മലയാള സിനിമ കണ്ട ഏറ്റവും മഹത്തായ കലാകാരനാണ് കലാഭവൻ മണിയെന്ന് സംവിധായകന്‍ വിനയന്‍. അഭിനയവും സംഗീതവുമെല്ലാം കൈവശമുള്ള അതുല്യ പ്രതിഭയായിരുന്നു മണി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് താന്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രം ചെയ്യുന്നതെന്നും വിനയന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.
‘മണിയുടെ ജീവിതം അതുപോലെ പകര്‍ത്തുന്ന ഒരു ബയോപ്പിക്കല്ല ചാലക്കുടിക്കാരന്‍ ചങ്ങാതി. എനിക്ക് വളരെ ബഹുമാനമുള്ള ഒരു കലാകാരനായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അടിസ്ഥാനവര്‍ഗത്തില്‍ ജനിച്ച്, പട്ടിണിയുടെയും കഷ്ടപ്പാടുകളുടെയും ഇടയില്‍ നിന്ന് വളര്‍ന്നു വന്ന് സിനിമയിലും ജനങ്ങളുടെ മനസ്സിലും സ്വന്തമായ ഒരിടം ഉണ്ടാക്കിയെടുത്ത കലാകാരന്റെ ജീവിതമാണ് പറയാന്‍ ഉദ്ദേശിക്കുന്നത്.’
ചിത്രത്തില്‍ മണിയുടെ കുടുംബ ജീവതത്തെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു.
‘മണിയുടെ ജീവിതം ഒരു പോരാട്ടമായിരുന്നു. സിനിമയില്‍ അവന്റെ നിറം പലപ്പോഴും മാറ്റിനിര്‍ത്തപ്പെടാന്‍ കാരണമായിട്ടുണ്ട്. നമ്മള്‍ കറുപ്പിനെ കുറിച്ചും ദലിതരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട്. പക്ഷെ, കാര്യത്തോടടുക്കുമ്പോള്‍ അതൊന്നും അത്ര എളുപ്പമല്ല. ആ അനുഭവങ്ങള്‍ വളരെ കടുപ്പമാണ്. അത്തരം കാര്യങ്ങളൊക്കെയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീട്ടുകാരുമായി സംസാരിച്ചിരുന്നു. മണി ഉപയോഗിച്ചിരുന്ന വണ്ടി പജേറോ ആയിരുന്നു. അത് സിനിമയ്ക്കു വേണ്ടി തരാമെന്ന് മണിയുടെ ഭാര്യ നിമ്മി സമ്മതിച്ചിട്ടുണ്ട്.’
ഈ മാസം 15നായിരിക്കും സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. 2018 മാര്‍ച്ച് അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമുഖ താരം രാജാമണിയാണ് സിനിമയിലെ നായകന്‍. രാജാമണിയെ കൂടാതെ ജോയ് മാത്യു, സലിം കുമാര്‍, ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റോണ്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഉമ്മര്‍ മുഹമ്മദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാളെ കാക്കനാട് വച്ച് നടക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ മന്ത്രി എ.കെ.ബാലന്‍, സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി എന്നിവര്‍ പങ്കെടുക്കും.