scorecardresearch

മാസ്സായി ‘വൺ’, ക്ലാസ്സായി ‘ആണും പെണ്ണും’, ചിന്തിപ്പിച്ച് ‘ബിരിയാണി’, കയ്യടി നേടി ‘കള’

Kala, One, Aanum Pennum & Biriyani Movie Review: ഈ ആഴ്ചയിൽ തിയേറ്ററിലെത്തിയ ‘വൺ’, ‘കള’, ‘ആണും പെണ്ണും’, ‘ബിരിയാണി’ തുടങ്ങിയ ചിത്രങ്ങളുടെ റിവ്യൂ ഒറ്റനോട്ടത്തിൽ

Kala, One, Aanum Pennum, Biriyani Movie Review

Kala, One, Aanum Pennum & Biriyani Movie Review: കോവിഡ് മഹാമാരി സമ്മാനിച്ച അനിശ്ചിതത്വങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് മലയാളസിനിമാലോകം വീണ്ടും സജീവമായി തുടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. നാലു മലയാള ചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്ററിൽ എത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ‘വൺ’, ടൊവിനോ ചിത്രം ‘കള’, പാർവ്വതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോര്‍ജ്, സംയുക്താ മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ ഒന്നിക്കുന്ന ആന്തോളജി ചിത്രം ‘ആണും പെണ്ണും’, ദേശീയ അന്തര്‍ ദേശീയ തലത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ, കനി കുസൃതി കേന്ദ്രകഥാപാത്രമാവുന്ന ‘ബിരിയാണി’ എന്നിവയാണ് ഈ ആഴ്ച തിയേറ്ററുകളിലെത്തിയത്.

One Movie Review & Rating: കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി തിളങ്ങുമ്പോൾ

One Malayalam Movie Starring Mammootty Review & Rating: തന്റെ നിലനിൽപ്പ് അവതാളത്തിലാവും എന്നറിഞ്ഞിട്ടും അഴിമതിയുടെ മാറാപ്പു പിടിച്ച ഭരണസംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന കടയ്ക്കൽ ചന്ദ്രൻ എന്ന ഒരു മുഖ്യമന്ത്രിയുടെ കഥയാണ് ‘വൺ’.

ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രിയ്ക്ക് എതിരെ യോദ്ധാവ് എന്ന പേരിലുള്ള ഒരു വ്യാജ പ്രൊഫൈലിൽ നിന്നും അപകീർത്തികരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുകയാണ്. അത് ചെയ്ത ചെറുപ്പക്കാരന് അവന്റേതായ ചില കാരണങ്ങളുണ്ട്. ആ ഫേസ്ബുക്ക് പോസ്റ്റിനെ
മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം.

തൂവെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് മമ്മൂട്ടി സ്ക്രീനിലെത്തുന്ന ആദ്യസീൻ മുതൽ തന്നെ പ്രേക്ഷകരും ഈ മുഖ്യമന്ത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങും. നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ആ സ്വപ്നം ഒരിക്കലും യാഥാർത്ഥ്യമാകാൻ സാധ്യത ഇല്ലെന്നറിയാമെങ്കിലും സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അത്തരമൊരു മുഖ്യമന്ത്രിയെ ആഗ്രഹിച്ചുപോവും. അത്രയും ആകർഷണീയമായ രീതിയിലാണ് കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ തിരക്കഥാകൃത്തുകൾ സൃഷ്ടിച്ചിരിക്കുന്നത്. മമ്മൂട്ടിയെന്ന നടന്റെ വ്യക്തിപ്രഭാവം ആ കഥാപാത്രത്തെ ഒരു പടി മുകളിലേക്ക് ഉയർത്തുന്നുണ്ട്.

താരസമ്പന്നമാണ് ‘വൺ’. മിക്ക സീനിലും മിന്നിമറയുന്ന ചെറിയ കഥാപാത്രങ്ങൾ പോലും മലയാളികൾക്ക് സുപരിചിതരായ നടീനടന്മാരാണ്. മുരളി ഗോപി, ജോജു ജോർജ്, ജഗദീഷ്, അലൻസിയർ, നിഷാന്ത് സാഗർ, സലിം കുമാർ, നിമിഷ സജയൻ, മാമുക്കോയ, മുകുന്ദൻ, കൃഷ്ണകുമാർ, രശ്മി ബോബൻ, അബു സലീം, നന്ദു, വിവേക് ഗോപൻ, സുധീർ കരമന, ബാലചന്ദ്രമേനോൻ, രഞ്ജിത്ത്, സുദേവ് നായർ, ശങ്കർ രാമകൃഷ്ണൻ. മധു, സുരേഷ് കൃഷ്ണ, ഗായത്രി അരുൺ എന്നിങ്ങനെ ചെറുതും വലുതുമായ റോളുകളിൽ എത്തുന്ന നിരവധി താരങ്ങളെ വണ്ണിൽ കാണാം. മാത്യുവും പുതുമുഖ താരം ഇഷാനി കൃഷ്ണയുമാണ് ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങൾ.

ബോബി – സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇഷ്ടതാരത്തെ മാസ്സായി കാണാൻ ആഗ്രഹിക്കുന്ന മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്താത്ത രീതിയിൽ തന്നെയാണ് ബോബിയും സഞ്ജയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിദ്യ സോമസുന്ദരത്തിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്.

Read more: One Movie Review: ആരും കൊതിക്കും ഇങ്ങനെയൊരു മുഖ്യമന്ത്രിയെ; ‘വൺ’ റിവ്യൂ

Aanum Pennum Review: ആത്മാഭിമാനമുള്ള സ്ത്രീകളുടെ കഥയുമായി ‘ആണും പെണ്ണും’

Aanum Pennum Malayalam Movie Review: സാവിത്രി, രാച്ചിയമ്മ, റാണി – മൂന്ന് കാലഘട്ടങ്ങളിലെ മൂന്നു സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക പരിണാമത്തെ അടയാളപ്പെടുത്തുകയാണ് ‘ആണും പെണ്ണും’ എന്ന അന്തോളജിചിത്രം. ആഷിഖ് അബു , വേണു, ജെയ് കെ എന്നീ മൂന്ന് സംവിധായകര്‍ ആണ് ചിത്രത്തിനു പിറകിൽ.

ആഷിഖ് അബുവിന്‍റെ ‘റാണി’ രൂപപ്പെടുത്തിയത് ഉണ്ണി ആറിന്‍റെ തിരക്കഥയിൽ നിന്നാണ്. റോഷന്‍ മാത്യൂ, കവിയൂര്‍ പൊന്നമ്മ, നെടുമുടി വേണു തുടങ്ങി പഴയതും പുതിയതുമായ താര നിര ചിത്രത്തിന്‍റെ ഭാഗമാണ്. പ്രശസ്ത കഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനത്തിന്‍റെ തിരക്കഥയിലാണ് ജയ്‌ കെ യുടെ ‘സാവിത്രി’ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രജിത്ത്, ജോജു, സംയുക്താ മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നു.

വേണു തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘രാച്ചിയമ്മ’യിൽ പാര്‍വതിയും ആസിഫ് അലിയും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തില്‍ ബിജിലാല്‍- ബികെ ഹരിനാരായണന്‍-രമ്യാ നമ്പീശന്‍ ടീമിന്‍റെ സംഗീതവും എടുത്തുപറയേണ്ടതാണ്.

ഷൈജു ഖാലിദ്, വേണു, സുരേഷ് കുമാർ എന്നിവരാണ് ചിത്രത്തിന്റെ ഛയാഗ്രഹണം നിർവഹിക്കുന്നത്. സൈജു ശ്രീധരൻ, ബീന പോൾ, ഭവൻ ശ്രീകുമാർ എന്നിവരാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്.

“സാവിത്രി, രാച്ചിയമ്മ, റാണി – മൂന്ന് കാലഘട്ടങ്ങളിലെ മൂന്നു സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക പരിണാമത്തെ മാത്രം അടയാളപ്പെടുത്തുക എന്നതു കൊണ്ട് പൂർത്തിയാവുന്നതല്ല ‘ആണും പെണ്ണു’മെന്ന അന്തോളജിയുടെ ലക്ഷ്യം. ജൈവികമായ ലിംഗ വ്യത്യാസത്തെ,  സാമൂഹിക ഘടനക്കുള്ളിൽ തളക്കുകയും ചൂഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്തിരുന്ന ഒന്നിൽ നിന്നും ഈ മൂന്ന് സ്ത്രീകൾ തങ്ങളുടെ ആത്മാഭിമാനത്തെ കണ്ടെത്തുന്നു,” എന്നാണ് ചിത്രത്തെ കുറിച്ച് അഖിൽ മുരളീധരൻ എഴുതുന്നത്.

Read more: Aanum Pennum Review: ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് മൂന്ന് സ്ത്രീകൾ; ‘ആണും പെണ്ണും’ റിവ്യൂ

Kala Movie Review & Rating: പകയുടെ വേട്ടയാടൽ

Tovino Thomas Starrer ‘Kala’ Movie Review & Rating: ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് ‘കള’. ചിത്രത്തിലെ ഭീതി ജനിപ്പിക്കുന്ന വയലന്‍സ് രംഗങ്ങള്‍ കാരണം ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാജി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്. ഭാര്യയും അച്ഛനും മകനും അടങ്ങുന്ന അയാളുടെ കുടുംബത്തിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ആദ്യാവസാനം ഭീതിയുടെയും ആകാംക്ഷയുടെയും ഒരു പശ്ചാത്തലമൊരുക്കിയാണ് സംവിധായകൻ കഥ പറഞ്ഞ് പോവുന്നത്.

 

ഈ ചിത്രത്തിനു വേണ്ടി ടൊവിനോ എടുത്ത പരിശ്രമത്തെ സിനിമ കണ്ടിറങ്ങുന്ന ആർക്കും പ്രശംസിക്കാതിരിക്കാനാവില്ല. അത്യന്തം അപകടകരമായ ഫൈറ്റ് സീനുകളിലെല്ലാം തകർപ്പൻ പ്രകടനമാണ് ടൊവിനോ കാഴ്ച വയ്ക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പത്തിനൊപ്പം തന്നെ നിൽക്കുകയാണ് സുമേഷ് മൂർ എന്ന നടനും. ലാൽ, ദിവ്യ പിള്ള എന്നിങ്ങനെ വളരെ കുറച്ചു അഭിനേതാക്കൾ മാത്രമേ സിനിമയിൽ ഉള്ളൂ.

സംഘട്ടനരംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വേട്ടയാടലിന്റെ പ്രതീതി ഉളവാക്കുന്ന ഫൈറ്റ് സീനുകളെല്ലാം തന്നെ വളരെ റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ടൈപ്പ് ചിത്രമല്ല ‘കള’. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ആരാണ് നായകൻ, ആരാണ് പ്രതിനായകൻ എന്ന അമ്പരപ്പാവും ‘കള’ പ്രേക്ഷകരിൽ അവശേഷിപ്പിക്കുക. അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ഡോണ്‍ വിന്‍സന്റിന്റെ പശ്ചാത്തലസംഗീതവും ചമൻ ചാക്കോയുടെ എഡിറ്റിംഗും കയ്യടി അർഹിക്കുന്നുണ്ട്.

Read more: Kala Movie Review & Rating: ചാവേറുകളെ പോലെ ടൊവിനോയും മൂറും; ‘കള’ റിവ്യൂ

Biriyani Movie Review & Rating: ‘ബിരിയാണി’യുടെ രാഷ്ട്രീയം

Biriyani Malayalam Movie Review:  എല്ലാ അര്‍ത്ഥത്തിലും ഒരു സ്ത്രീപക്ഷ സിനിമയാണ് ‘ബിരിയാണി’. മതപരമായതും പുരുഷാധിപത്യ സ്വഭാവമുള്ളതുമായ സമൂഹത്തിലെ എല്ലാ വിലക്കുകളെയും തകർത്ത് മുന്നേറാനുള്ള ഒരു സ്ത്രീ സ്വത്വത്തിന്‍റെ തീവ്രമായ ആഗ്രഹം പ്രകടമായി ചിത്രത്തിൽ കാണാം. മുസ്ലിം വിമര്‍ശനമല്ല ചിത്രം, ‘ബിരിയാണി’ ചോദ്യം ചെയ്യുന്നത് മത പൗരോഹിത്യത്തെയും അതിലെ പുരുഷാധിപത്യ പ്രവണതയേയുമാണ്.

സജിന്‍ ബാബു തിരക്കഥഎഴുതി സംവിധാനം ചെയ്ത ‘ബിരിയാണി’ നിരവധി അന്തര്‍ദേശീയ മേളകളില്‍ ഇതിനകം നിരവധി പുരസ്കാരങ്ങള്‍ നേടിക്കഴിഞ്ഞിരിക്കുന്നുയിട്ടുണ്ട്. കനി കുസൃതിയുടെയും ഷൈലജയുടെയും അസാമാന്യ അഭിനയ പാടവമാണ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത്.

 

“സംഭാഷണങ്ങള്‍ക്കും അപ്പുറം ഭാവം കൊണ്ട് ഇന്ത്യന്‍ സ്ത്രീയുടെ വിവാഹാനന്തര ജീവിതത്തിന്റെ ദുരന്ത ചിത്രം തന്നെയാണ് ‘ബിരിയാണി’ വരച്ചിടുന്നത്. കിടപ്പറയില്‍ ആദ്യം തന്നെ നേരിടുന്ന വികൃതമായ ശാരീരിക ബന്ധം മുതല്‍ ഒടുവിലെ പെണ്ണധികാര ക്രീഡവരെ തുടര്‍ച്ചയായി സിനിമ രാഷ്ട്രീയം പറഞ്ഞു പോകുന്നു. മറയില്ലാത്ത നഗ്നതാ പ്രദര്‍ശനമാണ് ‘ബിരിയാണി’യെ സംബന്ധിച്ച് ഇനി വരാന്‍ പോകുന്ന വിമര്‍ശനമെങ്കില്‍ അതിനെ ലോകസിനിമയായി കണ്ട് ഉള്‍ക്കൊള്ളാന്‍ കേരളീയ സമൂഹം തയ്യാറാകണം. കാരണം അത്രത്തോളം അവര്‍ വളര്‍ന്നിട്ടില്ല എന്നതു കൊണ്ട്‌ തന്നെ,” എന്നാണ് ചിത്രത്തെ കുറിച്ച് അഖിൽ മുരളീധരൻ കുറിക്കുന്നത്.

Read more: Biriyani Movie Review: ‘ബിരിയാണി’ പറയാതെ പറയുന്നത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kala one aanum pennum biriyani movie review rating mammootty tovino thomas