കലാഭവൻ മണി സഹായമായി നൽകിയ ഓട്ടോറിക്ഷ വീട്ടുകാർ തിരിച്ചു വാങ്ങി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ. ഓട്ടോറിക്ഷകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചാണ് രാമകൃഷ്ണൻ സത്യാവസ്ഥ വ്യക്തമാക്കുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് കുടുംബാംഗങ്ങൾ.
“മണി ചേട്ടൻ വാങ്ങി കൊടുത്ത ഓട്ടോറിക്ഷ ഞങ്ങൾ വീട്ടുകാർ തിരികെ വാങ്ങി എന്ന നവമാധ്യമ വാർത്ത ഏറെ വേദയുണ്ടാക്കി. മണി ചേട്ടൻ്റെ വിയോഗശേഷം നിരവധി കുപ്രചരണങ്ങൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ചേട്ടൻ ചെയ്ത സഹായം തിരികെ ചോദിക്കാൻ ഞങ്ങൾ വീട്ടുകാർ ഹൃദയമില്ലാത്തവരല്ല. ഈ വാർത്തയുടെ സത്യാവസ്ഥ ഇതാണ്” രാമകൃഷ്ണൻ.
“ഇന്നലെ പ്രചരിച്ച വീഡിയോയിൽ മണിചേട്ടന്റെ വീട്ടുകാരെന്നാണ് പറഞ്ഞിരിക്കുന്നത് എന്നാൽ അല്ല കൂട്ടുകാരാണത്. കാസറ്റ് കച്ചവടത്തിനു കൊണ്ടു പോകാനായി പാഡിയിൽ വച്ചാണ് മണിച്ചേട്ടൻ വണ്ടി വാങ്ങി തരുന്നത്. അന്ന് എനിക്കു ലൈസൻസില്ലാത്തതു കൊണ്ട് എന്റെ പേരിൽ രജിസ്റ്റർ ചെയ്തില്ല. അതുകൊണ്ട് കൂട്ടുകാരന്മാർ അത് എന്റെയടുത്ത് നിന്ന് വാങ്ങി. എട്ടു കൊല്ലം മുൻപാണ് ഇതെല്ലാം ഉണ്ടായത്, അവരുടെ പേരൊന്നും ഓർമയില്ല” യുവാവ് വീഡിയോയിൽ പറയുന്നു.
മണി ലോകത്തോട് വിടപറഞ്ഞതിന്റെ ഏഴാം വർഷമായിരുന്നു തിങ്കളാഴ്ച. 2016 മാർച്ച് 8നാണ് കലാഭവൻ മണി അകാലത്തിൽ വേർപിരിഞ്ഞ് പോയത്.