മലയാളിയുടെ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മണിക്കുളള സമർപ്പണമായിരിക്കും. സംവിധായകൻ വിനയനാണ് മണിയുടെ ജീവിതം അഭ്രപാളിയിലേക്ക് പകർത്തുന്നത്. സിനിമയുടെ ജോലികൾ പണിപ്പുരയിലാണെന്നും ചിത്രീകരണം ഉടൻ തുടങ്ങുമെന്നും വിനയൻ ഐഇ മലയാളത്തോട് പറഞ്ഞു. താരപരിവേഷങ്ങളില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച ചാലക്കുടിക്കാരനായ മണിയുടെ ജീവിതമാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’ പറയുന്നത്.

കലാഭവൻ മണിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളായ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നിവ സംവിധാനം ചെയ്തത് വിനയനായിരുന്നു. മണി എന്ന അഭിനേതാവിന്റെ ശക്തിയും കഴിവും പ്രേക്ഷകർ ഈ ചിത്രങ്ങളിലൂടെ തിരിച്ചറിഞ്ഞു. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായുമെല്ലാം വിനയന്റെ പതിമൂന്നോളം ചിത്രങ്ങളിൽ മണി അഭിനയിച്ചിരുന്നു.

സിനിമകളിൽ എത്തുന്നതിന് മുൻപ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്‌ക്കും നൽകുന്നത്. ആരാകും മണിയെ സിനിമയിൽ അവതരിപ്പിക്കുക എന്നത് ഉൾപ്പെടെ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ചാലക്കുടിക്കാരൻ മണിയുടെ അഭിനയവും മിമിക്രിയും നാടൻ പാട്ടുമെല്ലാം മലയാളി എന്നും സ്‌നേഹത്തോടെ നെഞ്ചേറ്റിയതുകൊണ്ടാണ് ഇന്നും മരിക്കാതെ മണിയുടെ ഓർമകൾ നിലനിൽക്കുന്നത്. മലയാളികളെ ഞെട്ടിച്ച മണിയുടെ അപ്രതീക്ഷിത മരണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇപ്പോഴും അവസാനിക്കാതെ തുടരുന്നതിനിടെയിലാണ് മണിയുടെ ജീവിതത്ത ആസ്പദമാക്കിയുളള ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ