെ ഹെവിയായതുകൊണ്ട് അദ്ദേഹത്തിന് ആ മേക്കപ്പിൽ അധികം സംസാരിക്കാൻ കഴിയില്ലായിരുന്നു. ശങ്കർ സാർ എന്നെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ ‘ഹലോ’ മാത്രം പറഞ്ഞു.

Read more: ഈ ചിത്രം സൂപ്പര്‍-ഡ്യൂപ്പര്‍ ഹിറ്റാകും; ഇതെന്റെ വാക്കാണ്: രജനീകാന്ത്

ഷൂട്ടിന്റെ അവസാനദിവസം അദ്ദേഹത്തിന്റെ കൂടെ ഒരു സെൽഫി എടുക്കണമെന്ന് എനിക്ക് ആഗ്രഹം തോന്നി. പടത്തിന്റെ അസോസിയേറ്റ്സിൽ ഒരാളോട് ഞാനെന്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാൽ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് എനിക്ക് മുൻപേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകൾ ആണെങ്കിൽ അപ്പോഴും ബാക്കിയുണ്ട് താനും. ഷൂട്ടിനിടയിൽ പോയി സെൽഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് എന്റെ സെൽഫി മോഹം മറന്നു കളഞ്ഞേക്കാം​ എന്നായി ഞാൻ. ഹെവി മേക്കപ്പ് ആയതോണ്ട് അദ്ദേഹത്തിന്റെ മേക്കപ്പ് പൂർണമായും റിമൂവ് ചെയ്യാൻ ഏതാണ്ട് രണ്ടു മണിക്കൂറോളം സമയം എടുക്കുമായിരുന്നു.

ഏതാണ്ട് മൂന്നു മണിക്കൂറോളം കഴിഞ്ഞു കാണും പടത്തിന്റെ അസോസിയേറ്റ്സ് വന്നു പറഞ്ഞു, അക്ഷയ് കുമാർ കാരവാനിൽ വെയിറ്റ് ചെയ്യുന്നുണ്ട് സെൽഫി എടുക്കാനായിട്ടെന്ന്. ഞാനത് കേട്ട് ഞെട്ടി പോയി. അദ്ദേഹത്തെ പോലെ ഒരു താരം ഏതാണ്ട് ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിപ്പിച്ചു തരാനായി വെയിറ്റ് ചെയ്തെന്ന കാര്യം എനിക്ക് വിശ്വസിക്കാൻ പോലും പറ്റുമായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ കാരവാനിൽ ഇരുന്ന് സെൽഫി എടുത്തു. കുറേനേരം സംസാരിച്ചു.”

പൃഥിരാജിന്റെ ലൂസിഫറിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഷാജോൺ. പൃഥിരാജ് സംവിധാനം ചെയ്യുന്നതു കണ്ടാൽ ആദ്യത്തെ സംരംഭമാണെന്ന് തോന്നുകയേ ഇല്ലെന്നാണ് ഷാജോണിന്റെ നിരീക്ഷണം.

Read more: 5000 അഭിനേതാക്കളുമായി മാസ് സീൻ, ‘ലൂസിഫർ’ കൗതുകങ്ങൾ അവസാനിക്കുന്നില്ല

“പൃഥി അത്ഭുതപ്പെടുത്തി കളഞ്ഞു. ഞാനിത്ര നാൾ കണ്ട നടനായ രാജുവിനെയല്ല ഞാൻ ലൂസിഫറിന്റെ സെറ്റിൽ കണ്ടത്. രാജു വളരെ വ്യത്യസ്തനായൊരു വ്യക്തിയായി തോന്നി. എന്താണ് തനിക്ക് വേണ്ടതെന്ന് രാജുവിന് നല്ല ബോധ്യമുണ്ട്. ഒരിക്കലും ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന ഒരു സംവിധായകനാണ് രാജു എന്നു തോന്നിയില്ല. ഏറെ ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന രാജു പലപ്പോഴും നൂറോളം ചിത്രങ്ങൾ സംവിധാനം ചെയ്ത ഒരു സംവിധായകനെ പോലെയൊക്കെ തോന്നിപ്പിച്ചു. ഒട്ടും സമ്മർദ്ദം നൽകാതെ, അഭിനേതാക്കളെ ഒക്കെ വളരെ കംഫർട്ടബിൾ ആക്കിയാണ് രാജു അഭിനയിപ്പിക്കുന്നത്. ‘ലൂസിഫർ’ പുറത്തിറങ്ങുന്നത് കാണാനായി കാത്തിരിക്കുകയാണ് ഞാൻ,” ഷാജോൺ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook