scorecardresearch
Latest News

ഓർമ്മകളിലെ കലാഭവൻ മണി

മനുഷ്യൻ തന്നിലേക്കൊതുങ്ങിയൊതുങ്ങി ഒറ്റപ്പെട്ട തുരുത്തുകളാകുന്ന ഒരു കാലത്ത് ‘കലാഭവൻ മണി’ എന്നത് ഒരു കെട്ടുകഥയായി വരും തലമുറയ്ക്ക് തോന്നിയേക്കാം

Kalabhavan Mani Chalakkudikkaran Changathi Vinayan

അസാധ്യമായ ചില ജീവിതങ്ങളുണ്ട്. മറ്റാർക്കും പകരമാവാൻ കഴിയാത്ത ജീവിതം ജീവിച്ച്, അകാലത്തില്‍ മറഞ്ഞിട്ടും തെളിമയോടെ നിൽക്കുന്ന അനന്യസാധാരണ വ്യക്തിത്വങ്ങൾ. വിസ്മൃതിയിലേക്ക് വിട്ടുകൊടുക്കാതെ കാലം അവരെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും. മറ്റുള്ളവർ പകച്ചു നിൽക്കുന്ന ചിലയിടങ്ങളിൽ, അയാളിപ്പോൾ ഉണ്ടായിരുന്നെങ്കില്ലെന്ന് നഷ്ടബോധത്തോടെ നമ്മളവരെ ഓർക്കും. അത്തരമൊരു വിങ്ങലും നഷ്ടബോധവുമാണ് മലയാളിക്ക് കലാഭവൻ മണി.

ചാലക്കുടിയിലേക്ക് പ്രളയം ഇരച്ചെത്തി ഭീതി പടര്‍ത്തിയപ്പോള്‍ അന്തരീക്ഷത്തിലും ചാലക്കുടിക്കാരടക്കമുള്ള മലയാളികൾ ഓർത്തത് അയാളെയാണ്. മണി ഉണ്ടായിരുന്നെങ്കിൽ, കഴുത്തോളം മൂടിയ ആ വെള്ളക്കെട്ടിനു മുകളിലൂടെ തങ്ങൾക്ക് നേരെ നീളുന്ന ആദ്യത്തെ സഹായഹസ്തം മണിയുടേതാകുമെന്ന് ആ ചാലക്കുടിക്കാർക്ക് അത്രയ്ക്കും ഉറപ്പുണ്ടായിരുന്നിരിക്കണം. വാക്കുകൾ കൊണ്ടോ ഉഗ്രൻ പ്രസംഗങ്ങൾകൊണ്ടോ അയാൾ ഉണ്ടാക്കിയെടുത്തതല്ല അത്. മറിച്ച് മണ്ണിലേക്കിറങ്ങി, ഒരു നാടിനെ മൊത്തം എന്നും ചേർത്തു പിടിച്ച് ഒരായുഷ്‌കാല പ്രവൃത്തികളിലൂടെ, കലാഭവൻ മണിയെന്ന പച്ചമനുഷ്യൻ ഒരു ജനതയ്ക്ക് നൽകിയ വിശ്വാസമാണത്.

സിനിമ പോലൊരു ജീവിതം

അലങ്കാരങ്ങളോ തൊങ്ങലുകളോ ഇല്ലാതെ ‘ലളിതസുന്ദര’മായി കലാഭവൻ മണി ജീവിച്ചു തീർത്ത ആ ജീവിതം അത്രയും ലളിതമായിരുന്നില്ലെന്ന് മനസ്സിലാവുക, ഒരു 360 ഡിഗ്രിയിൽ നിന്ന്​ ആ ജീവിതത്തെ വീക്ഷിക്കുമ്പോൾ മാത്രമാണ്. സിനിമയേക്കാൾ സിനിമാറ്റിക് ആയ അനുഭവ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ആ ജീവിതം.

ദാരിദ്ര്യത്തിൽ ജനിച്ചു വളർന്ന ഒരു യുവാവ്. നാടൻ പാട്ടെന്നത് രക്തത്തിൽ അലിഞ്ഞു ചേർന്നവൻ. ചുറ്റുവട്ടങ്ങൾ നിരീക്ഷിച്ച് അവൻ സ്വായത്തമാക്കിയ അനുകരണമെന്ന കല. പഠനത്തിൽ പിന്നോക്കക്കാരനായപ്പോഴും പഠനമൊഴികെയുള്ള എല്ലാ വിഷയത്തിലും മുന്നിട്ടു നിന്ന വിദ്യാർത്ഥി. പത്താം ക്ലാസ്സിൽ പഠനം നിർത്തി തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമൊക്കെ ഉപജീവനം നടത്തിയ ഒരു സാധാരണക്കാരൻ. എന്നാൽ, പട്ടിണിയ്ക്കും പരിവട്ടങ്ങൾക്കുമൊപ്പം വളരുമ്പോഴും കെടാത്ത അഗ്നിപോലെ മനസ്സിൽ കലയോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിച്ചവൻ. ആ ഇഷ്ടമാണ് മണിയെന്ന ചെറുപ്പക്കാരനെ കലാഭവന്റെ മിമിക്സ് ട്രൂപ്പിലെത്തിച്ചത്.

 

1995-ൽ സിബി മലയിൽ ‘അക്ഷര’ മെന്ന ചിത്രത്തിലേക്ക് ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്യാൻ ക്ഷണിക്കുമ്പോൾ അതാ ചെറുപ്പക്കാരന് മുന്നിലെ മിന്നാമിന്നി വെളിച്ചമാകുകയായിരുന്നു. തൊട്ടടുത്ത വർഷം ‘സല്ലാപ’ത്തിലെ ചെത്തുകാരനായി വീണ്ടും അവസരം അയാളെ തേടിയെത്തി. വഴിവക്കിൽ നിന്നു നായികയെ കമന്റടിക്കുന്ന വെറുമൊരു പൂവാലനായി എവിടെയും രേഖപ്പെടുത്താതെ പോകുമായിരുന്ന ആ കഥാപാത്രത്തിന് പക്ഷേ മണി തന്റെ ആത്മാവു തന്നെ നൽകി. നായികയെ നോക്കി ‘മുൻകോപക്കാരി മുഖം മറയ്ക്കും നിന്റെ മനസൊരു മുല്ലപ്പൂങ്കാവോ…’ എന്നു പാടി അഭിനയിച്ച ആ ചെത്തുകാരൻ പ്രേക്ഷകരുടെ മനസ്സിൽ ആദ്യമായി പതിഞ്ഞ സീനുകളിലൊന്നായിരുന്നു അത്.

സൗന്ദര്യത്തിനു പ്രത്യക്ഷത്തിലും ജാതിവ്യവസ്ഥയ്ക്ക് പരോക്ഷമായും വേരുകളുണ്ടായിരുന്ന മലയാള സിനിമാലോകത്ത് നായകന്റെ എർത്തോ വീട്ടുവേലക്കാരനോ പാൽകാരനോ ചെത്തുകാരനോ ഒക്കെയായി ഒതുങ്ങിപ്പോയേക്കാവുന്ന സാധ്യതകൾ മാത്രമായിരുന്നു ആ ചെറുപ്പക്കാരനു മുന്നിലുണ്ടായിരുന്നത്. എന്നാൽ, പ്രതിഭയും നിഷ്‌കളങ്കമായ ചിരിയും സ്വതസിദ്ധമായ നർമ്മവും നാടൻപാട്ടുകളും കൊണ്ട് തന്റെ കഥാപാത്രങ്ങൾക്ക് കലാഭവൻ മണി ജീവൻ പകർന്നപ്പോൾ മലയാളികളുടെ സ്നേഹം നേടിയെടുക്കാൻ ആ കലാകാരനു കഴിഞ്ഞു. പ്രത്യേക താളത്തിലുള്ള ആ ചിരി മണിയെ ആബാലവൃദ്ധം ജനങ്ങൾക്കും പരിചിതനാക്കി.

വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം നിരവധി ചിത്രങ്ങളിൽ തിളങ്ങി, ഒടുവിൽ നായക പദവിയിലേക്കും ഉയർന്നു. മലയാള സിനിമയിൽ പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു ആ ചാലക്കുടിക്കാരന്റെ നിയോഗമെന്ന് കാലം പിന്നീട് കാണിച്ചു തന്നു. ജീവിതം തരാതെ പോയ സൗഭാഗ്യങ്ങളെല്ലാം അയാൾ പൊരുതി നേടി.

ജീവിതം തന്നെയായിരുന്നു മണി എന്ന കലാകാരനു മുന്നിലെ പാഠപുസ്തകം. ചുറ്റുമുള്ള ലോകത്തോട് അത്രമേൽ അടുത്തു ജീവിച്ച മണിയ്ക്ക് അനായാസേന കഥാപാത്രങ്ങളിലേക്ക് കൂടു മാറാൻ കഴിഞ്ഞു. തന്നിലെ നടന് വെല്ലുവിളിയാകുന്ന എതു വേഷവും വലിപ്പച്ചെറുപ്പമില്ലാതെ അയാൾ ഏറ്റെടുത്തു. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്,കന്നട സിനിമകളിലേക്കും മണിയെന്ന പ്രതിഭ വളർന്നു. പകരക്കാരില്ലാത്ത സാന്നിധ്യമായി അയാൾ തെന്നിന്ത്യന്‍ സിനിമാലോകത്തെയും അമ്പരിപ്പിച്ചു. 30 ന് അടുത്ത് തമിഴ് ചിത്രങ്ങളിലാണ് മണി അഭിനയിച്ചത്. കമലഹാസൻ, രജനീകാന്ത്, ഐശ്വര്യാറായ്, വിക്രം എന്നിവർക്കൊപ്പമെല്ലാം ഒന്നിച്ചഭിനയിക്കാൻ മണിക്ക് സാധിച്ചു. രണ്ടര പതിറ്റാണ്ടു നീണ്ട തന്റെ അഭിനയ സപര്യയ്ക്കിടെ 260 ലേറെ സിനിമകളിലാണ് കലാഭവൻമണി അഭിനയിച്ചത്.

ജീവിതത്തിലെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും യുഗം അവസാനിച്ചിട്ടും കലാഭവൻ മണിയെന്ന ചാലക്കുടിക്കാരൻ ‘ദന്തഗോപുര’ങ്ങളിലേക്ക് താമസം മാറിയില്ല. ഷൂട്ടിംഗ് തിരക്കുകളൊഴിയുമ്പോഴെല്ലാം അയാൾ കാവിമുണ്ട് ഉടുത്ത് ഓട്ടോ ഡ്രൈവറായി ചാലക്കുടിയുടെ നിരത്തുകളിലേക്ക് ഇറങ്ങി. തീ പുകയാത്ത കുടിലുകൾക്ക് അയാൾ അന്നദാതാവായി, പഠിക്കാൻ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ പഠനം ഏറ്റെടുത്തു. പാവപ്പെട്ട രോഗികള്‍ക്ക് മരുന്നും ചികിത്സയുമെത്തിച്ചു. വായനശാല, സ്‌കൂള്‍ ബസ്, ഓണത്തിനും ക്രിസ്മസിനും 150 കുടുംബങ്ങള്‍ക്ക് 5 കിലോ സൗജന്യ അരി, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള സഹായം എന്നു തുടങ്ങി നിരവധി നന്മ നിറഞ്ഞ പ്രവൃത്തികളിലൂടെ ചാലക്കുടിയ്ക്ക് മുകളിൽ ഒരു വലിയ നന്മമരം പോലെ അയാൾ പടർന്നു പന്തലിച്ചു. ചാലക്കുടികാർക്ക് മാത്രമല്ല, സഹായമഭ്യർത്ഥിച്ച് തനിക്കു മുന്നിലെത്തുന്നവരെയെല്ലാം കേൾക്കാൻ അയാൾക്കെപ്പോഴും ചെവികളുണ്ടായിരുന്നു. ചാലക്കുടിയിലെ ‘മണികൂടാരം’ എന്ന വീട് പലരുടെയും ജീവിതത്തിലെ ശേഷിക്കുന്ന ഏക പ്രതീക്ഷയായി മാറിയത് അങ്ങനെയാണ്. ഒടുവിൽ, പാതിവഴിയിലെവിടെയോ മുറിഞ്ഞു പോയ ഒരു നാടൻ പാട്ടു പോലെ ജീവിതത്തിൽ നിന്ന് ആ മനുഷ്യൻ മടങ്ങിയപ്പോൾ ചാലക്കുടി അക്ഷരാർത്ഥത്തിലൊരു ജനസാഗരമായിമാറി.

മറന്നു പോവാൻ പാടില്ലാത്തൊരു നന്മയെന്ന പോലെ കലാഭവൻ മണി ഇപ്പോഴും ഓർമ്മിപ്പിക്കപ്പെടുന്നുണ്ട് എവിടെയൊക്കെയോ. ആ ഓർമകളെ രേഖപ്പെടുത്താനാണ് മണിയുടെ ജീവിതത്തെ കുറിച്ചൊരുക്കിയ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമയിലൂടെ വിനയനും ശ്രമിച്ചത്. ഒരർത്ഥത്തിൽ അത്തരം രേഖപ്പെടുത്തലുകൾ കാലത്തിന്റെ അനിവാര്യതയാണ്! അല്ലെങ്കിൽ, മനുഷ്യൻ തന്നിലേക്കൊതുങ്ങിയൊതുങ്ങി ഒറ്റപ്പെട്ട തുരുത്തുകളാകുന്ന ഒരു കാലത്ത് ‘കലാഭവൻ മണി’ എന്നത് ഒരു കെട്ടുകഥയായി വരും തലമുറയ്ക്ക് തോന്നിയേക്കാം! അസാധ്യമായ ജീവിതം ജീവിച്ചു കടന്നു പോകുന്നവർക്കു മുന്നിലെല്ലാം എക്കാലവും ഓർമ്മയുടെയും മറവിയുടെയും രണ്ടു വഴികളാണുള്ളത്. കാരണം, ഓർമ പോലെ തന്നെയുള്ളൊരു സാധ്യതയാണ് വിസ്മൃതിയും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kalabhavan mani chalakkudikkaran changathi vinayan