എങ്ങിനെയാണ് നിങ്ങൾ കലാഭവൻ മണിയെ മലയാള സിനിമാഭൂപടത്തിൽ അടയാളപ്പെടുത്തുന്നത്? ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് സന്പത്തിലേക്കും പ്രശസ്തിയിലേക്കും ഉയർന്നുവന്ന ഒരാളായോ? അതോ എന്നും ചാലക്കുടിക്കാരനായ പച്ച മനുഷ്യനായോ? അതുമല്ല ജാതീയമായ ഉച്ഛനീചത്വങ്ങളിൽ മലയാള സിനിമ അംഗീകാരങ്ങളിൽ നിന്ന് മാറ്റി നിർത്തിയ കലാകാരനായോ? ഇതെല്ലാമായിരുന്ന കലാഭവൻ മണിയെ അടയാളപ്പെടുത്തുന്പോൾ അയാൾ അറിയാതെ പോയ അയാളുടെ കരുത്ത് കൂടി തിരിച്ചറിയേണ്ടതുണ്ട്. യുദ്ധ സമാനമായി താൻ നിരന്തരം ആരോടെല്ലാമാണ്, എന്തിനോടെല്ലാമാണ് ഏറ്റുമുട്ടുന്നതെന്ന് അയാൾ ജീവിതകാലത്തിലൊന്നും തിരിച്ചറിഞ്ഞതേയില്ല. തന്റെ ആത്മസത്തയില്‍ മാത്രം ജീവിക്കുകയും വളരുകയും ഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്ത കലാഭവൻ മണിയെ എത് കലാധാരയിലാണ് അടയാളപ്പെടുത്തേണ്ടതെന്ന ചോദ്യം ഇന്നും ബാക്കിയാണ്.

കറുത്തവനും വെളുത്തവനുമെന്ന ജാതി വേര്‍തിരിവുകള്‍ ഇന്നും നിലനില്‍ക്കുന്ന മലയാള സിനിമയിൽ, മണിക്ക് ലഭിക്കേണ്ട യഥാർത്ഥ മേൽവിലാസം ലഭിക്കാതെ പോവുകയാണ്. ജനസാഗരത്തെ പിടിച്ചിരുത്തുന്ന ഗായകനും, ഏത് വേഷവും അനായാസം കൈകാര്യം ചെയ്ത നടനുമായ മണിയിലെ പ്രതിഭയെ തിരിച്ചറിയാതെ അയാളുടെ ദാരിദ്ര്യത്തിലേക്കും സൗഹൃദങ്ങളിലേക്കും മാത്രമായി കാഴ്ചകളെ ചുരുക്കിയാൽ മണിയുടെ ജീവിത പോരാട്ടം എന്നേക്കുമായി അന്യമാകുമെന്ന കാര്യത്തിൽ തർക്കമില്ല.

ഏത് വേഷത്തിലാണ് മണി തിളങ്ങാതിരുന്നത്? മലയാളം വേണ്ടവിധം ഉപയോഗപ്പെടുത്താതിരുന്ന മണിയുടെ കഴിവുകൾ തമിഴ് സിനിമ വളരെ നന്നായി ഉപയോഗിച്ചു. തമിഴര്‍ക്ക് തികവുറ്റ വില്ലനായി അയാള്‍ മാറുകയായിരുന്നു. മലയാളി മാമന് വണക്കം എന്ന ചിത്രത്തില്‍ മണിയുടെ വില്ലന്‍ കഥാപാത്രത്തിന്റെ ഭാവപ്പകര്‍ച്ചകള്‍ മലയാളി ആസ്വദിച്ചത് അദ്ഭുതത്തോടെയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. മണി, എന്ന നടന്‍ ആരോരുമറിയാതെ എല്ലാവരുടെയും ഹൃദയത്തിലേക്ക് ചേക്കേറിയത് ഇത്തരം അവിസ്മരണീയ പ്രകടനങ്ങളിലൂടെയാണ്.

മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത, മികച്ച പ്രകടനമാണ് അന്ധനായി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി അവതരിപ്പിച്ചത്. അന്നതിന് ദേശീയ പുരസ്‌കാരം വരെ പ്രതീക്ഷിച്ചു. ആ കഥാപാത്രത്തെ കണ്ട് കണ്ണ് നിറയാതെ തിയേറ്റര്‍ വിട്ടവരും കുറവ്. എന്നാൽ വെറും ജൂറി പരാമര്‍ശത്തില്‍ മാത്രമായി മണിയുടെ പ്രകടനം ഒതുങ്ങി. ജൂറിയുടെ ജാതി-വർണ താത്പര്യങ്ങള്‍ക്ക് നേരെ ആസ്വാദക സമൂഹം മുഖം ചുളിച്ചു. മണിയുടെയും അയാളുടെ കൂട്ടുകാരുടെയും പരിഭവം തുറന്ന പറച്ചിലുകളായി മാറി. അവരുടേതായ കൂട്ടങ്ങളില്‍ ഇഴുകിച്ചേര്‍ന്ന് ആ വേദനകള്‍ അവർ മറയ്ക്കുകയും ചെയ്തു.

സ്വകാര്യ ചാനലുകളും മറ്റും സംഘടിപ്പിച്ച നിശസന്ധ്യകളിൽ മണി അവശ്യ ഘടകമായിരുന്നു. താരമായല്ല, മറിച്ച് ആസ്വാദകരിൽ ഒരാളായി അയാൾ ആ വേദികളിലേക്ക് കയറി. പുരുഷാരത്തിന് നടുവില്‍ നാടന്‍പാട്ടിന്റെ താളത്തിലലിഞ്ഞ് പാടുമ്പോള്‍ അയാള്‍ താരമായിരുന്നില്ല, നാടിനെയും നാട്ടാരെയും അതിന്റെ സംസ്കാരത്തെയും സ്‌നേഹിക്കുന്ന വെറും ചാലക്കുടിക്കാരനായിരുന്നു. മണിയുടെ ജീവന്റെ ഭാഗമായിരുന്നു ആ പാട്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ അത് എവിടെയും ജനഹൃദയങ്ങളിലേക്ക് ഒഴുകിയിറങ്ങി. അവിടെയാണ് അയാളിലെ ഗായകനെ തിരിച്ചറിയേണ്ടത്. മണി എന്നും അഭിമാനത്തോടെ പറഞ്ഞ, ആ വാക്കുകള്‍ തന്നെ കടമെടുക്കാം, ‘മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടി അഭിനയിച്ച നടന്‍ കലാഭവന്‍ മണി തന്നെയാണ്.’

നാടന്‍പാട്ടിന്റെ ഈണം കേരളത്തിന്റെ മനസില്‍, ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്നതാണ്. മായിക ശേഷിയുള്ള സംഗീതമാണത്. പ്രശസ്തിയുടെ അത്യുന്നതികളില്‍ നിൽക്കുന്പോഴും ചാലക്കുടിയുടെ അതിരുകളിൽ തന്നെ ഒതുങ്ങി നിന്ന മണി തന്നെയാണ് കേരളത്തെ അതിന്റെ നാടൻ ശീലുകളിലേക്ക് തിരിച്ചുനടത്തിയത്. മണിയുടെ നാടൻ പാട്ടുകൾ തനത് പാട്ടുകളല്ലെന്ന് വിമർശിക്കുന്പോഴും, തനത് ശീലുകളെ തിരിച്ചുപിടിക്കാൻ സമൂഹത്തെ പ്രാപ്തനാക്കിയത് അയാളിലെ അനിതര സാധാരണമായ അവതരണ ശൈലിയും ഗായക ശേഷിയുമാണെന്നത് അംഗീകരിച്ചേ മതിയാകൂ. ബ്ലെസ്സി സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തില്‍ മണി പാടിയ ‘കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍’ ഗാനം അയാളിലെ വേരുകളെ അടയാളപ്പെടുത്തുന്നുണ്ട്. എന്നാൽ ഇത് എത്രത്തോളം മണി സ്വയം തിരിച്ചറിഞ്ഞു എന്നതാണ് സംശയം.

തന്റെ സൗഹൃദക്കൂട്ടങ്ങളില്‍ പാടിക്കിട്ടിയവയും അല്ലാത്തവയും സിഡികളായി അദ്ദേഹം പുറത്തിറക്കിയപ്പോള്‍ നാടന്‍പാട്ട് വിപണനമെന്ന ശക്തമായ ഒഴുക്കിന് തന്നെ തുടക്കം കുറിച്ചു. ഇന്ന് നാടന്‍കലാ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി ഈ മേഖലയിലുണ്ട്. ചില സംഘങ്ങള്‍ നാടന്‍പാട്ടു വളര്‍ച്ചയില്‍ അതിന്റെ തന്മയത്വം നഷ്ടമാകാതിരിക്കാന്‍ ശക്തമായി ഇടപെടല്‍ നടത്തുന്നു. അപ്പോഴൊന്നും ചലച്ചിത്ര നടന്‍ എന്ന മേല്‍വിലാസം ഉപയോഗിച്ച് നാടന്‍ പാട്ടിലൂടെ മലയാളിയെ ഉണര്‍ത്താന്‍ അയാള്‍ നടത്തിയ ഇടപെടലുകള്‍ ഓര്‍ക്കപ്പെടുന്നേയില്ല. ഈ ഉണര്‍ത്തുപാട്ടുകള്‍ക്കിടയില്‍ താന്‍ ചെയ്യുന്നതെന്തെന്ന് തിരിച്ചറിയാതെ മണി സ്വയം ഉറങ്ങിപ്പോയതാണ് ഇതിന് കാരണം.

താന്‍ ദാരിദ്ര്യത്തില്‍ നിന്ന് വളര്‍ന്നവനെന്ന് അഭിമാനത്തോടെ പറയുമ്പോള്‍ മണിയിലെ താരം സ്വയം ഒരു വിൽപ്പനച്ചരക്കായി മാറുകയായിരുന്നു. ചാലക്കുടിക്കാരനായി നാട്ടുകാരിലേക്ക് ഇറങ്ങുന്ന മണിയിലൂടെ ദാരിദ്ര്യത്തിന്റെ വിൽപ്പനയാണ് നടന്നത്. അയാളുടെ നടനവൈഭവത്തെയും ഗായകനെന്ന നിലയിലുള്ള ശേഷികളെയും ഓര്‍ക്കാതെ വളര്‍ന്നുവന്നതും നിരന്തരം ഇടപഴകിയതുമായ ചാലക്കുടിയിലെ ജീവിതാവസ്ഥകളിലേക്കാണ് ഓരോ കാഴ്ചയും കേൾവിയും കൂട്ടിക്കൊണ്ട് പോകുന്നത്.

വികാരങ്ങളുടെ മൂല്യത്തിൽ നിന്ന് വിനോദ വ്യാപാര സാധ്യത കണ്ടെത്തിയ വിപണി തന്നെയാണ് മണിയുടെ യഥാർത്ഥ മൂല്യങ്ങളെയും മാറ്റിനിർത്തുന്നത്. കലാപരമായും സാമ്പത്തികമായും ഉന്നതിയിൽ നില്‍ക്കുമ്പോഴും മണി ദാരിദ്ര്യത്തെ പുണർന്നുകഴിഞ്ഞു. അതിൽ വിപണി വ്യാപാര സാധ്യത കാണുന്നത് അയാൾ തിരിച്ചറിഞ്ഞതുമില്ല.

അയാളുടെ വ്യക്തിപരമായ സവിശേഷ കഴിവുകള്‍ കൊണ്ടാണ് ദക്ഷിണേന്ത്യ ഏറ്റവും വേഗത്തില്‍ തിരിച്ചറിയുന്ന അഭിനേതാവായി മണി മാറിയത്. ദരിദ്രമായ ബാല്യകാലത്തും പിന്നീടും അദ്ദേഹമറിഞ്ഞ സന്തോഷവും ആനന്ദവുമാണ് പിൽക്കാലത്ത് മലയാളി ഏറ്റുപാടിയ മണിയുടെ നാടന്‍ പാട്ടുകള്‍. മണിയുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഭവാവനയും അതാണ്.

മണിയാണ് എക്കാലവും കേരളത്തിലെ തിരസ്കരിക്കപ്പെട്ടവരുടെ താരം. എന്നും അയാളുടേതായ ഇടങ്ങളിൽ അയാൾ സ്വീകരിക്കപ്പെടാതിരുന്നതും അതുകൊണ്ടാണ്. ചാലക്കുടിയുടെ ചുറ്റുവട്ടത്തെ സൗഹൃദ ആഘോഷങ്ങളിലേക്ക് ഒതുങ്ങുന്പോൾ, സാന്പത്തികമായും സാമുദായികമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന്റെ പ്രതിനിധിയായി വളരാനുള്ള സാധ്യതയെ അദ്ദേഹം അറിയാതെ പോയെന്ന് വേണം കരുതാൻ.  അദ്ദേഹത്തിന്  പിന്നാലെ സമൂഹവും അത് മറക്കുന്നത്, മണിയോടും ആ ജീവിത ഇടങ്ങളോടുമുള്ള അവഗണനയായി മാത്രമേ കരുതാവൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ