‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമയുടെ ക്ളൈമാക്സിൽ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയതിനെ തുടർന്ന് സിബിഐ വിനയന്റെ മൊഴിയെടുത്തു.
“ഞാനിന്ന് സിബിഐ ഓഫീസിൽ പോയി മൊഴി കൊടുത്തിട്ടു വരികയാണ്. സിനിമയുടെ ക്ലൈമാക്സിൽ കാണിക്കുന്ന മരണകാരണത്തെ കുറിച്ച് എന്താണ് പറയാനുള്ളത്, അതിനു തെളിവുണ്ടോ എന്നൊക്കെ സിബിഐ അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചു. ഞാനനെന്ന കലാകാരന്റെ ഭാവനയിലുള്ള വ്യഖ്യാനമാണതെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്.” സംവിധായകൻ വിനയൻ പറയുന്നു. സിബിഐയ്ക്ക് മൊഴി കൊടുത്തു വന്നതിനു ശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പ്രസ്‌മീറ്റിൽ സംസാരിക്കുകയായിരുന്നു വിനയൻ.
“മണിയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നാണ് സിബിഐ അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ എനിക്കു മനസ്സിലായത്. എന്റെ സിനിമയുടെ ക്ലൈമാക്സ് യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ അവർക്ക് പ്രചോദനം ആവുകയാണെങ്കിൽ ആവട്ടെ, എനിക്കതിൽ സന്തോഷമേയുള്ളൂ, ” വിനയൻ കൂട്ടിച്ചേർത്തു.
“മണിയുടെ മരണത്തിന്റെ ദുരൂഹത നീങ്ങി ആ കേസ് ഫയൽ ക്ലോസ് ചെയ്തു കാണാൻ ഏറ്റവും കൂടുതൽആഗ്രഹിക്കുന്ന വ്യക്തികളിലൊരാളാണ് ഞാൻ. മണിയുടേത് സ്വാഭാവികമോ മരണമോ, കൊലപാതകമോ ആത്മഹത്യയോ ആവട്ടെ. പക്ഷേ ആ കേസിനൊരു അവസാനം ഉണ്ടാവേണ്ടതുണ്ട്. ആ ദുരൂഹത നീങ്ങികാണാൻ മണിയെ സ്നേഹിക്കുന്ന ജനങ്ങളൊക്കെ ആഗ്രഹിക്കുന്നുണ്ട്. എനിക്കും മണിയുടെ മരണകാരണം എന്താണെന്നറിയണം. എന്താണ് ആ ഫയൽ ഇതുവരെ ക്ലോസ്സ് ചെയ്യാത്തത് എന്നാണ് എനിക്കും അന്വേഷണ ഏജൻസികളോട് ചോദിക്കാൻ ഉള്ളത്?” വിനയൻ വ്യക്തമാക്കി.
‘ചാലക്കുടിക്കാരൻ ചങ്ങാതി’ അണിയറ പ്രവർത്തകർക്കൊപ്പമാണ് വിനയൻ പ്രസ് മീറ്റിന് എത്തിയത്. നടൻ സെന്തിലും വിനയനൊപ്പം ഉണ്ടായിരുന്നു.
“‘വാസന്തിയും ലക്ഷ്മി’യും പോലെ ‘ചാലക്കുടിക്കാരൻ ചങ്ങാതി’യും ജനങ്ങൾ ഏറ്റെടുക്കും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. മണിക്ക് ആദരസൂചകമായി ഒരു സിനിമ ചെയ്യണം എന്നാഗ്രഹിച്ചിരുന്നു. എന്റെ 13 ഓളം ചിത്രങ്ങളിൽ അഭിനയിച്ച പ്രതിഭയാണ് കലാഭവൻ മണി. മണിയുടെ മരണം പറയാതെ ആ കഥ മുന്നോട്ട് കൊണ്ടു പോവാൻ ആവില്ലായിരുന്നു. കേസ് ഇപ്പോഴും അന്വേഷണത്തിലിരിക്കുന്നതു കൊണ്ടാണ് ക്ലൈമാക്സിൽ എന്റേതായ വ്യാഖ്യാനം നൽകിയത്. ആ വ്യാഖ്യാനങ്ങൾക്കുള്ള തെളിവുകൾ എന്റെ കയ്യിലില്ല. അതാണ് ബയോപിക് അല്ലെന്ന് ഞാൻ അനൗൺസ് ചെയ്തത്. ഇതെന്റെ 41-ാം സിനിമയാണ്, പക്ഷേ ഇതുവരെയുള്ള എന്റെ സിനിമകൾ വെച്ചുനോക്കുമ്പോൾ എനിക്കേറ്റവും കൂടുതൽ അഭിനന്ദനം വാങ്ങി തന്ന ചിത്രം കൂടിയാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’,” വിനയൻ പറഞ്ഞു.