സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവൻ മണി ഓർമ്മയായിട്ട് ഒരു വർഷം. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. സിനിമാ രംഗത്തെ സകലകലാവല്ലഭനായിരുന്നു ഈ ചാലക്കുടിക്കാരൻ ചങ്ങാതി. അഭിനയിച്ചും മിമിക്രി കാട്ടിയും പാട്ട് പാടിയും മണി ആരാധക മനസിൽ തന്റേതായ സ്ഥാനം നേടിയെടുത്തു. ഓട്ടോക്കാരനായ ജീവിതം തുടങ്ങിയ മണി കൈവെയ്‌ക്കാത്ത മേഖലകൾ സിനിമാ രംഗത്ത് ചുരുക്കമായിരുന്നു.

ഏതെങ്കിലും ഒരു വേഷത്തിൽ മാത്രമൊതുങ്ങിയ നടനായിരുന്നില്ല മണി. നായകനായും വില്ലനായും സഹനടനായും ഹാസ്യനടനായും പല രൂപത്തിലും ഭാവത്തിലും മണി പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു.വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, സല്ലാപം, അനന്തഭദ്രം, ആമേൻ, സമ്മർ ഇൻ ബത്‌ലഹേം,ആയിരത്തിലൊരുവൻ തുടങ്ങിയ ചിത്രങ്ങൾ മണിയുടെ വ്യത്യസ്‌തമായ ഒരു മുഖമാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്. അനന്തഭദ്രത്തിലെ ചെമ്പനും ആമേനിലെ ലൂയിപാപ്പനും കരുമാടിക്കുട്ടനിലെ കുട്ടനും വാസന്തിയും ലക്ഷ‌്മിയും പിന്നെ ഞാനും ചിത്രത്തിലെ രാമുവും മണിയുടെ എന്നെന്നും ഓർക്കാവുന്ന കഥാപാത്രങ്ങളാണ്.

1971ജനുവരി ഒന്നിന് ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ രാമന്റെയും അമ്മിണിയുടെയും മകനായി ചാലക്കുടിയിലെ ഒരു സധാരണ കുടുംബത്തിൽ ജനിച്ച മണി സിനിമയിലെത്തുന്നത് സ്വപ്രയത്നത്തിലൂടെയായിരുന്നു. ജീവിക്കാനായി ഓട്ടോ ഓടിക്കുന്നതിനിടയിലാണ് മണി കലാഭവൻ മിമിക്‌സ് ട്രൂപ്പിലെത്തുന്നത്. അങ്ങനെ മണി മലയാളത്തിന്റെ സ്വന്തം കലാഭവൻ മണിയായി. മിമിക്രി വേദികളിലെയും നാടകങ്ങളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു മണി.പ്രായ വ്യത്യാസമില്ലാതെ ഏവരും അദ്ദേഹത്തെ മണി ചേട്ടനെന്ന് വിളിച്ചു. കൊച്ചു കുട്ടികൾ മുതൽ വയസായവരുടെ വരെ ഇഷ്‌ടം മണി നേടിയെടുത്തത് വളരെ പെട്ടെന്നായിരുന്നു.

സിബി മലയിൽ സംവിധാനം ചെയ്‌ത 1995ൽ പുറത്തിറങ്ങിയ അക്ഷരമായിരുന്നു ആദ്യ സിനിമ. ജീവിതത്തിൽ ഓട്ടോക്കാരനായ മണി ആദ്യമായി വെളളിത്തിരയിലെത്തിയപ്പോഴും അഭിനയിച്ചത് ഓട്ടോക്കാരനായിട്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. വലിയ നടനായപ്പോഴും മണി തന്റെ ഓട്ടോയെ കൂടെ കൂട്ടിയിരുന്നു. മണിയുടെ ശ്രദ്ധിക്കപ്പെട്ട വേഷം സുന്ദർദാസ് സംവിധാനം ചെയ്‌ത സല്ലാപത്തിലെ(1996) ചെത്തുകാരൻ തൊഴിലാളിയുടേതായിരുന്നു. പിന്നീടങ്ങോട്ട് നമ്മെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത നിരവധി വേഷങ്ങൾ.

വെറും തമാശ വേഷങ്ങളിൽ മാത്രമൊതുങ്ങി നിന്നില്ല മണി. ചില സിനിമകളിൽ നായകന് എതിരായ ശക്തിയുളള പ്രതിയോഗിയായി, ഇടയ്‌ക്ക് നായകന്റെ നിഴലു പോലെയുളള സന്തതസഹചാരിയായി. അങ്ങനെ അനവധി വേഷങ്ങൾ.

kalabhavan mani,actor

മണി മുഖ്യ വേഷത്തിലെത്തിയ കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്‌മിയും(1999) പിന്നെ ഞാനും ആരാണ് മറക്കുക. അന്ധനായ മണിയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി.മണിയിലെ അഭിനേതാവെന്തെന്ന് അടയാളപ്പെടുത്തിയ ചിത്രമായിരുന്നു വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും. ഈ ചിത്രത്തിലെ അഭിനയത്തിന് മണിയ്‌ക്ക് ദേശീയ പുരസ്കാരം ലഭിച്ചു പ്രത്യേക ജൂറി പുരസ്കാരമാണ് മണിയെ തേടിയെത്തിയത്.

മലയാള സിനിമയിൽ മാത്രമൊതുങ്ങുന്നതല്ലായിരുന്നു ഈ ചാലക്കുടിക്കാരനായ കലാകാരൻ. തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത കലാകാരനായിരുന്നു മണി. രജനീകാന്ത്, കമൽഹാസൻ തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം വെളളിത്തിര‌യ്‌ക്ക് മുന്നിലെത്തി. ലോകസുന്ദരി ഐശ്വര്യ റായിയോടൊപ്പം രജനീകാന്ത് ചിത്രം യന്തിരനിലും അഭിനയിച്ചു. തമിഴ് സിനിമകളിലെ ശക്തമായ വില്ലനായിരുന്നു മണി. മമ്മുട്ടി നായകനായ മറുമലർച്ചി എന്ന ചിത്രത്തിലൂടെ മണിയുടെ തമിഴ് സിനിമയ്‌ക്കും പ്രിയങ്കരനായി. ജമനിയിലെ മണിയുടെ വില്ലൻ വേഷത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

kaalabhavan mani,actor

നാടൻപാട്ടിന്റെ ശീലുകളുളളതായിരുന്നു മണിയുടെ ഗാനങ്ങൾ. വിഷയമായതാവട്ടെ സാധാരണക്കാരന്റെ ജീവിതവും. ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതായിരുന്നു മണിയുടെ പാട്ടുകൾ. കണ്ണി മാങ്ങ പ്രായത്തിൽ, ചാലക്കുടി ചന്ത, പാവാട പ്രായത്തിൽ, ഞാൻ കുടിക്കണ കഞ്ഞിലേന്തിന് തുടങ്ങി മലയാളി ഇന്നും പാടുന്ന ഒരു പിടി ഗാനങ്ങൾ മണിയുടെ സൃഷ്‌ടിയാണ്.
വിവാദങ്ങളുടെയും തോഴനായിരുന്നു മണി. അതിരപ്പളളിയിൽ പൊലീസുകാരെ മർദ്ദിച്ചുവെന്നതായിരുന്നു ഒരു വിവാദം. കയ്യിൽ വളയിട്ട് വിദേശത്തേയ്‌ക്ക് പോയത് പൊലീസിനെ അറിയിച്ചില്ലെന്നതായിരുന്നു മറ്റൊരു വിവാദം. അദ്ദേഹത്തിന്റെ മരണവും ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇന്നും മലയാളി മനസിലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് മണി. ചാലക്കുടിയിലെ മണിക്കൂടാരമായിരുന്നു മണിയുടെ വീട്. വീടിനടുത്തുളള പാടിയായിരുന്നു അദ്ദേഹം നാട്ടിലുളളപ്പോൾ ഏവരും ഒത്തു ചേർന്നിരുന്ന സ്ഥലം. പാട്ടും ബഹളവും നിറഞ്ഞ് നിൽക്കുന്നതായിരുന്നു പാടി. പാഡി റെസ്റ്റ് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.വിഷാംശം ഉള്ളില്‍ ചെന്നാണ് മണി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മണിയുടെ ആന്തരികാവയവങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇതില്‍ ബാഹ്യ ഇടപെടല്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഇതില്‍ നിന്നും തെളിവ് ലഭിച്ചിട്ടില്ല.

സംഭവത്തില്‍ പ്രഥമിക അന്വേഷണത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതലായൊന്നും കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഈ തെളിവുകള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് തെളിയിക്കാന്‍ അപര്യാപ്തവുമാണ്. അതിനാല്‍ ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച് കേസ് അവസാനിപ്പിക്കാനാണ് തീരുമാനം. കേസ് സിബിഐയോ മറ്റേതെങ്കിലും ദേശീയ ഏജന്‍സി അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് പൊലീസെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook