കലാഭവൻ മണിയുടെ മരണത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾക്കായി സംവിധായകൻ വിനയന്റെ മൊഴിയെടുക്കാൻ ഒരുങ്ങി സിബിഐ. മണിയുടെ ജീവിതത്തെ ആസ്‌പദമാക്കി വിനയൻ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ വിനയൻ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സിബിഐ, സംവിധായകനും മണിയുടെ സുഹൃത്തുമായിരുന്ന വിനയന്റെ മൊഴിയെടുക്കാൻ ഒരുങ്ങുന്നത്.
“മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വിളിച്ചിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സിൽ മണിയുടെ മരണം ഒരു കൊലപാതകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ക്ലൈമാക്സ് സംബന്ധിച്ച് തനിക്ക് പറയാനുള്ളത് അന്വേഷണസംഘത്തെ അറിയിക്കും,’ വാർത്ത സ്ഥിതീകരിച്ചുകൊണ്ട് വിനയൻ മനോരമ ഓൺലൈനിനോട് സംസാരിച്ചു. ഇതിനായി ബുധനാഴ്ച്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരാവുമെന്നും വിനയൻ പറയുന്നു.
രാജാമണിയെന്ന കഥാപാത്രത്തിന്റെ ബാല്യം മുതൽ മരണം വരെയുള്ള കഥപറയുന്ന ചിത്രം, കലാഭവൻ മണിയുടെ ജീവിതത്തെ ആസ്‌പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മണിയ്ക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന ജാതിപരമായ അവഗണനകളും സാമ്പത്തികമായി നേരിടേണ്ടി വന്ന ചതികളെ കുറിച്ചും അവസാനകാലത്തെ അമിത മദ്യപാനത്തെ കുറിച്ചുമൊക്കെ സിനിമ ചർച്ച ചെയ്യുന്നുണ്ട്. തിലകനും താരസംഘടനയായ അമ്മയും തമ്മിലുള്ള വഴക്കും മാക്ടയുടെ പിളർന്ന് ഫെഫ്ക രൂപീകരിച്ചതും വിനയന് നേരിടേണ്ടി വന്ന വിലക്കുമൊക്കെ ചിത്രത്തിൽ പറഞ്ഞു പോവുന്നുണ്ട്.
കലാഭവൻ മണിയുടെ കരിയറിൽ ആദ്യകാലത്ത് ബ്രേക്ക് നൽകിയ ചിത്രങ്ങളുടെ സംവിധായകനായ വിനയൻ മണിയുമായി തീവ്രസൗഹൃദം സൂക്ഷിച്ച വ്യക്തിയാണ്. മണിയും വിനയനും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും സിനിമയിൽ പറയുന്നുണ്ട്.
2016 മാര്‍ച്ച് ആറിന് ആണ് കലാഭവൻ മണി മരിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും മണിയുടേത് കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കള്‍ ആദ്യം മുതൽ പരാതിയുമായി മുന്നോട്ടു വന്നിരുന്നു. വിഷമദ്യം അകത്തു ചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോർട്ടുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മരണവുമായി ബന്ധപ്പെട്ടു പുറത്തു വന്നിരുന്നു. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാൽ സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് കേസ് എങ്ങുമെത്തിയില്ല. തുടർന്ന് ഹൈക്കോടതി കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.