തനതായ അഭിനയം കൊണ്ടും സംഭാഷണം കൊണ്ടും മലയാളിയുടെ പ്രിയങ്കരനായ കലാകാരനാണ് മണി. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ മണി നിരവധി കഥാപാത്രങ്ങളിലൂടെ നാമോരുരുത്തരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌തു. ചാലക്കുടിക്കാരനായ മണി പ്രേക്ഷകരുടെ ഇഷ്‌ടപ്പെട്ട മണി ചേട്ടനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. 1995ൽ സിബി മലയിൽ സംവിധാനം ചെയ്‌ത അക്ഷരം എന്ന ചിത്രത്തിലൂടെയായിരുന്നു മണി അഭിനയ ജീവിതം തുടങ്ങിയത്. അതിന് ശേഷം നമ്മെ വിസ്‌മയിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങൾ. മണിയെ എന്നും പ്രേക്ഷകർ ഓർക്കുന്ന ചില കഥാപാത്രങ്ങളിലൂടെ…

വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും
കലാഭവൻ മണി എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുക വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന വിനയൻ ചിത്രമാണ്. മണിയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഈ സിനിമയിലെ രാമു എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നത്. അന്ധനായ പാട്ടും പാടി നടക്കുന്ന രാമു മലയാളി മനസിൽ ഒരുപാട് നൊമ്പരമുയർത്തിയ കഥാപാത്രമാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മണിയ്‌ക്ക് പ്രത്യേക ജൂറി പരാമർശം നേടിക്കൊടുത്ത ചിത്രമായിരുന്നു. ഇതിലെ ആലിലക്കണ്ണാ എന്ന ഗാനവും അവസാനരംഗങ്ങളും സിനിമ കണ്ട ആരും മറക്കാനിടയില്ല.

കരുമാടിക്കുട്ടൻ
മണിയുടെ മറ്റൊരു ശക്തമായ കഥാപാത്രമാണ് കരുമാടിക്കുട്ടനിലേത്. ഭക്ഷണപ്രിയനായ ഭിന്നശേഷിയുളള കുട്ടൻ മണിയുടെ വ്യത്യസ്‌തമായ ഒരു കഥാപാത്രമാണ്. സ്വതസിദ്ധമായ അഭിനയത്തിലൂടെ മണി കാഴ്‌ചക്കാരുടെ കണ്ണ് നനയിച്ച ചിത്രം കൂടിയായിരുന്നു കരുമാടിക്കുട്ടൻ. കലാഭവൻ മണിയും രാജൻ പി.ദേവും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണിത്.

അനന്തഭദ്രം
സന്തോഷ് ശിവൻ സംവിധാനം ചെയ്‌ത അനന്തഭദ്രത്തിൽ ചെമ്പനായെത്തിയാണ് മണി പ്രേക്ഷകരുടെ മനംകവർന്നത്. മന്ത്രവും തന്ത്രവും അറിയാവുന്ന ദിഗംബരന്(മനോജ് കെ.ജയൻ) കരുത്തുറ്റ എതിരാളിയായിരുന്നു ചെമ്പൻ. അന്ധനായാണ് മണി ഈ ചിത്രത്തിലും എത്തിയത്.

ഛോട്ടാമുംബൈ
മോഹൻലാൽ നായകനായ ഛോട്ടാമുംബൈ ഒരു കോമഡി ചിത്രമായിരുന്നു. എന്നാൽ സി.ഐ.നടേശനെന്ന മണിയുടെ വില്ലൻ വേഷത്തിന് വൻ കൈയ്യടി ലഭിച്ചിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും മികച്ച വില്ലൻ വേഷങ്ങളിലൊന്നും ഇതായിരുന്നു. നടേശന്റെ ചിരിയിലും മുഖത്തും വിരിഞ്ഞ ക്രൂരത സിനിമ കണ്ട ആരും മറന്നു കാണാനിടയില്ല. മണിയുടെ ശക്തമായ ഒരു തിരിച്ചു വരവായിരുന്നു ഈ ചിത്രം.

ജമിനി
തമിഴ് ചിത്രമായ ഗജിനിയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് സിനിമയ്‌ക്ക് കണ്ട് ശീലമില്ലാത്ത ഒരു വില്ലനായാണ് മണി എത്തിയത്. തേജ എന്ന മൃഗങ്ങളെ അനുകരിക്കുന്ന കഥാപാത്രം മണിയുടെ മറ്റൊരു അഭിനയ തലമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്

ഇങ്ങനെ മണി വെളളിത്തിരയിൽ അനശ്വരമാക്കിയ കഥാപാത്രങ്ങൾ അനവധിയാണ്. പ്രേക്ഷകരിൽ ചിരി പടർത്തിയും ഇടയ്‌ക്ക് കണ്ണുകളെ ഈറനണിയിച്ചും മണി അത്ഭുതപ്പെടുത്തിയ കഥാപാത്രങ്ങൾ നിരവധിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ