scorecardresearch
Latest News

ആളുകൾ പറഞ്ഞുപറഞ്ഞ് സിനിമ നടൻ ആയിപ്പോയതാണ്; അബിയുടെ ആദ്യ ഇന്റർവ്യൂ 

1992ൽ കൊച്ചിൻ ഓസ്‌കാറിന്റെ ഗൾഫ് പര്യടന വേളയിൽ എടുത്ത അഭിമുഖമാണ് ഇത്

ആളുകൾ പറഞ്ഞുപറഞ്ഞ് സിനിമ നടൻ ആയിപ്പോയതാണ്; അബിയുടെ ആദ്യ ഇന്റർവ്യൂ 

നവംബർ 30നായിരുന്നു നടനും മിമിക്രി കലാകാരനുമായ കലാഭവൻ അബിയുടെ മൂന്നാം ചരമവാർഷികം. ഇപ്പോഴിതാ, അബിയുടെ ആദ്യത്തെ ടെലിവിഷൻ അഭിമുഖത്തിന്റെ ഓർമയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 1992ൽ നിന്നുള്ള ഇന്റർവ്യൂ ഷെയ്ൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. കൊച്ചിൻ ഓസ്‌കാറിന്റെ ഗൾഫ് പര്യടന വേളയിൽ ഖത്തറിൽ എത്തിയപ്പോൾ നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ആണിത്.

അഭിനയം തന്റെ സ്വപ്നമായിരുന്നില്ല എന്നും എല്ലാവരും പറഞ്ഞ് പറഞ്ഞാണ് താൻ സിനിമ നടനായി മാറിയതെന്നും അബി പറഞ്ഞു. അവസരങ്ങൾ വന്നപ്പോൾ അത് പ്രയോജനപ്പെടുത്തുകയായിരുന്നു താനെന്നും അബി പറയുന്നു.

ഓർമദിനത്തിൽ വാപ്പിച്ചിയെ ഓർത്ത് മകനും നടനുമായ ഷെയ്ൻ നിഗം പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. “എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. ഒരാൾക്ക് മറ്റൊരാൾക്ക് നൽകാവുന്നതിൽ ഏറ്റവും വലിയ സമ്മാനം അദ്ദേഹം എനിക്കേകി. അദ്ദേഹം എന്നിൽ വിശ്വസിച്ചു. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വാപ്പിച്ചി ആദ്യമായി ഒരു വാക്ക് പോലും സംസാരിക്കാതെ സ്റ്റേജ് വിട്ട് ഇറങ്ങി എന്ന പ്രത്യേകത.” അബിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് ഷെയ്ൻ കുറിച്ചതിങ്ങനെ.

ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. My father gave me the greatest gift anyone could ever give another person….

Posted by Shane Nigam on Sunday, November 29, 2020

രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനാണ്.

Read Also: മഞ്ഞുരുകുന്നു; താരസംഘടനയില്‍ പ്രതീക്ഷയെന്ന് ഷെയ്ന്‍ നിഗത്തിന്റെ അമ്മ

മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ താരമാണ് അബി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിൽ തുടങ്ങി ‘തൃശിവപേരൂർ ക്ലിപ്തം’ എന്ന അവസാന സിനിമ വരെ നീണ്ടു നിൽക്കുന്ന കലാ ജീവിതത്തിൽ അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, സൈന്യം, മഴവിൽ കൂടാരം, ആനപ്പാറ അച്ചാമ്മ, പോർട്ടർ, കിരീടിമില്ലാത്ത രാജാക്കന്മാർ, രസികൻ, വാർധക്യ പുരാണം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അബിയുടെ മകൻ ഷെയ്‌ൻ നിഗം മലയാള സിനിമയിൽ ഏറെ സ്വീകാര്യതയുള്ള യുവനടനാണ്. മിമിക്രി രംഗത്തിലൂടെയാണ് അബി പ്രശസ്തനാവുന്നത്. നടൻ ദിലീപ്, നാദിർഷാ എന്നിവരൊക്കെ അബിക്കൊപ്പം മിമിക്രി വേദികളിൽ എത്തിയിട്ടുണ്ട്.

Read Also: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി

കൊച്ചിൻ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളിൽ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി പ്രധാനമായും അവതരിപ്പിച്ചത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധ നേടി. അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.

ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ എന്നിവരൊക്ക അബിക്കൊപ്പം ഒരു കാലത്ത് മിമിക്രി വേദികളിൽ തിളങ്ങി നിന്നവരാണ്. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും നാദിർഷ, ദിലീപ്, അബി കൂട്ടുകെട്ട് ഇറക്കിയിട്ടുണ്ട്. 1990 കളിൽ മിമിക്രി ലോകത്തെ സൂപ്പർതാരമായിരുന്നു അബി. മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തിൽ ഏറെ ശ്രദ്ധ നേടിയത്. രാഷ്ട്രീയ നേതാക്കളെയും അബി അനുകരിക്കുമായിരുന്നു. മികച്ചതും ഹാസ്യാത്മകവുമായ അവതരണം കൊണ്ട് സദസ്സിനെ കയ്യിലെടുക്കാൻ പ്രത്യേക കഴിവുള്ള കലാകാരനായിരുന്നു അബി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kalabhavan abhi first interview