കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മണിയുടെ സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണൻ. ‘മണി ചേട്ടന്റെ മകള്‍ ഞങ്ങളുടെ അമ്മുവിന് (ശ്രീലക്ഷ്മിക്ക്) പിറന്നാള്‍ ആശംസകള്‍ നേരുന്നു’ എന്നാണ് രാമകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

പാലായിൽ എൻട്രൻസ് പരിശീലനത്തിലാണ് ശ്രീലക്ഷ്മി. മകളെ ഡോക്ടറാക്കണമെന്നായിരുന്നു മണിയുടെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം സഫലമാക്കാനുളള ശ്രമത്തിലാണ് ശ്രീലക്ഷ്മി.

2016 മാര്‍ച്ച് 6-നായിരുന്നു കലാഭവൻ മണിയുടെ മരണം. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മണിയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ​ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് രാമകൃഷ്ണൻ കോടതിയിൽ ഹർജി നൽകി. ഈ ഹർജി പരിഗണിച്ച കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

Read Also: Remembering Kalabhavan Mani: കലാഭവൻ മണി: കലയും ജീവിതവും

എന്നാൽ മരണം കൊലപാതകമല്ലെന്നാണ് സിബിഐ റിപ്പോർട്ട്. കരൾ രോഗമാണ് മരണകാരണമെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. എറണാകുളം സിജെഎം കോടതിയിലാണ് 35 പേജുള്ള അന്വേഷണ റിപ്പോർട്ട് സിബിഐ സമർപ്പിച്ചത്. പ്രമുഖ ഡോക്ടർമാർ അടങ്ങിയ സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് റിപ്പോർട്ട് തയാറാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook