താരസംഘടനയായ അമ്മയിൽ നിന്ന് നടൻ ദിലീപിനെ പുറത്താക്കിയ നടപടി എടുത്തു ചാടിയുള്ള തീരുമാനമാണെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും ആ തീരുമാനം പുനഃപരിശോധിക്കണമെന്നും നടനും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ കലാഭവൻ ഷാജോൺ. ദിലീപിനെ പുറത്താക്കിയത് അംഗങ്ങളുടെ കൂട്ടായ തീരുമാനപ്രകാരമായിരുന്നെന്നും കലാഭവൻ ഷാജോൺ മനോരമ ന്യൂസിനോട് പറഞ്ഞു. പൃഥ്വിരാജിന്റെ സമ്മർദ്ദത്തിൽ മമ്മൂട്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന വാദം തെറ്റാണെന്നും ഷാജോൺ പറഞ്ഞു.

അമ്മയിലെ എല്ലാ അംഗങ്ങളോടും അഭിപ്രായം ആരാഞ്ഞു. താനടക്കമുള്ളവർ ദിലീപിനെ പുറത്താക്കണമെന്ന് പിന്തുണച്ചിരുന്നു.–ഷാജോൺ പറഞ്ഞു. എന്നാൽ ഇപ്പോൾ തീരുമാനം തെറ്റിയെന്ന് സംശയമുണ്ടെന്നും പുറത്താക്കിയത് പുനരാലോചിക്കണന്നും ഷാജോൺ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

(കടപ്പാട്: മനോരമാ ന്യൂസ്)

നേരത്തെ പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടിയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന് ഗണേഷ് കുമാർ ആരോപിച്ചിരുന്നു. ഗണേഷിന്റെ പ്രസ്താവനയെ തള്ളി രമ്യാ നമ്പീശനും രംഗത്തെത്തിയിരുന്നു. ‘അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാൾ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. പൃഥ്വി, ഞാൻ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളിൽ നിന്നും തീരുമാനമെടുത്ത ശേഷമാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ അത് പുറത്തറിയിച്ചത്.’–രമ്യ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ